Kerala
മഴ സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത
പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രത.
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും (സെപ്തം: 29 ഞായര്‍, 30 തിങ്കള്‍) മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. എന്നാല്‍, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, രണ്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഞ്ഞ ജാഗ്രതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
ഇന്നും നാളെയും കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഒക്ടോബര്‍ ഒന്നിന് തെക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനു സാധ്യതയുണ്ട്.
ഇന്നും നാളെയും ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ് നാട് തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റടിച്ചേക്കും.