Connect with us

National

ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ മൂന്ന്

അലൂമിനിയം (Al), ക്രോമിയം (Cr), കാൽസ്യം (Ca), ടൈറ്റാനിയം (Ti) , അയൺ (Fe), മഗ്നീഷ്യം (Mn), സിലിക്കോൺ (Si), ഓക്സിജൻ (O) എന്നിവയും പ്രതീക്ഷിച്ചതുപോലെ കണ്ടെത്തിയതായി ഇസ്റോ

Published

|

Last Updated

ബംഗളൂരു | ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം കണ്ടെത്തി ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്ന്. ചന്ദ്രയാൻ മൂന്നിലെ ലേസർ-ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പി (എൽഐബിഎസ്) ഉപകരണമാണ് ദക്ഷിണധ്രുവത്തിനടുത്തുള്ള ചന്ദ്ര ഉപരിതലത്തിൽ സൾഫറിന്റെ (എസ്) സാന്നിധ്യം സംശയാതീതമായി സ്ഥിരീകരിച്ചതെന്ന് ഐ എസ് ആർ ഒ അറിയിച്ചു.

അലൂമിനിയം (Al), ക്രോമിയം (Cr), കാൽസ്യം (Ca), ടൈറ്റാനിയം (Ti) , അയൺ (Fe), മഗ്നീഷ്യം (Mn), സിലിക്കോൺ (Si), ഓക്സിജൻ (O) എന്നിവയും പ്രതീക്ഷിച്ചതുപോലെ കണ്ടെത്തിയതായി ഇസ്റോ അറിയിച്ചു. ഹൈഡ്രജനായി  (H) തിരച്ചിൽ തുടരുകയാണ്.

തീവ്രമായ ലേസർ പൾസുകൾക്ക് വിധേയമാക്കി വസ്തുക്കളുടെ ഘടന വിശകലനം ചെയ്യുന്ന ഒരു ശാസ്ത്രീയ സാങ്കേതികതയാണ്  എൽഐബിഎസ് ഉപകരണം. ബെംഗളൂരുവിലെ ലബോറട്ടറി ഫോർ ഇലക്ട്രോ-ഒപ്റ്റിക്സ് സിസ്റ്റംസ് (ലിയോസ്) / ഐഎസ്ആർഒയിലാണ് ഇത് വികസിപ്പിച്ചെടുത്തത്.

ആഗസ്റ്റ് 23നാണ് ലോകത്ത് ആദ്യമായി ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്നിലെ വിക്രം ലാൻഡർ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. വിക്രം ലാൻഡറിലെ പ്രഗ്യാൻ റോവറാണ് ചന്ദ്രോപരിതലത്തിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നത്. ചന്ദ്രനിലെ താപനില സംബന്ധിച്ച നിർണായക വിവരങ്ങൾ നേരത്തെ ചന്ദ്രയാൻ കണ്ടെത്തിയിരുന്നു. വിക്രം ലാന്‍ഡറിന്റെ ഭാഗമായ ചന്ദ്രാസ് സര്‍ഫസ് തെര്‍മോഫിസിക്കല്‍ എക്‌സ്പിരിമന്റ് (ചാസ്‌തേ) ശേഖരിച്ച വിവരങ്ങളനുസരിച്ച് ചന്ദ്രോപരിതലത്തിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ എട്ട് സെന്റി മീറ്റര്‍ താഴേയ്ക്ക് പോകുമ്പോള്‍ ഇത് മൈനസ് പത്ത് ഡിഗ്രിയായി കുറഞ്ഞതായും കണ്ടെത്തിയിരുന്നു.

Latest