change of place name
സ്ഥല നാമങ്ങളുടെ മാറ്റം: ഉത്തരേന്ത്യയില്‍ വിജയം കണ്ട വര്‍ഗീയ നീക്കവുമായി ബി ജെ പി കേരളത്തിലേക്കും
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന വര്‍ഗീയ നീക്കമാണെന്ന അഭിപ്രായവുമായി മതേതര പാര്‍ട്ടികള്‍ രംഗത്തുവന്നു.
കോഴിക്കോട് | സ്ഥല നാമങ്ങള്‍ മാറ്റി വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്ന ബി ജെ പിയുടെ ആയുധം കേരളത്തിലും പ്രയോഗിക്കാന്‍ ശ്രമം. ഉത്തരേന്ത്യയില്‍ വ്യാപകമായി പ്രയോഗിച്ചു വിജയം കണ്ട തന്ത്രം കേരളത്തിലും കൊണ്ടുവരാനാണ് നീക്കം.
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കുമെന്ന വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ഥിയായ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന വര്‍ഗീയ നീക്കമാണെന്ന അഭിപ്രായവുമായി മതേതര പാര്‍ട്ടികള്‍ രംഗത്തുവന്നു. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നാണു സുരേന്ദ്രന്റെ വാദം. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന വാദമുയര്‍ത്തിയാണ് ബി ജെ പിയുടെ വര്‍ഗീയ നീക്കം.
ഒരു പ്രത്യേക മതത്തെ ഉന്നമിട്ട് അധികാരമുപയോഗിച്ച് സ്ഥലനാമങ്ങളും റോഡുകളുടെ പേരും മാറ്റുന്ന ബി ജെ പി നീക്കത്തിനെതിരെ സുപ്രിം കോടതി നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചി രുന്നു. അധിനിവേശത്തിന്റെ കഥകള്‍ മാന്തിയെടുത്ത് ഭൂതകാലത്തിന്റെ തടവറയില്‍ രാജ്യത്തെയും വരും തലമുറയെയും തളച്ചിടാനാവില്ലെന്ന ജസ്റ്റിസുമാരായ കെ എം ജോസഫി ന്റെയും ബി വി നാഗരത്‌നയുടേയും 2023 ഫെബ്രുവരിയിലെ വിധി നിലനില്‍ക്കെയാണ് ധ്രുവീകരണം ലക്ഷ്യമിട്ടു കേരളത്തിലും ബി ജെ പി രംഗത്തുവരുന്നത്.
ഒരു പ്രത്യേക മതത്തെ ഉന്നംവച്ച് സ്ഥലങ്ങളുടെയും റോഡുകളുടെയും പേരുകള്‍ മാറ്റണമെന്ന ബി ജെ പി നേതാവ് അഡ്വ. അശ്വിനി ഉപാധ്യായയുടെ ആവശ്യത്തെ അതിരൂക്ഷമായി വിമര്‍ശിച്ചാണു സുപ്രീംകോടതി തള്ളിയത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ പയറ്റിയ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് ഇത്തരം നീക്കത്തിനു പിന്നിലെന്നു ജസ്റ്റിസ് നാഗരത്‌ന തുറന്നടിച്ചിരുന്നു.
ബി ജെ പി അധികാരം ഉപയോഗിച്ച് അടുത്ത കാലത്ത് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ അമൃത് ഉദ്യാന്‍ എന്നാക്കി മാറ്റി. ഡല്‍ഹിയിലെ രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാക്കി. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മ്മയായ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കിയിരുന്നു. ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി. ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിന്റെ പേരും മാറ്റിയിരുന്നു.
ഉത്തര്‍ പ്രദേശ്, ഗുജ്‌റാത്ത് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടപ്പാക്കിയ സ്ഥലനാമങ്ങളുടെ മാറ്റം ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലും ഹിന്ദുത്വ രാഷ്ട്രീയത്തിന് കരുത്തു കൂട്ടുന്നതിലും വിജയിച്ചിരുന്നു. ഈ രീതി നടപ്പാക്കാന്‍ ബി ജെ പി അധികാരത്തില്‍ വന്ന മറ്റു സംസ്ഥാനങ്ങളും നീക്കം നടത്തി. അസമില്‍ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ തന്നെ ഇത്തരം നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കി. സ്ഥല നാമങ്ങള്‍ മാറ്റാന്‍ ജനങ്ങള്‍ക്ക് ഇ-പോര്‍ട്ടല്‍ വഴി പുതിയ പേരുകള്‍ നിര്‍ദ്ദേശിക്കാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ബി ജെ പി അധികാരമേറ്റതിന് ശേഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, കായിക സമുച്ചയങ്ങള്‍ തുടങ്ങി നിരവധി ഇടങ്ങളുടെ പേരുകള്‍ ഹിന്ദുത്വ ശക്തികളുടെ താല്‍പര്യ പ്രകാരം മാറ്റി. ഇതിന്റെ തുടര്‍ച്ചയായാണ് ബി ജെ പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും സ്ഥലനാമങ്ങള്‍ മാറ്റുന്നത് രാഷ്ട്രീയ അജണ്ടയാക്കി മാറ്റിയത്. ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാക്കി മാറ്റാനുള്ള നീക്കത്തിനും പാഠപുസ്തകങ്ങളില്‍ നിന്നു ചരിത്ര വസ്തുതകള്‍ നീക്കുന്നതിനും എതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മതേതരത്വത്തിനു പേരുകേണ്ട കേരളത്തിലും ഇത്തരം വര്‍ഗീയ നീക്കങ്ങളുമായി ബി ജെ പി എത്തുന്നത്.