Kerala
ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്: കേരളത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ടെന്ന് മന്ത്രി പി രാജീവ്
'കേരളത്തില്‍ നിന്നുള്ള ആറ് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യ സ്ഥാപനങ്ങളും ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായി.'
തിരുവനന്തപുരം | ചന്ദ്രയാന്‍ 3 ചന്ദ്രനിലെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി നടത്തിയതില്‍ കേരളത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ടെന്ന് മന്ത്രി പി രാജീവ്. കേരളത്തില്‍ നിന്നുള്ള ആറ് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യ സ്ഥാപനങ്ങളും ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായതായി മന്ത്രി എഫ് ബി പോസ്റ്റില്‍ പറഞ്ഞു. വിജയകരമായ ലാന്‍ഡിങ് സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നതായും പി രാജീവ് പറഞ്ഞു.
മന്ത്രിയുടെ എഫ് ബി പോസ്റ്റ്:
ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി ലാന്റ് ചെയ്തുകൊണ്ട് ചാന്ദ്രയാന്‍ 3 പുതിയ ചരിത്രം രചിക്കുമ്പോള്‍, അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തില്‍ പങ്കാളികളാകുകയാണ്. കേരളത്തില്‍ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്.
കെല്‍ട്രോണ്‍, കെ എം എം എല്‍, എസ് ഐ എഫ് എല്‍, ടി സി സി, കെ എ എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും എയ്‌റോപ്രിസിഷന്‍, ബി എ ടി എല്‍, കോര്‍ട്ടാന്‍, കണ്ണന്‍ ഇന്‍ഡസ്ട്രീസ്, ഹിന്റാല്‍കോ, പെര്‍ഫെക്ട് മെറ്റല്‍ ഫിനിഷേഴ്‌സ്, കാര്‍ത്തിക സര്‍ഫസ് ട്രീറ്റ്‌മെന്റ്, ജോജോ ഇന്‍ഡസ്ട്രീസ്, വജ്ര റബ്ബര്‍, ആനന്ദ് ടെക്‌നോളജീസ്, സിവാസു, റെയെന്‍ ഇന്റര്‍നാഷണല്‍, ജോസിത് എയര്‍സ്‌പേസ്, പി എം എസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും നിര്‍മിച്ച വിവിധ ഉത്പന്നങ്ങള്‍ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഉപയോഗിച്ചിരിക്കുന്നു.
ലോകത്തിന് മുന്നില്‍ ഇന്ത്യ അഭിമാനത്തോടെ നില്‍ക്കുമ്പോള്‍, കേരളത്തിനും ഈ ദൗത്യത്തില്‍ പങ്കാളികളായതില്‍ അഭിമാനിക്കാം. വിജയകരമായ ലാന്റിങ്ങ് സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നു.