medical negligence
തൃശൂർ മെഡി.കോളജിൽ മരുന്ന് മാറിനൽകി; രോഗി വെൻ്റിലേറ്ററിൽ
അസുഖം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് അധികൃതരുടെ അനാസ്ഥ കാരണം വീണ്ടും ദുരിതത്തിലായത്.
തൃശൂർ | തൃശൂർ മെഡി. കോളജ് ആശുപത്രിയിൽ മരുന്ന് മാറിനൽകിയതിനെ തുടർന്ന് രോഗി ഗുരുതരാവസ്ഥയിൽ. അബോധാവസ്ഥയിലുള്ള രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെൽത്ത് ടോണിക്കിന് പകരം അലർജിക്കുള്ള ചുമയുടെ മരുന്നാണ് രോഗിക്ക് നൽകിയത്. 25കാരനായ ചാലക്കുടി പോട്ട സ്വദേശി അമലിനാണ് ഈ ദുരിതം. മെഡി. കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.
ബൈക്ക് അപകടത്തെത്തുടർന്ന് കൈകാലുകൾ ഒടിഞ്ഞ് ഒരു മാസമായി മെഡി. കോളജിൽ ചികിത്സയിലായിരുന്ന അമൽ, അസുഖം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് അധികൃതരുടെ അനാസ്ഥ കാരണം വീണ്ടും ദുരിതത്തിലായത്. ആശുപത്രി വളപ്പിലെ ന്യായവില മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവെക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാകുകയുമായിരുന്നു. അപസ്മാരത്തിന്റെ ലക്ഷണം കണ്ടതോടെ വെന്റിലേറ്റർ സഹായമുള്ള ഐ സി യുവിലേക്ക് മാറ്റി.
ഡോക്ടർ എഴുതിയ മരുന്നിന് പകരം ഫാർമസിസ്റ്റ് മറ്റൊരു മരുന്ന് നൽകുകയായിരുന്നു. മരുന്ന് മാറി നൽകിയ വിവരമറിഞ്ഞെത്തിയ ഡോക്ടർ ഷോപ്പ് ചുമതലക്കാരനെ വാർഡിൽ വിളിച്ചുവരുത്തി ശാസിച്ചു. പ്രായമായ മാതാവും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പെയിൻ്റിംഗ് തൊഴിലാളിയായ അമൽ.