Connect with us

National

നിർണായക ഘട്ടം പിന്നിട്ട് ചാന്ദ്രയാൻ; പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡറിനെ വേർപ്പെടുത്തി

നാളെ വൈകീട്ട് നാലിന് ഡീബൂസ്റ്റിംഗിലൂടെ ലാൻഡർ മൊഡ്യൂളിന്റെ ഭ്രമണപഥം താഴ്ത്തും

Published

|

Last Updated

ബംഗളൂരു | നിർണായക ഘട്ടം പിന്നിട്ട് ചന്ദ്രയാൻ മൂന്ന്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡറിനെ വിജകരമായി വേർപെടുത്തിയായി ഐ എസ് ആർ ഒ അറിയിച്ചു.  നാളെ വൈകീട്ട് നാലിന് ആസൂത്രണം ചെയ്ത ഡീബൂസ്റ്റിംഗിൽ ലാൻഡർ മൊഡ്യൂൾ അല്പം താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങാൻ സജ്ജമാകുമെന്നും ഐ എസ് ആർ ഒ വ്യക്തമാക്കി. ഇവിടെ നിന്ന് ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററായിരിക്കും.  ഓഗസ്റ്റ് 23 ന് വൈകുന്നേരം 05:30 ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങും.

പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടുത്തിയ ശേഷം, ലാൻഡറിന്റെ വേഗത കുറച്ചുകൊണ്ടുവരികയാണ് ചെയ്യുക.  30 കിലോമീറ്റർ ഉയരത്തിൽ നിന്ന് ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡർ ഇറങ്ങുന്നതുവരെ ഈ പ്രക്രിയ വളരെ പ്രധാനമാണ്. ഭ്രമണപഥത്തിൽ 90 ഡിഗ്രി കോണിൽ ചന്ദ്രനിലേക്ക് നീങ്ങാൻ തുടങ്ങണം. ലാൻഡിംഗ് പ്രക്രിയയുടെ തുടക്കത്തിൽ, ചന്ദ്രയാൻ -3 ന്റെ വേഗത സെക്കൻഡിൽ 1.68 കിലോമീറ്ററായിരിക്കും. ത്രസ്റ്ററുകളുടെ സഹായത്തോടെ താഴ്ത്തിയാൽ, അത് സുരക്ഷിതമായി ഉപരിതലത്തിൽ ഇറങ്ങും.

22 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ഓഗസ്റ്റ് 5 ന് വൈകുന്നേരം 7:15 നാണ് ചാന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചാന്ദ്രയാൻ ആദ്യമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചപ്പോൾ അതിന്റെ ഭ്രമണപഥം 164 കി.മീ x 18,074 കി.മീ ആയിരുന്നു. ഭ്രമണപഥത്തിൽ പ്രവേശിക്കുമ്പോൾ, അതിന്റെ ഓൺബോർഡ് ക്യാമറകൾ ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തി അയച്ചിരുന്നു. ചന്ദ്രനിലെ ഗർത്തങ്ങൾ ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം.

ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് ചന്ദ്രയാനിലുള്ളത്. ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങി 14 ദിവസം പരീക്ഷണം നടത്തും. പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ തങ്ങി ഭൂമിയിൽ നിന്ന് വരുന്ന വികിരണങ്ങളെ കുറിച്ച് പഠിക്കും. ഈ ദൗത്യത്തിലൂടെ ഐഎസ്ആർഒ ചന്ദ്രനിൽ ജലം തേടും.

 

Latest