National
ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍; 252 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ
ശുഭ്മാന്‍ ഗില്‍ (31), വിരാട് കോലി (1), രോഹിത് ശര്‍മ (76) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി

ദുബൈ | ഐസിസി ചാന്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 252 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 251 റണ്‍സ് എടുത്തത്.തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് വേഗത്തില്‍ ശുഭ്മാന്‍ ഗില്‍ (31), വിരാട് കോലി (1), രോഹിത് ശര്‍മ (76) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ശ്രേയസ് അയ്യര്‍ (21), അക്സര്‍ പട്ടേല്‍ (7) എന്നിവരാണ് ക്രീസിലുള്ളത്.
ഡാരല്‍ മിച്ചലിന്റെയും മൈക്കില്‍ ബ്രെയ്‌സ്വെല്ലിന്റെയും രച്ചിന്‍ രവീന്ദ്രയുടേയും ഗ്ലെന്‍ ഫിലിപ്പ്‌സിന്റെയും മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ കിവീസ് എടുത്തത്. 63 റണ്‍സെടുത്ത മിച്ചലാണ് ടോപ്‌സ്‌കോറര്‍. 101 പന്തില്‍ മൂന്ന് ബൗണ്ടറി അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗസ്.
ബ്രെയ്‌സ്വെല്‍ 53 റണ്‍സ് എടുത്തു. രച്ചിന്‍ രവീന്ദ്ര 37 റണ്‍സും ഗ്ലെന്‍ ഫിലിപ്പ്‌സ് 34 റണ്‍സുമാണ് എടുത്തത്.
മിച്ചലും ഫിലിപ്പ്‌സും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് സഖ്യമാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം എടുത്തു. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ റണൗട്ടായി.
അതേ സമയം ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു. 19-ാം ഓവറിലാണ് കൂട്ടുകെട്ട് തകരുന്നത്.