തെളിയോളം
കപ്പലിന്റെ ദിശ മാറ്റുക, കാറ്റിൻ്റേതല്ല
"മുഖം സൂര്യപ്രകാശത്തിന് നേരെ പിടിച്ചാൽ നിഴലുകൾ നിങ്ങളുടെ പിന്നിലാവും' എന്ന ആപ്തവാക്യം ഓർത്തു വെക്കുക. പുറം തിരിഞ്ഞു നിന്നാൽ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ നമ്മുടെ മുന്നിൽ കയറി നിൽക്കും. പ്രയാസകരമായ സമയങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഭയം എന്ന ദുർബല വികാരം ശരിയാംവിധം അനുഭവിക്കാൻ തയ്യാറാവുക എന്നത് തന്നെയാണ് നമ്മുടെ ബലം. ദുർബലമായ ഏത് വികാരവും ശക്തിപ്പെടാനുള്ള അവസരമാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്.
നമ്മൾ നമ്മെത്തന്നെ ഉപേക്ഷിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. മാനസികമായി തളർത്തുന്നതോ അരക്ഷിതാവസ്ഥയിൽ ആണ്ടുപോകുന്നതോ ആയ ചില ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴാകാം. അല്ലെങ്കിൽ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒരു പ്രശ്നം കൈകാര്യം ചെയ്യേണ്ടി വരുമ്പോഴായിരിക്കാം. അപ്പോൾ അനുഭവപ്പെടുന്ന വികാരങ്ങളിൽ നിന്ന് ഒളിച്ചോടാനാണോ നാം ശ്രമിക്കാറുള്ളത്? ഇത്തരം അവസ്ഥകളെ മറികടക്കാൻ മയക്കുമരുന്ന്, മദ്യം, ലൈംഗികത, ചൂതാട്ടം തുടങ്ങിയ മറ്റേതെങ്കിലുമൊരു നെഗറ്റീവ് എനർജി സ്വയം ആവാഹിച്ച് പ്രശ്നങ്ങളെ നേരിടുന്ന ബുദ്ധിശൂന്യതയിലേക്ക് എടുത്തു ചാടുന്നവരുമുണ്ട്.
സങ്കടം, ദേഷ്യം, ഏകാന്തത, നീരസം, ഉത്കണ്ഠ, സമ്മർദം, ഭയം തുടങ്ങിയ ഏത് വികാരങ്ങൾ ഉണ്ടായാലും അവയെ സമർഥമായി ഉപയോഗിക്കുമ്പോൾ നമ്മിൽ പോസിറ്റീവ് ശക്തി ഉരുവം കൊള്ളുമെന്നറിയുക.
തളർച്ചയോ പരാജയമോ പ്രശ്നമോ ഉണ്ടായതിന് ന്യായമായ കാരണങ്ങൾ കണ്ടെത്തി സമാധാനിക്കുന്നത് നിങ്ങൾക്ക് ഗുണകരമാവില്ല. അവ മറികടക്കുന്നതിന് ഉചിതമായ പരിഹാര വഴിയിലേക്ക് പ്രവേശിക്കുക എന്നതിലാണ് കാര്യം. നിങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ മറ്റുള്ളവർക്ക് ആയിരം പരിഹാരങ്ങൾ നിർദേശിക്കാനുണ്ടാകും. പ്രശ്നത്തെ ശരിയാം വിധം മനസ്സിലാക്കാൻ നിങ്ങൾക്കേ കഴിയൂ എന്നതിനാൽ പരിഹാരവും സ്വയം കണ്ടെത്തുന്നതാണ് മികച്ച വഴി. പരീക്ഷണങ്ങൾ നമ്മെ പരുവപ്പെടുത്തുകയാണ് എന്ന വിചാരത്തോടെ അതിജീവന പരിശ്രമങ്ങളിൽ സ്വയം ഉത്തരവാദിത്വം വഹിക്കണം. ദുഷ്കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത് തീർച്ചയായും നമ്മെ ഭയപ്പെടുത്തും. പക്ഷേ, ഭയം എന്ന അനുഭവം നമ്മുടെ ആന്തരിക ശക്തിയെ ഉജ്ജ്വലിപ്പിക്കുമെന്നതാണ് യാഥാർഥ്യം. നമ്മുടെ പിന്നിലുള്ളതും നമ്മുടെ മുന്നിലുള്ളതും നമ്മുടെ ഉള്ളിലുള്ളതിനെ അപേക്ഷിച്ച് വളരെ ചെറിയ കാര്യങ്ങളാണെന്നർഥം.
“മുഖം സൂര്യപ്രകാശത്തിന് നേരെ പിടിച്ചാൽ നിഴലുകൾ നിങ്ങളുടെ പിന്നിലാവും’ എന്ന ആപ്തവാക്യം ഓർത്തു വെക്കുക.
പുറം തിരിഞ്ഞു നിന്നാൽ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ നമ്മുടെ മുന്നിൽ കയറി നിൽക്കും. പ്രയാസകരമായ സമയങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഭയം എന്ന ദുർബല വികാരം ശരിയാംവിധം അനുഭവിക്കാൻ തയ്യാറാവുക എന്നത് തന്നെയാണ് നമ്മുടെ ബലം. ദുർബലമായ ഏത് വികാരവും ശക്തിപ്പെടാനുള്ള അവസരമാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. പ്രതിസന്ധികളെ ഇല്ലാതാക്കുക എന്നാൽ നമുക്ക് നിയന്ത്രണമില്ലാത്ത ഒന്നിനെ നിർവീര്യമാക്കുക എന്നതല്ല, അതിനപ്പുറം പോകാൻ നമ്മുടെ വിഭവങ്ങളെ പരിപൂർണമായി വിനിയോഗിക്കുക എന്നതാണ്. “കാറ്റിന്റെ ദിശ മാറ്റാൻ എനിക്ക് കഴിയില്ല, പക്ഷേ എന്റെ ലക്ഷ്യസ്ഥാനത്തെത്താൻ ഞാൻ സഞ്ചരിക്കുന്ന കപ്പലിനെ ശരിയായി നിയന്ത്രിക്കാൻ എനിക്കു കഴിയും.’ എന്ന ജിമ്മി ഡീനിന്റെ വാക്കുകൾ എത്രമാത്രം അർഥപൂർണമാണ്.
ഒരു പ്രതികൂല ഘട്ടത്തെ അഭിമുഖീകരിക്കുമ്പോൾ നിഷേധാത്മക ചിന്തകളിൽ മാത്രം മുഴുകി അതിന്റെ വ്യാപ്തി വർധിപ്പിക്കുന്നവരാണധികവും. ഒറ്റക്കിരുന്ന് സ്വയം തളർത്തുന്ന ദുരന്തസ്മരണകളിൽ മുഴുകിയിരിക്കുന്നത് കൊണ്ട് നമുക്ക് എന്ത് ഗുണം കിട്ടാനാണ്! ഇത്തരം നിമിഷങ്ങൾ സ്വയം ശിക്ഷിക്കുന്ന അവസ്ഥയിലേക്ക് നാം എത്തിപ്പെടുന്നത് മിക്കവാറും മറ്റുള്ളവരെക്കൂടി ബോധിപ്പിക്കുക എന്ന മനസ്സിന്റെ ദുർബോധനം കൊണ്ടാണ്. വേദനാജനകമായ ഒരു കാര്യം ജീവിതത്തിൽ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഏത് വികാരവും യഥാവിധി പ്രകടിപ്പിക്കണം എന്നത് ശരിയാണ്.
കരച്ചിൽ വരുന്നെങ്കിൽ കരയണം, ഉത്കണ്ഠ ഉണ്ടെങ്കിൽ അത് പ്രകടമാകണം. പക്ഷേ “എല്ലാം തീർന്നു’ എന്ന രീതിയിൽ പാടേ ഉൾവലിഞ്ഞു പോകുന്നതു കൊണ്ട് എന്ത് പ്രയോജനം! നമുക്ക് നഷ്ടമാകുന്നിടത്ത് മാത്രമേ മുന്നോട്ട് വഴിയില്ലാതാകുന്നുള്ളു. നമുക്ക് നാം മാത്രമല്ല ഉള്ളത് എന്ന് തിരിച്ചറിയാനുള്ള ഏറ്റവും നല്ല സന്ദർഭം ദുരന്തമുഖങ്ങളാണ്. ഏത് വെല്ലുവിളിയും നേരിടാൻ സ്വയം പ്രാപ്തി ഉണ്ടാവുക എന്നതിനൊപ്പം ചുറ്റുമുള്ള എല്ലാവർക്കുമൊപ്പം ചേർന്നിരിക്കുക. ഒറ്റപ്പെടലിലേക്ക് എടുത്തു ചാടാതിരിക്കുക. പ്രശ്നങ്ങളൊക്കെ താത്കാലികമാണ് എന്ന ഉറച്ച മാനസിക നിലയോടെ മുന്നോട്ടു നീങ്ങുക. “അവസാനം എല്ലാം ശരിയാകും. ശരിയല്ലെങ്കിൽ, അത് അവസാനമല്ല’ എന്ന് പൗലോ കൊയ്്ലോ. “അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങൾ നിരാശരാവരുത് ‘ എന്നത് ഏത് വിഷമഘട്ടത്തിലും ഓർക്കാവുന്ന ഖുർആനികാധ്യാപനമാണ്.