Kerala
ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു; സോളാർ വിവാദത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യും
ഉച്ചക്ക് ഒരു മണിക്കാണ് ചർച്ച.

തിരുവനന്തപുരം | സോളാര്‍ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന സി ബി ഐ കണ്ടെത്തൽ സംബന്ധിച്ച് നിയമസഭ അടിയന്തരമായി ചർച്ച ചെയ്യും. കോൺഗ്രസ് അംഗം ഷാഫി പറമ്പിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ച് ചർച്ചക്ക് സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിക്കാണ് ചർച്ച.
സോളാർ പീഡന കേസിലെ അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമാണ് സി ബി ഐ കണ്ടെത്തിയത്. എൽ ഡി എഫിലെ കേരള കോൺഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ് കുമാർ ആണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയർന്നിരുന്നു.
അതേസമയം സി ബി ഐ റിപ്പോര്‍ട്ട് സംബന്ധിച്ച് ഔദ്യോഗിക രേഖയൊന്നും സർക്കാറിന്‍റെ പക്കൽ ഇല്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. റിപ്പോർട്ട് ഔദ്യോഗികമല്ലാത്തതിനാൽ അഭിപ്രായം പറയാനാവില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, പുതുപ്പള്ളി മണ്ഡലത്തിൽ ജയിച്ച ചാണ്ടി ഉമ്മൻ എം എൽ എയായി സത്യപ്രതിജ്ഞ ചെയ്തു. സഭയിൽ പത്ത് മണിക്കായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.