Connect with us

Kerala

ചാലക്കുടി ബാങ്ക് കവര്‍ച്ച; പ്രതി ബാങ്കിനെ കുറിച്ച് കൃത്യമായി അറിയുന്ന ആള്‍ എന്ന് അനുമാനം

ആസൂത്രിതമായ കവര്‍ച്ചയെന്നാണ് പോലീസ് കരുതുന്നത്

Published

|

Last Updated

തൃശ്ശൂര്‍ | ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവര്‍ന്ന പ്രതി ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണെന്ന അനുമാനത്തില്‍ പോലീസ്.

ആസൂത്രിതമായ കവര്‍ച്ചയെന്നാണ് പോലീസ് കരുതുന്നത്. മോഷ്ടാവ് നേരത്തെയും ബാങ്കില്‍ എത്തിയിട്ടുണ്ടാകാമെന്നും പോലീസ് പറയുന്നു. പ്രതിക്ക് ബാങ്കിനുള്ളില്‍ നിന്ന് സഹായം ലഭിച്ചോ എന്ന കാര്യമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതി ഹിന്ദി സംസാരിച്ചതുകൊണ്ട് മലയാളിയല്ല എന്ന പോലീസ് ഉറപ്പിച്ചിട്ടില്ല. ഉച്ചഭക്ഷണ വേളയില്‍ ഇടപാടുകാര്‍ ഇല്ലാത്ത സമയത്താണ് അക്രമി എത്തിയത്. മാസ്‌കും ജാക്കറ്റും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് കസേര ഉപയോഗിച്ച് കൗണ്ടറിന്റെ ഗ്ലാസ് തകര്‍ത്താണ് കൗണ്ടറില്‍ നിന്ന് പണം കവരുന്നത്.

പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവര്‍ച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പോലീസിന് സി സി ടി വിയില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിപുലമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. ഇന്നലെയാണ് ഹെല്‍മെറ്റും ജാക്കറ്റ് ധരിച്ച് മോഷ്ടാവ് ബൈക്കില്‍ എത്തിയത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകള്‍ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്.