Connect with us

National

ചമ്പൈ സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ആദിവാസി-പിന്നാക്ക വിഭാഗങ്ങളില്‍ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം.

Published

|

Last Updated

റാഞ്ചി| ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാവ് ചമ്പൈ സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിന് പിന്നാലെ രാജിവച്ച സാഹചര്യത്തിലാണ് ചമ്പൈ സോറന്‍ മുഖ്യമന്ത്രിയായത്.  പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഹേമന്ത് സോറന്‍ മന്ത്രിസഭയില്‍ ഗതാഗത, എസ്സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. ചമ്പൈ സോറന്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ ആലംഗിര്‍ ആലം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആര്‍ജെഡി എംഎല്‍എ സത്യനാന്ദ് ഭോക്തയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജെഎംഎം സഖ്യത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ സംസ്ഥാനത്ത് പകരം സംവിധാനമാകാത്തതോടെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ചമ്പൈ ഗവര്‍ണറെ കണ്ടിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചമ്പൈ സോറനെ ഗവര്‍ണര്‍ ക്ഷണിച്ചത്. സരായ്‌കേല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് 67കാരനായ ചമ്പൈ സോറന്‍. ആദിവാസി-പിന്നാക്ക വിഭാഗങ്ങളില്‍ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ബിജെപി സ്വാധീനമുള്ള കൊല്‍ഹാന്‍ മേഖലയില്‍ നിന്നുള്ള നേതാവാണ് ചമ്പൈ സോറന്‍. ഈ പ്രദേശത്ത് ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കൂടിയാണ് ചമ്പൈയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്.

സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ പത്തുദിവസത്തെ സമയം അനുവദിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍ പറഞ്ഞു. ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു. സഖ്യം വളരെ ശക്തമാണ്, ആര്‍ക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ചമ്പൈ സോറന്‍ പറഞ്ഞു. അട്ടിമറി നീക്കം സംശയിച്ച് ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഡി എംഎല്‍എമാര്‍ ഹൈദരാബാദിലേക്ക് മാറ്റാന്‍ ഇന്നലെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 39 എംഎല്‍എമാരെ ഇന്ന് ഹൈദരബാദിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, എന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് (ഇ ഡി)അറസ്റ്റ് ചെയ്ത് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ പി എം എല്‍ എ കോടതിയില്‍ ഹാജരാക്കിയ സോറനെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ നല്‍കണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അറസ്റ്റ് ചോദ്യം ചെയ്ത് സോറന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഹരജി ഇന്ന് പരിഗണിക്കുമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച് ഇ ഡിയുടെ കസ്റ്റഡി ആവശ്യം മാറ്റിവെക്കുന്നതായി കോടതി വ്യക്തമാക്കി. കേസ് പി എം എല്‍ എ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

 

 

 

 

Latest