National
ചാന്ദ്രയാന്‍-3: ലാന്‍ഡര്‍ മൊഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിംഗ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയായി
വേര്‍പെട്ടതിന് ശേഷം വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങളും ആഗസ്റ്റ് 15ന് പകര്‍ത്തിയ ചിത്രങ്ങളും ഐ എസ് ആര്‍ ഒ പുറത്തുവിട്ടു.

ന്യൂഡല്‍ഹി | ചാന്ദ്രയാന്‍-3 ലാന്‍ഡര്‍ മൊഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിംഗ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ). ഇതോടെ ദൗത്യം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. വേര്‍പെട്ടതിന് ശേഷം വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങളും ആഗസ്റ്റ് 15ന് പകര്‍ത്തിയ ചിത്രങ്ങളും ഐ എസ് ആര്‍ ഒ പുറത്തുവിട്ടു. ആഗസ്റ്റ് 23ന് വൈകിട്ട് 5.30 ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും.
ഇന്നലെയാണ് വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടത്. ഈമാസം 20ന് പുലര്‍ച്ചെ രണ്ടിനാണ് രണ്ടാമത്തെ ഡീബൂസ്റ്റിംഗ് നടത്തുക. നിലവില്‍ ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനില്‍ നിന്ന് 113 കിലോമീറ്റര്‍ കുറഞ്ഞ ദൂരവും 157 കിലോമീറ്റര്‍ കൂടിയ ദൂരവുമുള്ള ഭ്രമണപഥത്തിലേക്ക് എത്തിയിട്ടുണ്ട്.
22 ദിവസത്തെ യാത്രക്കു ശേഷം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് 7.15 നാണ് ചാന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം, ലാന്‍ഡറിന്റെ വേഗത കുറച്ചുകൊണ്ടുവരികയാണ് ചെയ്യുക. 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്‍ഡര്‍ ഇറങ്ങുന്നതുവരെ ഈ പ്രക്രിയ വളരെ പ്രധാനമാണ്. ഭ്രമണപഥത്തില്‍ 90 ഡിഗ്രി കോണില്‍ ചന്ദ്രനിലേക്ക് നീങ്ങാന്‍ തുടങ്ങണം. ലാന്‍ഡിംഗ് പ്രക്രിയയുടെ തുടക്കത്തില്‍, ചാന്ദ്രയാന്‍-3 ന്റെ വേഗത സെക്കന്‍ഡില്‍ 1.68 കിലോമീറ്ററായിരിക്കും. ത്രസ്റ്ററുകളുടെ സഹായത്തോടെ താഴ്ത്തിയാല്‍, അത് സുരക്ഷിതമായി ഉപരിതലത്തില്‍ ഇറങ്ങും.
ഭ്രമണപഥത്തില്‍ പ്രവേശിക്കുമ്പോള്‍, അതിന്റെ ഓണ്‍ബോര്‍ഡ് കാമറകള്‍ ചന്ദ്രന്റെ ചിത്രങ്ങള്‍ പകര്‍ത്തി അയച്ചിരുന്നു. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ ഈ ചിത്രങ്ങളില്‍ വ്യക്തമായി കാണാം.
ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവയാണ് ചാന്ദ്രയാനിലുള്ളത്. ലാന്‍ഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി 14 ദിവസം പരീക്ഷണം നടത്തും.പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തങ്ങി ഭൂമിയില്‍ നിന്ന് വരുന്ന വികിരണങ്ങളെ കുറിച്ച് പഠിക്കും. ഈ ദൗത്യത്തിലൂടെ ഐ എസ് ആര്‍ ഒ ചന്ദ്രനില്‍ ജലം തേടും.