National
ചന്ദ്രയാന്‍ മൂന്ന് ദൗത്യ വിജയം സമാനതകളില്ലാത്തത്: പ്രധാന മന്ത്രി
സ്ത്രീ ശക്തിയുടെ കൂടി വിജയമാണിത്. രാജ്യത്തെ ബഹിരാകാശ ഗവേഷണ രംഗം ഇനിയും വികസിക്കും.
ന്യൂഡല്‍ഹി | ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ വിജയം സമാനതകളില്ലാത്തതാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. സ്ത്രീ ശക്തിയുടെ കൂടി വിജയമാണിത്. രാജ്യത്തെ ബഹിരാകാശ ഗവേഷണ രംഗം ഇനിയും വികസിക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 104-ാം എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രയാന്‍ ദൗത്യ വിജയത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷനെ (ഐ എസ് ആര്‍ ഒ) പ്രധാന മന്ത്രി അഭിനന്ദിച്ചു. സെപ്തംബര്‍ എട്ട് മുതല്‍ പത്ത് വരെ ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞതായും പ്രധാന മന്ത്രി അറിയിച്ചു.
ഈ വര്‍ഷത്തെ ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ വിജയികളായവരെ അദ്ദേഹം പ്രശംസിച്ചു. ഗെയിംസില്‍ പങ്കെടുത്ത ചില താരങ്ങളുമായി പ്രധാന മന്ത്രി സംവഗിക്കുകയും ചെയ്തു.