Ongoing News
ചന്ദ്രയാൻ മൂന്ന്: ലാൻഡറിനെയും റോവറിനെയും ഇന്ന് 'ഉറക്ക'മുണർത്തില്ല; നാളേക്ക് മാറ്റി
വിക്രം ലാൻഡറുമായും പ്രഗ്യാൻ റോവറുമായും ആശയവിനിമയം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു; ഇതുവരെ സിഗ്നൽ ലഭിച്ചില്ല
ബംഗളൂരു | 14 ദിവസത്തെ മഹാ ദൗത്യത്തിന് ശേഷം ചന്ദ്രനിൽ ഇരുൾ പരന്നപ്പോൾ ‘ഉറങ്ങി’യ ചന്ദ്രയാൻ മൂന്നിന്റെ ഭാഗമായ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ‘ഉറക്കമുണർത്തു’ന്നത് നീട്ടിയതായി ഐ എസ് ആർ ഒ. ചന്ദ്രനിൽ വീണ്ടും സൂര്യനുദിച്ചതോടെ ലാൻഡറിനെയും റോവറിനെയും ഇന്ന് പുനരുജ്ജീവിക്കാനാണ് നേരത്തെ ഐ എസ് ആർ ഒ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് ചില കാരണങ്ങളാൽ നാളേക്ക് മാറ്റിയതായി ഐ എസ് ആർ ഒ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി അറിയിച്ചു.
അതേസമയം, വിക്രം ലാൻഡറുമായും പ്രഗ്യാൻ റോവറുമായും ആശയവിനിമയം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഐ എസ് ആർ ഒ ട്വീറ്റ് ചെയ്തു. ഇവയിൽ നിന്ന് ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ല. ബന്ധം സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
സെപ്റ്റംബർ 22 ന് വൈകുന്നേരം പ്രഗ്യാൻ റോവറും (വിക്രം) ലാൻഡറും വീണ്ടും സജീവമാക്കാൻ ഞങ്ങൾ നേരത്തെ പദ്ധതിയിട്ടിരുന്നുവെങ്കിലും ചില കാരണങ്ങളാൽ അത് സെപ്റ്റംബർ 23 ലേക്ക് മാറ്റിയെന്ന് അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സെപ്റ്റംബർ 23 ന് വീണ്ടും സജീവമാകും.
ചന്ദ്രോപരിതലത്തിൽ വിജയകരമായി പരീക്ഷണങ്ങൾ നടത്തിയ ശേഷം റോവറും ലാൻഡറും ഈ മാസം ആദ്യം സ്ലീപ്പ് മോഡിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ 2 ന് റോവറും സെപ്റ്റംബർ 4 ന് ലാൻഡറും സ്ലീപ്പ് മോഡിലേക്ക് പ്രവേശിച്ചു. ചാന്ദ്രപകൽ അവസാനിച്ചതിനാൽ ഇരു പേടകങ്ങൾക്കും പ്രവർത്തിക്കാൻ സാധിക്കില്ല എന്നതിനാലാണ് ഇവയെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. സോളാർ ഊർജം ഉപയോഗിച്ചാണ് പേടകങ്ങൾ പ്രവർത്തിക്കുന്നത്.
അതേസമയം, രാത്രി കാലത്ത് ചന്ദ്രനിൽ കൊടും തണുപ്പായതിനാൽ പേടകങ്ങൾ തകരാറിലാകാൻ സാധ്യത ഏറെയാണ്. അഥവാ കൊടും തണുപ്പിനെ അതിജീവിച്ച് വീണ്ടും ഉണർന്നുപ്രവർത്തിച്ചാൽ അത് ഐ എസ് ആർ ഒയുടെ ചരിത്രത്തിലെ മറ്റൊരു പൊൻതൂവലായി മാറും.