Kerala
ഇന്നും ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ അഞ്ചു ജില്ലകളിലാണ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം| മഴ മുന്നറിയിപ്പില്‍ മാറ്റംവരുത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ അഞ്ചു ജില്ലകളിലാണ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ഒറ്റപ്പെട്ടതും ശക്തവുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്. മറ്റു ഒമ്പതു ജില്ലകളില്‍ മുന്നറിയിപ്പുകളില്ല. എന്നാല്‍ പലയിടത്തും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ഹമൂണ്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായും അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശമുണ്ടെങ്കിലും കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.