Kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
തിരുവനന്തപുരം | സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട മഴ കണക്കിലെടുത്ത് നേരത്തെ രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട,ഇടുക്കി,തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
നാളെ പത്തനംതിട്ട, ഇടുക്കി, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു .കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്.