National
ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പറുകളും വോട്ടെണ്ണലിന്റെ വീഡിയോയും നാളെ ഉച്ചക്ക് രണ്ട് മണിക്ക് ഹാജരാക്കണമെന്ന് സുപ്രീംകോടതി
റിട്ടേണിങ് ഓഫീസറെ വിചാരണ ചെയ്യണമെന്നും ജനാധിപത്യത്തില്‍ ഇത് അനുവദിക്കില്ലെന്നും കോടതി
![](https://assets.sirajlive.com/2024/02/mayor-election-897x538.jpg)
ന്യൂഡല്‍ഹി | വിവാദമായ ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും വോട്ടെണ്ണലിന്റെ വീഡിയോയും നാളെ ഉച്ചക്ക് രണ്ട് മണിക്ക് ഹാജരാക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് മേയര്‍ തിരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത പുതിയ റിട്ടേണിങ് ഓഫീസറെ നിയമിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
ജനുവരി 30 ന് നടന്ന ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – എ എ പി സഖ്യത്തെ ബി ജെ പി തോല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് റിട്ടേണിങ് ഓഫീസറായ അനില്‍ മാസിഹ് വോട്ടെണ്ണലില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് എ എ പി സുപ്രീംകോടതിയെ സമീപിച്ചു. പുതിയ തിരഞ്ഞെടുപ്പ് നടത്താനും എ എ പി ആവശ്യപ്പെട്ടു.
സി സി ടി വി യില്‍ നോക്കിക്കൊണ്ട് റിട്ടേണിങ് ഓഫീസറായ അനില്‍ മാസിഹ് ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന വീഡിയോ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ വികൃതമായ ബാലറ്റ് പേപ്പറുകള്‍ അടയാളപ്പെടുത്തുകയാണ് താന്‍ ചെയ്തതെന്നും അവിടെയുള്ള ധാരാളം ക്യാമറകളിലേക്ക് താന്‍ നോക്കുകയായിരുന്നെന്നും അനില്‍ മാസിഹ് പറഞ്ഞു. എന്തിനാണ് ബാലറ്റ് പേപ്പറുകള്‍ അടയാളപ്പെടുത്തിയതെന്ന കോടതിയുടെ ചോദ്യത്തിന് അവ തമ്മില്‍ കലരാതിരിക്കാനാണെന്ന് അനില്‍ മാസിഹ് മറുപടി പറഞ്ഞു. റിട്ടേണിങ് ഓഫീസറെ വിചാരണ ചെയ്യണമെന്നും ജനാധിപത്യത്തില്‍ ഇത് അനുവദിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.