National
ചന്ദ്രനിലേക്ക് കൂടുതൽ അടുത്ത് ചാന്ദ്രയാൻ 3; ഭ്രമണപഥം താഴ്ത്തൽ വിജയകരം
ചാന്ദ്രയാൻ മൂന്നിന് ചന്ദ്രനിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരം 150 കിലോമീറ്ററും പരമാവധി ദൂരം 177 കിലോമീറ്ററുമായി ചുരുങ്ങി
ബംഗളൂരു | സുവർണ ഗ്രഹത്തിലേക്ക് കൂടുതൽ അടുത്ത് ചാന്ദ്രയാൻ മൂന്ന്. ചാന്ദ്രയാൻ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തൽ ഐ എസ് ആർ ഒ വിജയകരമായി പൂർത്തീകരിച്ചു. ഇതോടെ ചാന്ദ്രയാന് ചന്ദ്രനിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരം 150 കിലോമീറ്ററും പരമാവധി ദൂരം 177 കിലോമീറ്ററുമായി ചുരുങ്ങി. നേരത്തെ ആഗസ്റ്റ് 9 ന് ചന്ദ്രയാന്റെ ഭ്രമണപഥം കുറച്ചിരുന്നു. അന്ന് 174 കിലോമീറ്റർ x 1437 കിലോമീറ്റർ ഭ്രമണപഥത്തിലേക്കാണ് താഴ്ത്തിയത്.
ഇപ്പോൾ ചന്ദ്രയാന്റെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് ചാന്ദ്രയാൻ നീങ്ങുന്നത്. ദീർഘവൃത്ത ഭ്രമണപഥത്തിൽ നിന്ന് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറിയതോടെ ചന്ദ്രനിലേക്ക് പേടകം കൂടുതൽ അടുത്തു. അടുത്ത ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 16ന് രാവിലെ 08:30ന് നടത്തും. ഇതിലൂടെ പേടകത്തെ 100 കിലോമീറ്റർ X 100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിക്കും.
ആഗസ്റ്റ് 17 ചന്ദ്രയാന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഈ ദിവസം, ലാൻഡറിൽ നിന്ന് ചന്ദ്രയാൻ -3 ന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഐഎസ്ആർഒ വേർപെടുത്തും. തുടർന്ന് ഓഗസ്റ്റ് 23 ന് വൈകുന്നേരം 05:30 ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങും.
22 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ഓഗസ്റ്റ് 5 ന് വൈകുന്നേരം 7:15 നാണ് ചാന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചാന്ദ്രയാൻ ആദ്യമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചപ്പോൾ അതിന്റെ ഭ്രമണപഥം 164 കി.മീ x 18,074 കി.മീ ആയിരുന്നു. ഭ്രമണപഥത്തിൽ പ്രവേശിക്കുമ്പോൾ, അതിന്റെ ഓൺബോർഡ് ക്യാമറകൾ ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തി അയച്ചിരുന്നു. ചന്ദ്രനിലെ ഗർത്തങ്ങൾ ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം.