Connect with us

UCL

ചാമ്പ്യന്‍സ് ലീഗ്: പി എസ് ജിക്ക് സമനിലക്കുരുക്ക്; റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി വിജയത്തേരില്‍

ബാഴ്‌സലോണ വിട്ട് പി എസ് ജിയിലെത്തിയ മെസ്സിയുടെ ആദ്യ ചാംപ്യന്‍സ് ലീഗ് മത്സരം കൂടിയായിരുന്നു ഇത്.

Published

|

Last Updated

പാരീസ് | കരുത്തര്‍ അണിനിരന്ന യുവേഫ ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ പി എസ് ജിക്ക് സമനിലക്കുരുക്ക്. അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തകര്‍പ്പന്‍ ജയം നേടി. റയല്‍ മാഡ്രിഡും ബൊറൂഷിയ ഡോര്‍ട്ട്മുണ്ടും വിജയപ്പട്ടികയില്‍ ഇടംനേടി.

ബെല്‍ജിയത്തിന്റെ ക്ലബ് ബ്രഗ്ഗെയോടാണ് പി എസ് ജി സമനില വഴങ്ങിയത്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും എംബാപ്പെയും ആദ്യ ഇലവനില്‍ ഇടം പിടിച്ചെങ്കിലും 1-1 എന്ന സ്‌കോറിന് സമനിലയാകുകയായിരുന്നു. 15ാം മിനുട്ടില്‍ ആന്ദെര്‍ ഹെരേരയിലൂടെ പി എസ് ജി ആദ്യ ഗോള്‍ നേടിയെങ്കിലും 27ാം മിനുട്ടില്‍ ഹാന്‍സ് വനകേനിലൂടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബ്രഗ്ഗെ ഗോള്‍ മടക്കി. ബാഴ്‌സലോണ വിട്ട് പി എസ് ജിയിലെത്തിയ മെസ്സിയുടെ ആദ്യ ചാംപ്യന്‍സ് ലീഗ് മത്സരം കൂടിയായിരുന്നു ഇത്.

മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ആര്‍ ബി ലീപ്‌സിഗിനെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. ആകെ, മുകീലി, മെഹ്‌റെസ്, ഗ്രീലിഷ്, കാന്‍സെലോ, ജീസസ് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ ഇറ്റാലിയന്‍ ക്ലബായ എ സി മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മുഹമ്മദ് സല, ഹെന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഒന്ന് സെല്‍ഫ് ഗോളായിരുന്നു. മിലാന് വേണ്ടി റെബിച്ചും ഡയസും ഗോള്‍ നേടി.

ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്റര്‍നാഷനലിനെ റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്. 89ാം മിനുട്ടില്‍ റോഡ്രിഗോയാണ് റയലിന്റെ ഗോള്‍ നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളിന് ബെസിക്റ്റാസിനെ ബൊറൂഷിയ ഡോര്‍ട്ട്മുണ്ട് പരാജയപ്പെടുത്തി. അതേസമയം, അത്‌ലറ്റികോ മാഡ്രിഡ്- എഫ് സി പോര്‍ട്ടോ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഏകപക്ഷീയമായ രണ്ട് ഗോളിന് ഷഖ്താര്‍ ഡൊണെത്സ്‌കിനെ ഷെറിഫ് ടിറസ്‌പോളും ഒന്നിനെതിരെ അഞ്ച് ഗോളിന് സ്‌പോര്‍ട്ടിംഗ് സി പിയെ അജാക്‌സ് ആംസ്റ്റര്‍ഡാമും പരാജയപ്പെടുത്തി.

 

Latest