National
ഝാർഖണ്ഡിൽ ചമ്പായി സോറൻ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും
ചമ്പായി സോറൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
റാഞ്ചി | ഝാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ തിങ്കളാഴ്ച നിയമസഭയിൽ വിശ്വാസ വോട്ട് തേടും. വിശ്വാസവോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കുമെന്ന് മന്ത്രി ആലങ്കീർ ആലം അറിയിച്ചു. ഇന്ന് രാവിലെയാണ് ചമ്പായി സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനായി രണ്ട് ദിവസം നിയമസഭ സമ്മേളിക്കും. ചമ്പായി സോറൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറൻ ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ചമ്പായി സോറനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ഹേമന്ദ് സോറൻ രാജിവെക്കുകയും ഉടനെ ചേർന്ന നിയമസഭാ കക്ഷി നേതാവായി ചമ്പായി സോറനെ തിരഞ്ഞെടുക്കുകയുമായിരുന്നു.