League and LDF
മൂന്നണിമാറ്റം ഇപ്പോള്‍ ലീഗിന്റെ അജന്‍ഡയിലില്ല: പി കെ കുഞ്ഞാലിക്കുട്ടി
ഇ പി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ല

മലപ്പുറം | മുന്നണിമാറ്റം ഇപ്പോള്‍ മുസ്ലിം ലീഗിന്റെ അജന്‍ഡയിലില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇ പി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ല. അദ്ദേഹം എല്‍ ഡി എഫ് കണ്‍വീനറായപ്പോള്‍ പൊതുവായി പറഞ്ഞ കാര്യമാകും ലീഗിന്റെ മുന്നണി ക്ഷണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ ലീഗിനെ മുന്നണിയിലെടുക്കുമെന്ന ഇ പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി മാറ്റം സംബന്ധിച്ച ഒരു ചര്‍ച്ചയും ഇപ്പോഴില്ല. ലീഗിന്റെ അജന്‍ഡയില്‍ ഈ ഘട്ടത്തില്‍ അത്തരം ഒന്നുമില്ല. നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് ലീഗ്. ഞങ്ങള്‍ ഇപ്പോള്‍ യു ഡി എഫിനൊപ്പാമാണ്. യു ഡി എഫിനെ ശക്തിപ്പെടുത്താനാണ് ലീഗ് ഇപ്പോള്‍ ശ്രമിക്കുക.
രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ വിഭജനത്തിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന വിഷയം സംസ്ഥാനത്തെ വര്‍ഗീയ ചേരിതിരിവ് തടയലാണ്. തീവ്രവാദികളുടെ കരങ്ങളിലേക്ക് സംസ്ഥാന രാഷ്ട്രീയം പോകാതെ നോക്കലാണ് പ്രധാനം. മതേതര കേരളത്തില്‍ ലീഗിന് ഒരു ഇടമുണ്ട്. ന്യൂനപക്ഷ, ഭൂരിഭക്ഷ വര്‍ഗീയതയെ തടയുന്നതിനാണ് ലീഗ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഭൂരിഭക്ഷ, ന്യൂനപക്ഷ വര്‍ഗീയതയുടെ ആള്‍ക്കാര്‍ ലീഗിന്റെ മുഖ്യ ശത്രുക്കളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മതേതര കേരളത്തില്‍ ലീഗിന് ഒരു ഇടമുണ്ട്. വര്‍ഗീയതയെ നേരിടുന്ന ക്യാമ്പയിനില്‍ എല്ലാ മതേതര കക്ഷികളും ഒന്നിച്ച് നില്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.