Connect with us

From the print

ഭൂമി തരം മാറ്റല്‍; അതിവേഗം തീര്‍പ്പാക്കാന്‍ കൂടുതല്‍ ജീവനക്കാര്‍

181 പേരെ പുതുതായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഏറ്റവും അധികം കൃഷിഭൂമി തരംമാറ്റുന്നത് എറണാകുളത്ത്

Published

|

Last Updated

കൊച്ചി/കാക്കനാട് | ഭൂമി തരംമാറ്റാനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ അതിവേഗം തീര്‍പ്പാക്കല്‍ പദ്ധതിയുമായി സര്‍ക്കാര്‍. ജീവനക്കാരെ പുനര്‍വിന്യസിച്ച് എല്ലാ അപേക്ഷകളും തീര്‍പ്പാക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കൂടുതല്‍ ജീവനക്കാരെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സംസ്ഥാനത്തൊട്ടാകെ 181 ഒഴിവുകളിലേക്കാണ് പുതിയ നിയമനം.

ഭൂമി തരംമാറ്റ രേഖകള്‍ പരിശോധിക്കുന്ന വില്ലേജ്, താലൂക്ക്, ആര്‍ ഡി ഒ ഓഫീസ്, കലക്ടറേറ്റ് എന്നിവിടങ്ങളിലാണ് നിയമനം. എറണാകുളം ജില്ലയിലാണ് കൂടുതല്‍ നിയമനം. 31 പേരെയാണ് എറണാകുളത്ത് മാത്രം നിയമിച്ചിട്ടുള്ളത്. കുറവ് നിയമനം ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ.് രണ്ട് വീതം ജീവനക്കാരെയാണ് ഇവിടെ നിയമിച്ചത്.

ഏറ്റവും അധികം കൃഷിഭൂമി തരംമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നതും നിലവില്‍ എറണാകുളത്താണ്. ദിനംപ്രതി നിരവധി അപേക്ഷകളാണ് ഓണ്‍ലൈനായി എത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളത്ത് മാത്രം 5.000ത്തോളം അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കെട്ടിക്കിടപ്പുള്ളതായാണ് വിവരം. അതാത് ഓഫീസുകളിലുള്ള ജീവനക്കാരുടെ ഒഴിവുകള്‍ ജില്ലാ കലക്ടര്‍ റിപോര്‍ട്ട് ചെയ്തതനുസരിച്ചാണ് പി എസ് സി വഴി നിയമനം.

വിഭാഗങ്ങളിലെ സീനിയറായ ക്ലാര്‍ക്കുമാരെ ഭൂമി തരംമാറ്റ ജോലികളിലേക്ക് മാറ്റി പുതുതായി നിയമിക്കുന്നവരെ മാറ്റപ്പെടുന്ന സീറ്റുകളില്‍ നിയമനം നടത്തണമെന്നാണ് കലക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകളും നിത്യേന ലഭിക്കുന്ന അപേക്ഷകളിലും നടപടികള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം. ആര്‍ ഡി ഓഫീസുകളില്‍ ഓരോ അപേക്ഷയും തീര്‍പ്പാക്കുന്നതിന് സങ്കീര്‍ണമായ നടപടിക്രമങ്ങളുണ്ട്. അപേക്ഷകന്‍ സമര്‍പ്പിച്ച രേഖകളും വില്ലേജ്, കൃഷി ഓഫീസുകളില്‍ നിന്നുള്ള റിപോര്‍ട്ടുകളും പരിശോധിച്ചാണ് ആര്‍ ഡി ഒ തീര്‍പ്പ് കല്‍പ്പിക്കുക. ഈ അനുമതിരേഖ താലൂക്ക് ഓഫീസില്‍ നല്‍കി ആവശ്യമെങ്കില്‍ ഭൂമിയുടെ സബ് ഡിവിഷന്‍ നടത്തണം. ഏറ്റവുമൊടുവില്‍ വില്ലേജ് രേഖകളിലും മാറ്റം വരുത്തുന്നതോടെയാണ് തരംമാറ്റം പൂര്‍ണമാകുക.