Connect with us

Editorial

മാറ്റം പദപ്രയോഗത്തില്‍ മാത്രം പോരാ

പട്ടികജാതി-വര്‍ഗക്കാരുമായി ബന്ധപ്പെട്ട ചില പദങ്ങളും പ്രയോഗങ്ങളും ഒഴിവാക്കിയത് കൊണ്ടായോ? ഈ വിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും വിവേചനങ്ങളും അവഹേളനങ്ങളും പാര്‍ശ്വവത്കരണവും ഇന്നോളം പരിഹരിക്കപ്പെട്ടില്ല. ഇവ്വിഷയകമായി നിയമനിര്‍മാണങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവ ഏടുകളിലൊതുങ്ങുന്നു.

Published

|

Last Updated

ഗോത്രവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളെ ‘കോളനി’കളെന്നു വിളിക്കുന്നത് ഒഴിവാക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു സംസ്ഥാന പട്ടികജാതി-വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്റെ പദവിയില്‍ നിന്നുള്ള പടിയിറക്കം. കോളനി എന്ന പ്രയോഗം താമസക്കാരില്‍ അവമതിപ്പും അപകര്‍ഷതയും സൃഷ്ടിക്കുന്നതിനാലാണ് ആ പ്രയോഗം ഒഴിവാക്കിയതെന്നും നഗര്‍ എന്ന പേരിലായിരിക്കും ഗോത്രവര്‍ഗ കുടുംബ കൂട്ടായ്മയെ ഇനി വിശേഷിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിപ്ലവകരവും ചരിത്രപരവുമായ പ്രഖ്യാപനമെന്നാണ് ഇതിനെ സര്‍ക്കാറും മാധ്യങ്ങളും വിശേഷിപ്പിക്കുന്നത്. സമാനമായ ചില ഉത്തരവുകള്‍ നേരത്തേ കേന്ദ്രത്തില്‍ നിന്നും കോടതികളില്‍ നിന്നും വന്നിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഔദ്യോഗിക കുറിപ്പുകളില്‍ നിന്ന് ദളിത് എന്ന പദം ഒഴിവാക്കണമെന്ന് 2018 ജനുവരിയില്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്ന് 2018 ജൂണില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തോടും പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും ആവശ്യപ്പെടുകയുണ്ടായി. ഇതടിസ്ഥാനത്തില്‍ 2018 സെപ്തംബറില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലുകള്‍ക്ക് നിര്‍ദേശവും നല്‍കി. ഹരിജന്‍, ഗിരിജന്‍, ദളിത് എന്നീ പദങ്ങള്‍ ഉപയോഗിക്കരുതെന്ന് 2008ല്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷനും ഉത്തരവിട്ടിരുന്നു.

എന്നാല്‍ പട്ടികജാതി-വര്‍ഗക്കാരുമായി ബന്ധപ്പെട്ട ചില പദങ്ങളും പ്രയോഗങ്ങളും ഒഴിവാക്കിയത് കൊണ്ടായോ? ഈ വിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും വിവേചനങ്ങളും അവഹേളനങ്ങളും പാര്‍ശ്വവത്കരണവും ഇന്നോളം പരിഹരിക്കപ്പെട്ടില്ല. ഇവ്വിഷയകമായി നിയമനിര്‍മാണങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവ ഏടുകളിലൊതുങ്ങുന്നു. തൊട്ടുകൂടായ്മ, സ്വത്തിന് അവകാശമില്ലായ്മ, ഉയര്‍ന്ന ജാതിക്കാര്‍ വലിച്ചെറിഞ്ഞ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും മോശം ഭക്ഷണം, പൊതുകിണറുകളില്‍ നിന്ന് വെള്ളമെടുക്കുന്നതിനു വിലക്ക്, ക്ഷേത്രവിലക്ക് തുടങ്ങി ജാതീയത കൊടികുത്തിവാണ കാലത്ത് പട്ടികജാതി-വര്‍ഗക്കാര്‍ അനുഭവിച്ചിരുന്ന വിവേചനങ്ങള്‍ ഇന്നും അവശേഷിക്കുന്നു രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം കേരളത്തിലും. റോഡ്, വെള്ളം, വൈദ്യുതി, ആരോഗ്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെ പിന്നിലാണ് പട്ടികജാതി-വര്‍ഗ പ്രദേശങ്ങള്‍. പി എസ് സി റാങ്ക് ലിസ്റ്റുകളിലും സര്‍ക്കാര്‍ ജോലികളിലും കടന്നുകൂടുന്ന പട്ടികജാതി-വര്‍ഗക്കാരുടെ എണ്ണം പരിശോധിച്ചാലും വ്യക്തമാകും ഈ വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനവും അവഗണനയും.

2018ലെ മഹാപ്രളയ കാലത്ത് ജനങ്ങള്‍ ജാതീയ, സാമുദായിക വേര്‍തിരിവുകള്‍ വിസ്മരിച്ച് ഒരു മെയ്യെന്ന പോലെ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചപ്പോള്‍, അവിടെയും കടന്നുവന്നു ജാതീയ ചിന്ത. അന്ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ 28 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദളിതരുമൊത്ത് ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കാനും ഭക്ഷണം കഴിക്കാനും വിസമ്മതിച്ചിരുന്നു. കേരളീയ വിദ്യാലയങ്ങളില്‍ ദളിത് വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന വിവേചനവും പീഡനവും പതിവു വാര്‍ത്തയാണ്. ജാതീയതയുടെ പ്രതീകമാണ് പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്‌കൂള്‍. മികച്ച കെട്ടിടം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, സ്ഥിരം അധ്യാപകര്‍, കളിക്കാന്‍ പാര്‍ക്ക് തുടങ്ങി ഒരു നല്ല സ്‌കൂളിനു വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും സാംബവ (പറയര്‍) വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നുവെന്ന കാരണത്താല്‍ ഇതര വിഭാഗങ്ങളെല്ലാം ഈ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ വിസമ്മതിക്കുന്നു. പാലക്കാട് ഗോവിന്ദപുരത്തുമുണ്ട് അയിത്തവും തൊട്ടുകൂടായ്മയും സഹിച്ച് ജാതീയതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ജീവിക്കുന്ന ഒരു വിഭാഗം. ചക്കിലിയ സമുദായക്കാരായ ഇവര്‍ക്ക് പലചരക്കു കടയും കുടിവെള്ള ടാപ്പും ബാര്‍ബര്‍ ഷോപ്പുമെല്ലാം വേറെയാണ്. ഹിന്ദു മതത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരെ പുലയ ക്രിസ്ത്യാനി, പറയ ക്രിസ്ത്യാനി, നാടാര്‍ ക്രിസ്ത്യാനി എന്നിങ്ങനെ ജാതീയതയുടെ വാല് ചേര്‍ത്തു വിളിക്കുന്നതും നമ്മുടെ പുരോഗമന കേരളത്തിലാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തിരുവനന്തപുരം നേമം വിക്ടര്‍ സ്‌കൂളിലെ എസ് എസ് എല്‍ സി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് സ്‌കൂള്‍ ടീച്ചറില്‍ നിന്ന് നിരന്തരം ഏല്‍ക്കേണ്ടിവന്ന പീഡനവും അപരമാനകരമായ പെരുമാറ്റവും സഹിക്കവയ്യാതെയായിരുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഒരു ദളിത് ഉദ്യോഗസ്ഥന്‍ രാജി വെച്ചപ്പോള്‍ പകരം വന്ന ഉദ്യോഗസ്ഥന്‍ ഓഫീസിലെ കസേര പുണ്യാഹം തളിച്ചു ശുദ്ധമാക്കിയ ശേഷമാണ് ആ സീറ്റിലിരിക്കാന്‍ സന്നദ്ധമായത്. ജാതീയതയെ മനസ്സില്‍ താലോലിക്കുന്നവരാണ്, മനുഷ്യാവകാശത്തെയും പുരോഗമനത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഉദ്യോഗസ്ഥ വൃന്ദവും രാഷ്ട്രീയ നേതൃത്വവുമെല്ലാം.

രാജ്യത്തിന്റെ ഭരണഘടനാ ശില്‍പ്പി അംബേദ്കര്‍ പോലും അനുഭവിച്ചതാണ് സാമൂഹികമായ ഒറ്റപ്പെടല്‍. ചാതുര്‍വര്‍ണ്യ വ്യവസ്ഥക്ക് അടിസ്ഥാനമായ മനുസ്മൃതി ചുട്ടെരിച്ചായിരുന്നു അംബേദ്കര്‍ ജാതീയതയോടുള്ള തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. 1927 ഡിസംബര്‍ പതിനഞ്ചിനായിരുന്നു മഹാരാഷ്ട്ര കൊങ്കണ്‍ മേഖലയിലെ തീരദേശ പട്ടണമായ മഹദില്‍ വലിയൊരു ജനക്കൂട്ടത്തിനൊപ്പം ജാതീയതക്കെതിരായ പോരാട്ടത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. അതുകഴിഞ്ഞ് 97 വര്‍ഷം കടന്നു പോയി. അതിനിടെ നമ്മുടെ ചിന്തയും ബുദ്ധിയും ഭൂമിയില്‍ നിന്ന് ചന്ദ്രനോളം നീണ്ടു. എങ്കിലും സമൂഹത്തില്‍ ഇപ്പോഴും ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നു ജാതിചിന്ത. പുറംതൊലി ചികിത്സകള്‍ കൊണ്ട് തുടച്ചു മാറ്റാനാകില്ല ഈ വിപത്ത്. പിന്നാക്ക ജാതിക്കാരും മനുഷ്യസമൂഹത്തിന്റെ ഭാഗമാണെന്ന ബോധം ഉള്‍ക്കൊള്ളാന്‍ ജാതിമേലാളന്മാര്‍ സന്നദ്ധമായെങ്കിലേ ഇത് പരിഹൃതമാകൂ.

 

Latest