Ongoing News
ചാമ്പ്യന്‍സ് ട്രോഫി: പുരസ്‌കാരദാന ചടങ്ങില്‍ പി സി ബി പ്രതിനിധികളില്ല; വിവാദം പുകയുന്നു
പി സി ബി ഒഫീഷ്യലുകള്‍ അവഗണിക്കപ്പെട്ടത് ചോദ്യം ചെയ്ത് ഷോയബ് അക്തര്‍ ഉള്‍പ്പെടെയുള്ള നിരവധി പാക് മുന്‍ താരങ്ങള്‍ രംഗത്തെത്തി.

ദുബൈ | ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലിനു ശേഷമുള്ള പുരസ്‌കാരദാന ചടങ്ങില്‍ പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (പി സി ബി) പ്രതിനിധികള്‍ ഇല്ലാതിരുന്നതിനെ ചൊല്ലി മുറുമുറുപ്പും വിവാദവും പുകയുന്നു. പാക്കിസ്ഥാന്റെ ആതിഥേയത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെട്ടതെങ്കിലും പി സി ബിയുടെ പ്രതിനിധികളാരും വേദിയിലുണ്ടായിരുന്നില്ല.
ബി സി സി ഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് ടൂര്‍ണമെന്റില്‍ വിജയികളായ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള വൈറ്റ് ജാക്കറ്റുകളും മാച്ച് ഒഫീഷ്യല്‍സിനുള്ള മെഡലുകളും വിതരണം ചെയ്തത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ചെയര്‍മാന്‍ ജയ് ഷാ ആണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് ട്രോഫി കൈമാറിയതും ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള മെഡലുകളുടെ വിതരണം നിര്‍വഹിച്ചതും.
പി സി ബി ഒഫീഷ്യലുകളുടെ അഭാവം ചോദ്യം ചെയ്ത് ഷോയബ് അക്തര്‍ ഉള്‍പ്പെടെയുള്ള നിരവധി പാക് മുന്‍ താരങ്ങള്‍ രംഗത്തെത്തി. ജയ് ഷായുടെയും ഐ സി സി ബോര്‍ഡ് ഡയരക്ടര്‍മാരായ ദേവജിത് സൈകിയ, റോജര്‍ ട്വോസ്, റോജര്‍ ബിന്നി എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. എന്തുകൊണ്ടാണ് പി സി ബി പ്രതിനിധികള്‍ അവഗണിക്കപ്പെട്ടതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യം.
പി സി ബിയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസറും ടൂര്‍ണമെന്റ് ഡയരക്ടറുമായ സുമായിര്‍ അഹമദ് സെയ്ദ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാല്‍, ഐ സി സി ഇവന്റുകളുടെ പരമ്പരാഗത രീതി പ്രകാരം ഡയരക്ടര്‍മാരും ഭാരവാഹികളും മാത്രമാണ് പുരസ്‌കാര ദാന ചടങ്ങില്‍ വേദിയില്‍ ഉണ്ടാകാറുള്ളത് എന്നാണ് ചില വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
‘ഒരു അന്താരാഷ്ട്ര ഇവന്റ് എന്ന നിലയില്‍ ആരൊക്കെയാണ് വേദിയില്‍ വേണ്ടതെന്ന് നിശ്ചയിക്കാനുള്ള പ്രത്യേകാവകാശം ഐ സി സിക്കുള്ളതാണ്. പി സി ബി ചെയര്‍മാന്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കില്‍ ആതിഥേയ രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ അദ്ദേഹം നിശ്ചയമായും വേദിയില്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ അഭാവത്തില്‍ മറ്റ് ഡയരക്ടര്‍മാര്‍ പുരസ്‌കാര വിതരണം നിര്‍വഹിക്കുകയായിരുന്നു.’- വിഷയവുമായി അടുത്ത ബന്ധമുള്ള ചില കേന്ദ്രങ്ങള്‍ പറയുന്നു.
അതേസമയം, സ്ഥലത്തുണ്ടായിരുന്നിട്ടും സുമായിറിനെ എന്തുകൊണ്ട് വേദിയിലേക്ക് ക്ഷണിച്ചില്ല എന്നതില്‍, ഇടഞ്ഞുനില്‍ക്കുന്ന പി സി ബി ഔദ്യോഗിക വിശദീകരണം തേടുമെന്നാണ് സൂചന. പാക്കിസ്ഥാനാണ് മൂന്ന് പതിറ്റാണ്ടിനു ശേഷം ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചത്. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ കളിക്കാനാകില്ലെന്ന നിലപാട് ഇന്ത്യ സ്വീകരിക്കുകയായിരുന്നു. ഇതിനാല്‍ ദുബൈയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തിയത്.