stampede
ചന്ദ്രബാബു നായിഡുവിൻ്റെ റോഡ് ഷോയിൽ വീണ്ടും തിക്കും തിരക്കും; മൂന്ന് പേർ മരിച്ചു
നാല് ദിവസം മുമ്പും സമാന ദുരന്തമുണ്ടായിരുന്നു.
ഹൈദരാബാദ് | ആന്ധ്രാപ്രദേശിൽ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയിൽ തിക്കുംതിരക്കുമുണ്ടായി വീണ്ടും ദുരന്തം. ഒരു സ്ത്രീയടക്കം മൂന്ന് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഗുണ്ടൂർ ജില്ലയിലാണ് സംഭവമുണ്ടായത്. സംക്രാന്തിയോടനുബന്ധിച്ച് സമ്മാന വിതരണം നടക്കുന്നതിനിടെയാണ് ദുരന്തം.
നാല് ദിവസം മുമ്പും സമാന ദുരന്തമുണ്ടായിരുന്നു. നെല്ലൂര്‍ ജില്ലയിലെ കണ്ടുകുറിലുണ്ടായ ദുരന്തത്തിൽ അന്ന് എട്ട് പേരാണ് മരിച്ചത്. ചന്ദ്രബാബുവിന്റെ പ്രസംഗം ആരംഭിച്ചയുടനെയാണ് അന്ന് തിരക്കുണ്ടായത്. സംഭവത്തോടെ പരിപാടി നിര്‍ത്തിവെച്ചിരുന്നു. തുടർന്ന് ചന്ദ്രബാബു നായിഡു ആശുപത്രി സന്ദര്‍ശിച്ചു. പാര്‍ട്ടി ഓഫീസിന് സമീപത്തായിരുന്നു പരിപാടി. തിരക്കിൽ പെട്ട് സമീപത്തെ തുറന്നിട്ട ഓടയിൽ വീണായിരുന്നു അപകടം. പ്രവർത്തകർ തമ്മിലുള്ള കശപിശയാണ് തിരക്കിലും ദുരന്തത്തിലും കലാശിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ടി ഡി പി അന്ന് പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ മക്കള്‍ക്ക് എന്‍ ടി ആര്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ പഠനം ഏര്‍പ്പാടാക്കും.