National
ഝാര്‍ഖണ്ഡില്‍ ഭൂരിപക്ഷം തെളിയിച്ച് ചംപൈ സോറന്‍
47 എം എല്‍ എ മാര്‍ പിന്തുണച്ചു
റാഞ്ചി | ഝാര്‍ഖണ്ഡിലെ വിശ്വാസ വോട്ടെടുപ്പ് അവസാനിച്ചു. ഭൂരിപക്ഷം തെളിയിച്ച് ചംപൈ സോറന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു. ജെ എം എം – കോണ്‍ഗ്രസ് സഖ്യത്തിലെ 47 എം എല്‍ എ മാരുടെ പിന്തുണയോടെയാണ് ചംപൈ സോറന്‍ വിജയിച്ചത്. 29 എം എല്‍ എ മാര്‍ ചംപൈ സോറനെ എതിര്‍ത്ത് വോട്ട് ചെയ്തു.
81 അംഗ നിയമസഭയില്‍ 41 എം എല്‍ മാരുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ചംപൈ സോറന്റെ വിജയം പ്രഖ്യാപിച്ചു. ആര്‍പ്പുവിളികളോടെ ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഭരണകക്ഷി എം എല്‍ എ മാര്‍ ഈ വിജയത്തെ സ്വാഗതം ചെയ്തു.
വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ജെ എം എം ന് 47 എം എല്‍ എ മാരുടെ പിന്തുണയുണ്ടെന്നും 50 വരെ ഉയര്‍ന്നേക്കുമെന്നും ചംപൈ സോറന് പറഞ്ഞിരുന്നു.
വിശ്വാസ വോട്ടെടുപ്പിനായി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൽ ചംപൈ സോറൻ ബി ജെ പി യെ കടന്നാക്രമിച്ചു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനും നിയമസഭയിലെത്തി.
ജനുവരി 31 നാണ് ഹേമന്ദ് സോറന്‍ ഭൂമികുംഭകോണ കേസില്‍ ഇ ഡി യുടെ കസ്റ്റഡിയിലാകുന്നത്. വൈകാതെ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പി എം എല്‍ എ കോടതിയാണ് അദ്ദേഹത്തിന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.