Connect with us

Congress Groupism

ചാണ്ടിയും ചെന്നിത്തലയും വീണു; അണികള്‍ ത്രിശങ്കുവില്‍

കേരളത്തില്‍ കോണ്‍ഗ്രസ് വിടുന്നവര്‍ക്കു മുമ്പില്‍ ഇടതു മുന്നണിയിലേക്കു നീങ്ങുക എന്ന ഒറ്റ ഓപ്ഷന്‍ മാത്രമേ ഉള്ളൂ. ബി ജെ പി കേരളത്തില്‍ കോണ്‍ഗ്രസുകാരുടെ പരിഗണനയില്‍ ഇല്ല.

Published

|

Last Updated

കോഴിക്കോട് |  കേരളത്തിലെ കോണ്‍ഗ്രസ്സിലെ പരമ്പരാഗത എ, ഐ ഗ്രൂപ്പുകളുടെ മരണ മണി മുഴങ്ങിയതോടെ കാലങ്ങളായി ഗ്രൂപ്പുകള്‍ പങ്കിട്ടെടുത്ത അണികള്‍ ത്രിശങ്കുവില്‍. കെ കരുണാകരനും എ കെ ആന്റണിയും പ്രതാപത്തോടെ നയിച്ച ഗ്രൂപ്പുകളെ കൈയടക്കി  പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ വീതംവെച്ചിരുന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സമ്പൂര്‍ണമായി കീഴടങ്ങിയതോടെ ഇരു ഗ്രൂപ്പുകളിലും ഒട്ടിനിന്നിരുന്ന വലിയൊരു വിഭാഗം ഗ്രൂപ്പ് വിടാനൊരുങ്ങുന്നു. ഗ്രൂപ്പിന്റെ പേരില്‍ മാത്രം ഇക്കാലമത്രയും സ്ഥാനമാനങ്ങള്‍ ലഭിച്ചവര്‍ മാത്രമാണ് പരമ്പരാഗത ഗ്രൂപ്പുകളുടെ ശക്തി ക്ഷയിക്കുന്നതില്‍ ആശങ്കപ്പെടുന്നത്.

ഒരു വിഭാഗം കോണ്‍ഗ്രസ് വിടും

കോണ്‍ഗ്രസ് അനുഭാവികള്‍ക്കു ഗ്രൂപ്പില്ലാത്തതിനാല്‍ അവര്‍ നേതൃത്വത്തില്‍ നടക്കുന്ന സംഭവങ്ങളെ നിര്‍വികാരമായി നോക്കിനില്‍ക്കുകയാണ്. ഇപ്പോഴും ചെന്നിത്തലയിലും ഉമ്മന്‍  ചാണ്ടിയിലും വിശ്വാസമര്‍പ്പിച്ചു നില്‍ക്കുന്ന ഒരു വിഭാഗം മാത്രമായിരിക്കും ഇനിയും പരമ്പരാഗത ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുക. മറ്റൊരു വിഭാഗം  ഹൈക്കമാൻഡിന്റെ തീരുമാനം എന്തായാലും അതിനെ അംഗീകരിച്ചു പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന നിലപാടു സ്വീകരിച്ചു പുതിയ നേതൃത്വത്തെ അംഗീകരിച്ചു പ്രവര്‍ത്തിക്കാന്‍  സജ്ജമാകും. മൂന്നാമതൊരു വിഭാഗം കോണ്‍ഗ്രസില്‍ പ്രതീക്ഷ അസ്തമിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു പിന്നോട്ടടിക്കാന്‍ ആലോചിക്കുന്നു. ഇവരില്‍ ഒരു വിഭാഗം, പാര്‍ട്ടി വിട്ട എ വി ഗോപിനാഥിന്റെ വഴി തേടിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പു പശ്ചാത്തലത്തില്‍ പി സി ചാക്കോ, അഡ്വ. പി എം സുരേഷ് ബാബു തുടങ്ങിയവര്‍ പാര്‍ട്ടി വിട്ടതു പോലെ കോണ്‍ഗ്രസ് വിടാനാണ് ഇവര്‍ ആലോചിക്കുന്നത്.

കേരളത്തില്‍ ബി ജെ പി ഓപ്ഷനല്ല

കേരളത്തില്‍ കോണ്‍ഗ്രസ് വിടുന്നവര്‍ക്കു മുമ്പില്‍ ഇടതു മുന്നണിയിലേക്കു നീങ്ങുക എന്ന ഒറ്റ ഓപ്ഷന്‍ മാത്രമേ ഉള്ളൂ. ബി ജെ പി കേരളത്തില്‍ കോണ്‍ഗ്രസുകാരുടെ പരിഗണനയില്‍ ഇല്ല. കോണ്‍ഗ്രസിനേക്കാള്‍ വലിയ ഗ്രൂപ്പുപോരാണ് ബി ജെ പിയില്‍ എന്നതും കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ നിലനില്‍ക്കുന്ന ശക്തമായ ബോധവുമാണ് ബി ജെ പിയിലേക്കു ചേക്കേറുന്നതിനെക്കുറിച്ച് അവര്‍ ചിന്തിക്കാത്തത്. ഇടതു മുന്നണിയില്‍ പ്രവേശിക്കാന്‍ രണ്ട് മാര്‍ഗമാണ് മുമ്പിലുള്ളത്. ഒന്ന് കോണ്‍ഗ്രസ് സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന എന്‍ സി പിയിലേക്ക് പ്രവേശിക്കുക. എന്‍ സി പി ഒരു ദേശീയ പാര്‍ട്ടിയാണ് എന്നതും കേരളത്തില്‍ പാര്‍ട്ടിയുടെ സാധ്യതക്കനുസരിച്ച് പാര്‍ലിമെന്ററി സ്ഥാനങ്ങളില്‍ പങ്കാളിത്തം ലഭിക്കുന്നുണ്ട് എന്നതും ആകര്‍ഷകമായ കാര്യമാണ്.

സി പി എം വാതില്‍ തുറക്കും

ഇടതുമുന്നണിയുടെ ഭാഗമാകാനുള്ള മറ്റൊരു സാധ്യത സി പി എമ്മില്‍ ചേരുക എന്നതാണ്. കോണ്‍ഗ്രസ് വിട്ടുവരുന്ന ഇടതുപക്ഷ സ്വഭാവമുള്ളവരെ സ്വീകരിക്കുന്നതിന് സി പി എം സന്നദ്ധമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേക്കേറുന്നതു തടയുക എന്ന കൃത്യമായ രാഷ്ട്രീയവും സി പി എം നിലപാടിനു പിന്നിലുണ്ട്. കോണ്‍ഗ്രസിന്റെ ചട്ടക്കൂടില്‍ വളര്‍ന്ന ഒരാള്‍ക്ക് എങ്ങിനെ സി പി എമ്മിന്റെ കേഡര്‍ വ്യവസ്ഥക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് പ്രധാന ചോദ്യമായി നില്‍ക്കുന്നത്. കോണ്‍ഗ്രസില്‍  ഒരാളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യപ്പെടുന്നില്ല. സി പി എമ്മില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുകയും വിമര്‍ശനം, സ്വയം വിമര്‍ശനം തുടങ്ങിയ പ്രക്രിയകളെല്ലാം സജീവമായി നില്‍ക്കുകയും ചെയ്യുന്നതിനാല്‍ ഒരു കോണ്‍ഗ്രസ്സുകാരന് സി പി എമ്മിന്റെ സംഘടനാ വ്യവസ്ഥയെ എങ്ങിനെ സ്വീകരിക്കാന്‍ കഴിയും എന്ന ചോദ്യം ഉയര്‍ന്നു നില്‍ക്കുന്നു. എന്നാല്‍, ടി കെ ഹംസയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് സി പി എമ്മിലെത്തി ഉയര്‍ന്ന പദവികളിലേക്കു വളരാന്‍ കഴിഞ്ഞ പാരമ്പര്യവും നിലനില്‍ക്കുന്നു. കെ ടി ജലീലിനെ പോലെ ഇടതുപക്ഷ സഹയാത്രികരായി തുടരാനുള്ള സാധ്യതയും ഉണ്ട്.  എ വി ഗോപിനാഥിന്റെ വാക്കുകളില്‍ അദ്ദേഹം സി പി എമ്മിലേക്കു നീങ്ങുമെന്ന സൂചനയാണുള്ളത്. സി പി എം ഗോപിനാഥിനെ എങ്ങിനെ സ്വീകരിക്കും എന്നത് കോണ്‍ഗ്രസ് വിടാന്‍ കാത്തിരിക്കുന്ന വലിയൊരു വിഭാഗം ഉറ്റു നോക്കുകയാണ്.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തലപൊക്കില്ല

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കീഴടങ്ങി എന്നു ബോധ്യപ്പെട്ടതിനാല്‍ ഡി സി സി പട്ടികയില്‍ ഇനി ചര്‍ച്ചയില്ല എന്നു കെ സുധാകരന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയുള്ള ഡി സി സി ഭാരവാഹികള്‍, കെ പി സി സി ഭാരവാഹികള്‍ എന്നിവയുടെ പട്ടികയും ഗ്രൂപ്പുകള്‍ക്ക് അതീതമായായിരിക്കും എന്ന സൂചന നല്‍കിയതോടെ ഗ്രൂപ്പ് ആശ്രിതത്വത്തില്‍ നിന്നു മോചനം നേടാനുള്ള പ്രവണത പ്രവര്‍ത്തകരില്‍ പ്രകടമായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ പൂര്‍ണമായി വാനിഷ് ചെയ്യാനാണ് നേതൃത്വം ആലോചിക്കുന്നത്. മകനെ നേതൃത്വത്തിലേക്കുയര്‍ത്തി വിശ്രമത്തിലേക്കു പ്രവേശിക്കുന്നതിന് ഉമ്മന്‍ ചാണ്ടി സന്നദ്ധമാവുമെന്നാണ് നേതൃത്വം കരുതുന്നത്.

ചെന്നിത്തലക്ക് ദേശീയ നേതൃത്വത്തിലേക്കു ക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയുള്ളതിനാല്‍ അദ്ദേഹവും കേരളത്തില്‍ ഏറ്റുമുട്ടലിനു നില്‍ക്കില്ല എന്നാണു കരുതുന്നത്. ‘പാര്‍ട്ടി്ക്ക് താങ്ങും തണലുമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണം’  എന്ന പ്രഖ്യാപനത്തോടെ പാര്‍ട്ടിക്കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ നടത്താതെ മാറിനില്‍ക്കണമെന്ന വ്യക്തമായ സൂചന തന്നെയാണ് കെ സുധാകരന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ‘സഹകരിക്കാത്തവരെ സഹകരിപ്പിക്കാനുള്ള മെക്കാനിസമൊന്നും കൈയിലില്ല’ എന്ന സുധാകരന്റെ വാക്കുകള്‍ ഈ നേതാക്കള്‍ക്കുള്ള ശക്തമായ താക്കീതു തന്നെയാണ്.

സുധാകരനും സതീശനും രക്ഷകരാകുമോ?

ഇപ്പോള്‍ കെ സുധാകരനും വി ഡി സതീശനും കെ സി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരം നടത്തുന്ന നീക്കങ്ങളിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് ഇന്നകപ്പെട്ട മൂല്യച്യുതിയില്‍ നിന്ന് രക്ഷപ്പെടില്ലെന്നു കരുതുന്നവരാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം. ബി ജെ പിയുടെ വളര്‍ച്ച തടയാന്‍ ഓരോ ജില്ലയിലും ആരെ നേതൃത്വത്തില്‍ എത്തിക്കണമെന്ന ചര്‍ച്ച പോലും  ഡി സി സി  പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടന്നിട്ടില്ല. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പ്രാപ്തിയുള്ളവര്‍ ആരെന്ന ചര്‍ച്ചയും ഉണ്ടായില്ല. മറ്റു പലവിധ പരിഗണനയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ കൊണ്ട്  ഒന്നും ചെയ്യാനാകില്ല എന്നാണു വിലയിരുത്തല്‍. തിരഞ്ഞെടുക്കപ്പെട്ട 14 ഡി സി സി പ്രസിഡന്റുമാരും യജമാനന്‍മാരോട് കൂറുകാണിക്കുന്നവര്‍ മാത്രമാകും.  ജാതിയും മതവും അടിസ്ഥാനമായി പരിഗണിച്ച് സ്ഥാനത്ത് എത്തിയവര്‍ മതനിരപേക്ഷ സംരക്ഷകരായി മാറുമെന്ന് പ്രതീക്ഷിക്കാനാകുമോ എന്നചോദ്യവും ഉയര്‍ന്നു നില്‍ക്കുന്നു.

പാര്‍ട്ടി അണികളുടെ പിന്തുണയില്ല

കെ സുധാകരന്‍- വി ഡി സതീശന്‍ നേതൃത്വം പാര്‍ട്ടി അണികളുടെ ചെറിയ ശതമാനത്തിന്റെ പോലും പിന്തുണ അവകാശപ്പെടാന്‍ കഴിയുന്നവരല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.  രണ്ട് പ്രമുഖ നേതാക്കളെ മാറ്റിനിര്‍ത്തുക എന്നതിനപ്പുറം അവര്‍ക്ക് ഒരു അജൻഡയില്ല.  പുരയ്ക്കുചായുന്ന മരം വെട്ടിമാറ്റും എന്ന അര്‍ഥത്തില്‍ സീനിയര്‍ നേതാക്കളെ ഇല്ലായ്മ ചെയ്തു മുന്നോട്ടു പോകാനാണു നീക്കം.

കോണ്‍ഗ്രസ്സിനെ പിളര്‍പ്പിലേക്കു നയിച്ചേക്കുമോ?

തങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ അധികാരികളെന്ന് സ്ഥാപിക്കാനാണ് സുധാകരനും സതീശനും ശ്രമിക്കുന്നത്. ഇതു കോണ്‍ഗ്രസിനെ ഒരു പിളര്‍പ്പിലേക്കു നയിച്ചേക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. ഇതര സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ ക്ഷയം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ ബി ജെ പി കേരളത്തിലെ കോണ്‍ഗ്രസിന്റെ പതനം ഉറ്റുനോക്കുന്നുണ്ട്.  ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം മാത്രമാണ്  ബി ജെ പിയുടെ കടന്നുകയറ്റത്തിന് കേരളത്തില്‍ തടയിടുന്നത്. ബി ജെ പിക്കു ഗുണകരമായ കോണ്‍ഗ്രസിന്റെ പ്രവൃത്തി് കേരളത്തിലെ പൊതുസമൂഹം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കേരളത്തിന് അനുയോജ്യമായ രാഷ്ട്രീയ തന്ത്രം മെനയാന്‍ കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ നേതൃത്വത്തിന് കഴിയില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ കരുതുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest