Kerala
അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്നും നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി ഇന്ന് മുതൽ 8 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്നും നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ശക്തമായ മഴ ഉണ്ടാക്കാൻ ഇടയുണ്ട്. മലയോര മേഖലയിൽ ജാഗ്രത തുടരുകയാണ്. തീരദേശത്തും ജാഗ്രതാ നിർദേശവും നിലവിലുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.