Connect with us

Kerala

ചാലക്കുടി ബേങ്ക് കൊള്ളക്കാരന്‍ പിടിയില്‍

ചാലക്കുടി സ്വദേശി തന്നെയാണ് പിടിയിലായത്.

Published

|

Last Updated

തൃശൂര്‍ | ചാലക്കുടി ബേങ്ക് കവര്‍ച്ച പ്രതി പിടിയില്‍. അശേരിപ്പാറ സ്വദേശി റിജോ ആന്റണി (44) ആണ് പിടിയിലായത്.ചാലക്കുടി സ്വദേശി തന്നെയാണ് പിടിയിലായത്. 10 ലക്ഷം രൂപ ഇയാളില്‍ നിന്നു കണ്ടെത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതിക്ക് ഈ ബേങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. ഫെഡറൽ ബേങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം.

റോഡില്‍ സ്ഥാപിച്ച സി സി ടി വി വെട്ടിച്ചു കടക്കാന്‍ പ്രതി നടത്തിയ ശ്രമങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടി സ്വദേശി തന്നെയാണ് പ്രതിയെന്ന സൂചനയില്‍ എത്തിയത്. കടം വീട്ടാനാണ്   ബേങ്ക്   കൊള്ള നടത്തിയതെന്നു പ്രതി പോലീസിനോടു പറഞ്ഞു.

കവര്‍ച്ച നടത്തിയ പണവുമായി പ്രതി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു എന്നാണ് വിവരം. ഇവിടെ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. സ്വന്തം സ്‌കൂട്ടറില്‍ തന്നെയാണ് ഇയാള്‍ കവര്‍ച്ചക്ക് എത്തിയത്.

ബേങ്കില്‍ അക്കൗണ്ട് ഉള്ള മുഴുവന്‍ ആള്‍ക്കാരെ കുറിച്ചും പോലീസ് അന്വേഷിച്ചിരുന്നു. കടബാധ്യതയുള്ള ആളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളിലേക്ക് സൂചന എത്തിയത്. ബേങ്കിനെ പറ്റി കൃത്യമായി അറിയാത്ത ആള്‍ക്ക് ഈ കവര്‍ച്ച നടത്താന്‍ കഴിയില്ലെന്നു പോലീസ് ഉറപ്പിച്ചിരുന്നു.

കൗണ്ടറില്‍ ഉണ്ടായിരുന്ന പണം മുഴുവന്‍ എടുക്കാതെ 15 ലക്ഷം മാത്രം എടുത്തതിലൂടെ സംഭവത്തിനുപിന്നില്‍ കവര്‍ച്ചാ സംഘം അല്ലെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാതെ പഴുതടച്ചു നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ വലയിലാക്കിയത്. പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. കവര്‍ച്ച നടത്തി 36 മണിക്കൂറിനുള്ളിലാണ് പ്രതി കുടുങ്ങിയത്. കേരളാ പോലീസിന്റെ അന്വേഷണ മികവില്‍ മറ്റൊരു പൊന്‍തൂവലായി അന്വേഷണം.

ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയം നോക്കി ബേങ്കില്‍ എത്താനും കവര്‍ച്ച ആസൂത്രണം ചെയ്യാനും ഇയാള്‍ക്ക് കഴിഞ്ഞത്  ബേങ്കുമായുള്ള പരിചയം മൂലമാണ്. പ്രതി ഹിന്ദി സംസാരിച്ച് അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ആ വഴിക്ക് പോയില്ല.ഇയാളുടെ ഭാര്യ വിദേശത്താണ്. ഭാര്യ അയക്കുന്ന പണം ഇയാള്‍ ധൂര്‍ത്തടിച്ചതായും ഭാര്യ വരുമ്പോഴേക്കും പണം സമാഹരിക്കാനാണ് കവര്‍ച്ച നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

Latest