Articles
ഉമ്മന്‍ ചാണ്ടിക്ക് ശേഷം ചാണ്ടി ഉമ്മന്‍
ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട് സൃഷ്ടിച്ച വേദനയില്‍ നിന്നുയര്‍ന്ന വികാരപരമായ ഒരു തരംഗം തന്നെയായിരുന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കണ്ടത്. പുതുപ്പള്ളിയിലൊട്ടാകെ ആഞ്ഞുവീശിയ തരംഗത്തില്‍ സി പി എം സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് അടിപതറി വീണുപോയി. 37,719 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെയാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ തങ്ങളുടെ പ്രതിനിധിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ നിയമസഭയിലേക്കയക്കുന്നത്.
പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതു തന്നെ. 53 വര്‍ഷക്കാലം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത നേതാവെന്ന നിലക്ക് മാത്രമല്ല, കേരള രാഷ്ട്രീയത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു ജനനായകനെന്ന നിലക്കും പേരെടുത്ത ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിക്കാര്‍ക്ക് എക്കാലവും പ്രിയപ്പെട്ട നേതാവ് തന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട് സൃഷ്ടിച്ച വേദനയില്‍ നിന്നുയര്‍ന്ന വികാരപരമായ ഒരു തരംഗം തന്നെയായിരുന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കണ്ടത്. പുതുപ്പള്ളിയിലൊട്ടാകെ ആഞ്ഞുവീശിയ തരംഗത്തില്‍ സി പി എം സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് അടിപതറി വീണുപോയി.
37,719 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെയാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ തങ്ങളുടെ പ്രതിനിധിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ നിയമസഭയിലേക്കയക്കുന്നത്. ചാണ്ടിക്ക് ആകെ കിട്ടിയ വോട്ട് 80,144. ജെയ്ക്കിന് 42,425 വോട്ടും ബി ജെ പി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് 6,558 വോട്ടും ലഭിച്ചു.
അതിശക്തമായി വീശിയ സഹതാപ തരംഗവും പ്രതിപക്ഷം സര്‍ക്കാറിനെതിരെ അഴിച്ചുവിട്ട മൂര്‍ച്ചയേറിയ പ്രചാരണവും ഭരണപക്ഷത്തെ ശ്വാസം മുട്ടിക്കുക തന്നെ ചെയ്തു. ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായൊരു തീവ്ര വികാരം മണ്ഡലത്തിലുടനീളം കാണാമായിരുന്നു. ജനങ്ങള്‍ അത്ര വികാരവായ്‌പോടെ തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
കേരളത്തിലെവിടെ വോട്ടെടുപ്പ് നടന്നാലും അത് ആത്യന്തികമായി സി പി എം – കോണ്‍ഗ്രസ്സ് പോരാട്ടമായിരിക്കുമെന്ന് ഇപ്പോഴിതാ പുതുപ്പള്ളിയും തെളിയിച്ചിരിക്കുന്നു. ഈ പോരാട്ടങ്ങളില്‍ ബി ജെ പി ഒരു ഘടകമേയല്ലെന്നാണ് പുതുപ്പള്ളിയിലെ കണക്കുകളും പറയുന്നത്. ബി ജെ പിക്ക് കിട്ടിയത് വെറും 6,558 വോട്ടുകള്‍ മാത്രം. 2015ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥ് അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സി പി എം സ്ഥാനാര്‍ഥി എം വിജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പറഞ്ഞത്, അടുത്ത നിയമസഭാ പോരാട്ടം കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മിലായിരിക്കുമെന്നാണ്. പക്ഷേ ഒ രാജഗോപാലിന്റെ രണ്ടാം സ്ഥാനം കേരള രാഷ്ട്രീയത്തില്‍ തികച്ചും ഒറ്റപ്പെട്ട ഒന്നായിരുന്നുവെന്ന് ആ തിരഞ്ഞെടുപ്പ് തെളിയിച്ചു.
2016ലെ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച നേടുക എന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. യു ഡി എഫ് 2016ല്‍ പരാജയപ്പെട്ടു. ഇടതു മുന്നണി വിജയിക്കുകയും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. 2021ല്‍ ഇടതു മുന്നണി വിജയമാവര്‍ത്തിച്ചു. ഭരണത്തുടര്‍ച്ച നേടി പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി.
2016ല്‍ ശബരീനാഥ് അരുവിക്കരയില്‍ മത്സരിച്ചു ജയിച്ചുവെങ്കിലും 2021ല്‍ പരാജയപ്പെട്ടു. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരിച്ചത്.
സി പി എമ്മിന്റെ ശക്തി ക്ഷയിക്കുകയാണെന്നും ആ സ്ഥാനത്ത് ബി ജെ പി വളരുകയാണെന്നുമാണ് 2015ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സൂചിപ്പിച്ചത്. 2016ല്‍ കോണ്‍ഗ്രസ്സും ബി ജെ പിയുമായിട്ടാകും കേരളത്തിലെ നിയമസഭാ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. ഇപ്പോഴിതാ പുതുപ്പള്ളിയില്‍ വെറും 6,558 വോട്ടുമായി ബി ജെ പി നാണം കെട്ട് നില്‍ക്കുന്നു. തൃക്കാക്കരയില്‍ കെട്ടിവെച്ച കാശ് പോലും തിരികെ കിട്ടാതെ പോയ ബി ജെ പിക്ക് പുതുപ്പള്ളിയിലും അതേ വഴിക്ക് തിരിച്ചടി.
തൃക്കാക്കരയായാലും പുതുപ്പള്ളിയായാലും കോണ്‍ഗ്രസ്സിന്റെ ഉറച്ച കോട്ടകള്‍ തന്നെ. പക്ഷേ രണ്ടിടത്തും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ശക്തമായ പ്രചാരണം അഴിച്ചുവിടാന്‍ സി പി എമ്മിന് കഴിഞ്ഞിട്ടുണ്ട്. തൃക്കാക്കരയില്‍ കത്തോലിക്കാ സഭയുടെ പ്രമുഖ സ്ഥാപനമായ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതും വലിയ പ്രതീക്ഷയോടെയും കണക്കുകൂട്ടലോടെയുമായിരുന്നു. മുഖ്യമന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നല്‍കി. എങ്കിലും വന്‍ ഭൂരിപക്ഷത്തോടെ ഉമാ തോമസ് വിജയിച്ചു. എന്നാല്‍ പുതുപ്പള്ളിയില്‍ അതിസാഹസത്തിനൊന്നും സി പി എം മുതിര്‍ന്നില്ല. രണ്ട് തവണ ഉമ്മന്‍ ചാണ്ടിയോട് പൊരുതി തോറ്റ സ്വന്തം സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ തന്നെ സി പി എം അവതരിപ്പിച്ചു. പ്രചാരണത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാന്‍ സി പി എമ്മിനും പാര്‍ട്ടിയുടെ പ്രഗത്ഭനായ യുവ നേതാവ് ജെയ്ക് സി തോമസിനും കഴിഞ്ഞുവെന്നത് വലിയ കാര്യം തന്നെ. പക്ഷേ ഉപതിരഞ്ഞെടുപ്പ് ആദ്യാവസാനം ചാണ്ടി ഉമ്മന്റേത് തന്നെയായിരുന്നു. വോട്ടെണ്ണലിലും ഇത് ഏറെ പ്രകടമായി. വോട്ടെണ്ണി തുടങ്ങുമ്പോള്‍ മുതല്‍ അവസാന വോട്ട് എണ്ണി തീരും വരെ ചാണ്ടി ഉമ്മന്‍ തുടര്‍ച്ചയായി മുന്നേറി.
ഇനി ഇവിടെ നിന്ന് കോണ്‍ഗ്രസ്സ് രാഷ്ട്രീയം എങ്ങോട്ട് എന്നതാണ് വലിയ ചോദ്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഏറ്റവുമടുത്ത്. 2019ല്‍ 20ല്‍ 19 സീറ്റും കൈയിലൊതുക്കിയിരുന്നു യു ഡി എഫ്. കേരളത്തിലെ എം പിമാരെല്ലാം തന്നെ പാര്‍ലിമെന്റില്‍ ബി ജെ പിക്കെതിരെ ഒന്നിച്ച് നില്‍ക്കുമെങ്കിലും കേരളത്തിലെ 20 സീറ്റും രണ്ട് പാര്‍ട്ടികള്‍ക്കും പ്രധാനം തന്നെയാണ്. കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റുകള്‍ കൈയില്‍ കിട്ടിയാല്‍ മാത്രമേ ദേശീയ പ്രതിപക്ഷ ഐക്യ നിരക്ക് ആധികാരികമായ നേതൃത്വം നല്‍കാനാകൂ. പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ എങ്ങ് നിന്നും അത്രകണ്ട് സീറ്റുകള്‍ സി പി എമ്മിന് പ്രതീക്ഷിക്കാനാകില്ല. സ്വാഭാവികമായും കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടിയേ പറ്റൂ എന്നതാണ് സി പി എം നേരിടുന്ന വെല്ലുവിളി.
പിന്നാലെ പഞ്ചായത്ത് തിരഞ്ഞെടുപ്പും വരും. അതും കഴിഞ്ഞ് 2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പ്. രണ്ടാം വട്ടവും പരാജയപ്പെട്ട് പ്രതിപക്ഷത്തിരിക്കുകയാണ് കോണ്‍ഗ്രസ്സ്, അധികാരത്തിന്റെ തണലില്ലാതെ. കൂടെ മുസ്‌ലിം ലീഗുമുണ്ട്. ആര്‍ എസ് പി, സി എം പി എന്നിങ്ങനെയുള്ള കക്ഷികള്‍ക്ക് എം എല്‍ എമാര്‍ ഇപ്പോള്‍ തന്നെയില്ല.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പുകള്‍ക്ക് സമര്‍ഥമായ നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് വി ഡി സതീഷന് ഈ വിജയം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വത്തിനും. പക്ഷേ സംഘടന ശക്തിപ്പെടുത്തിയാല്‍ മാത്രമേ തിരഞ്ഞെടുപ്പ് ജയിക്കാനാകൂ. മുന്നണിയെയും ശക്തിപ്പെടുത്തണം. എല്ലാ വെല്ലുവിളിയും വി ഡി സതീഷന് മുന്നില്‍.