Kerala
ദേശീയ നേതൃത്വത്തിന്റെ കൂടുമാറ്റം നിലനിൽപ്പ് ഭീഷണിയിൽ ജെ ഡി എസ്
അന്തിമ നിലപാട് ഈ മാസം ഏഴിന്
കോഴിക്കോട് | ജനതാദൾ എസ് ദേശീയ നേതൃത്വത്തിന്റെ നിലപാടില്ലാത്ത നിലപാടിൽ വീണ്ടും പ്രതിസന്ധിയിലായി ദൾ സംസ്ഥാന ഘടകം. കർണാടകത്തിൽ ഇടയ്ക്ക് ബി ജെ പിക്കൊപ്പവും മറ്റൊരു ഘട്ടത്തിൽ കോൺഗ്രസ്സിന്റെ കൂടെയും സഖ്യമുണ്ടാക്കുന്ന ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവെഗൗഡക്കും മകൻ കുമാരസ്വാമിക്കും കൂടുമാറ്റം പുതുമയല്ല. എന്നാൽ, പുതിയ സാഹചര്യത്തിൽ ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയുടെ ഭാഗമാകാനുള്ള ഇരുവരുടെയും തീരുമാനം ഏറെ പ്രതിസന്ധിയിലാക്കിയത് കേരള ഘടകത്തെയാണ്.
കർണാടകയിൽ 19 എം എൽ എമാരുള്ള ജനതാദൾ പിളർപ്പിനെ അഭിമുഖീകരിക്കുമ്പോൾ കേരളത്തിൽ നിലനിൽപ്പ് തന്നെ ഭീഷണിയാകുന്ന അവസ്ഥയിലാണ്. സംസ്ഥാന കമ്മിറ്റിയുമായി ആലോചിക്കാതെയാണ് എൻ ഡി എയിൽ ചേരാനുള്ള ഗൗഡയുടെ തീരുമാനമെന്നാണ് പാർട്ടി കർണാടക ഘടകം സംസ്ഥാന പ്രസിഡന്റ് സി എം ഇബ്‌റാഹീം പ്രതികരിച്ചത്. ഈ മാസം 16ന് ശേഷം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ഏഴിന് എറണാകുളത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ അന്തിമ നിലപാടെടുക്കാനാണ് കേരള ഘടകത്തിന്റെ തീരുമാനം. എന്നും മതേതര ചേരിക്കൊപ്പം നിലകൊണ്ട കേരള ഘടകം ജെ ഡി എസിന് മറിച്ചൊരു തീരുമാനമെടുക്കാൻ കഴിയില്ലെങ്കിലും പാർട്ടി വിടുന്ന പക്ഷം ജനപ്രതിനിധികൾ അയോഗ്യരാകുമെന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും.
നിലവിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസുമാണ് ജെ ഡി എസിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. കൂടാതെ, തദ്ദേശ സ്ഥാപനങ്ങളിലും പാർട്ടിക്ക് അംഗങ്ങളുണ്ട്. ജെ ഡി എസ് പ്രതിസന്ധിയിലായതോടെ നേരത്തേ ദളിൽ നിന്ന് പിളർന്ന എം വി ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദൾ പ്രവർത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. സംസ്ഥാന സർക്കാർ രണ്ടര വർഷം തികയ്ക്കുന്ന ഘട്ടത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എൽ ജെ ഡി കത്ത് നൽകിയിട്ടുണ്ട്.
അതേസമയം, ജനതാദൾ എസ് ദീർഘകാലമായി നേരിടുന്ന പ്രതിസന്ധിയുടെ തുടർച്ചയാണ് ഇപ്പോഴത്തേത്. 1977ൽ ജയപ്രകാശ് നാരായണൻ രൂപം കൊടുത്ത ജനതാപാർട്ടി 1980ൽ പിളരുകയും 1988ൽ ജനതാദൾ എസിന് രൂപം നൽകുകയുമായിരുന്നു. പിന്നീട് ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജനതാദൾ യു രൂപവത്കരിച്ച് ബി ജെ പി സഖ്യത്തിനൊപ്പം ചേർന്നു. ഇടക്ക് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിടുകയും പിന്നീട് ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) രൂപവത്കരിക്കുകയും ചെയ്തു.
ഈ ഘട്ടത്തിലെല്ലാം കേരളത്തിലെ ജെ ഡി എസ് മതേതര പക്ഷത്ത് തന്നെയായിരുന്നു. നേരത്തേ യു ഡി എഫ് ഘടകകക്ഷിയായിരുന്ന വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എൽ ജെ ഡി പിന്നീട് എൽ ഡി എഫിലേക്ക് കടന്നുവന്നു. ജെ ഡി എസും എൽ ജെ ഡിയും എൽ ഡി എഫ് കക്ഷികളായതോടെ ഇരു പാർട്ടികളും യോജിക്കണമെന്നാവശ്യം സി പി എം മുന്നോട്ട് വെച്ചു. ഇതു സംബന്ധിച്ച ചർച്ചകൾ പല ഘട്ടങ്ങളിലായി നടന്നെങ്കിലും വിജയിച്ചില്ല.