Connect with us

Editorial

ഹജ്ജ് നയത്തിലെ മാറ്റങ്ങള്‍

ഹജ്ജ് നയത്തില്‍ വന്ന മാറ്റങ്ങളിലൂടെ ഓരോ തീര്‍ഥാടകനും 50,000 രൂപയോളം കുറവ് ലഭിക്കുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അവകാശപ്പെടുന്നു. പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് നയത്തിലെ ഉദാരതയെങ്കിലും തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ്.

Published

|

Last Updated

സമൂല മാറ്റങ്ങളുള്‍ക്കൊള്ളുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയം. സര്‍ക്കാര്‍ മുഖേന പോകുന്നവര്‍ക്ക് 70 ശതമാനവും സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 20 ശതമാനവുമായി ഹജ്ജ് ക്വാട്ട പുനര്‍നിര്‍ണയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം ഇത് 70ഉം 30ഉം ശതമാനമായിരുന്നു. സഊദി സര്‍ക്കാര്‍ ഇക്കൊല്ലം ഇന്ത്യക്കാര്‍ക്ക് അനുവദിച്ച 1,70,025 പേരുടെ ക്വാട്ടയില്‍ സര്‍ക്കാര്‍ മുഖേന 1,40,000ത്തില്‍ പരം പേര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനാകും. രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 25 ആക്കി വര്‍ധിപ്പിക്കുകയും കേരളത്തില്‍ കൊച്ചിക്ക് പുറമെ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂരിന് ഇതാദ്യമായിട്ടാണ് ഈ പദവി ലഭിക്കുന്നത്. വി ഐ പി ക്വാട്ട ഒഴിവാക്കിയതാണ് മറ്റൊരു മാറ്റം. ബാഗ്, സ്യൂട്ട്‌കെയ്‌സ്, കുട തുടങ്ങിയ വസ്തുക്കള്‍ക്കായി തീര്‍ഥാടകരില്‍ നിന്ന് പണം ഈടാക്കില്ല. ഹജ്ജ് നയത്തില്‍ വന്ന മാറ്റങ്ങളിലൂടെ ഓരോ തീര്‍ഥാടകനും 50,000 രൂപയോളം കുറവ് ലഭിക്കുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അവകാശപ്പെടുന്നു. പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് നയത്തിലെ ഉദാരതയെങ്കിലും തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ്.

കരിപ്പൂരിനും കണ്ണൂരിനും ഹജ്ജ് എംബാര്‍ക്കേഷന്‍ പദവി അനുവദിച്ചത് മലബാര്‍ മേഖലയിലെ തീര്‍ഥാടകര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. നെടുമ്പാശ്ശേരി മാത്രം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായിരുന്നപ്പോള്‍ ഉത്തര മലബാറുകാര്‍ക്ക് പത്ത് മണിക്കൂറോളം യാത്ര ചെയ്യേണ്ടിയിരുന്നു അവിടെയെത്താന്‍. ഇത്തവണ ഈ യാത്രാദുരിതം ഒഴിവായിക്കിട്ടും. കേരളത്തിലെ ഹജ്ജ് അപേക്ഷകരില്‍ 80 ശതമാനവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. നെടുമ്പാശ്ശേരിക്കും കരിപ്പൂരിനും ഹജ്ജ് എംബാര്‍ക്കേഷന്‍ പദവി അനുവദിച്ച 2019ല്‍ 9,329 തീര്‍ഥാടകര്‍ കരിപ്പൂരില്‍ നിന്ന് വിമാനം കയറിയപ്പോള്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നായി 2,143 പേര്‍ മാത്രമാണ് നെടുമ്പാശ്ശേരിയെ തിരഞ്ഞെടുത്തത്. 2020ല്‍ ഇവരുടെ എണ്ണം യഥാക്രമം 8,733ഉം 2,101ഉം ആയിരുന്നു.

വര്‍ഷങ്ങളോളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി അംഗീകരിച്ചതാണ് കരിപ്പൂരിനെ. ആ ഘട്ടത്തില്‍ ഏഴ് കോടി രൂപ ചെലവില്‍ വിശാല സൗകര്യമുള്ള ഹജ്ജ് ഹൗസ് അവിടെ സ്ഥാപിതമായിട്ടുണ്ട്. അടുത്തിടെ ഇതിനോട് ചേര്‍ന്ന് രണ്ട് കോടിയോളം രൂപ ചെലവില്‍ വനിതാ ബ്ലോക്കും നിര്‍മിച്ചു. 2015ല്‍ റണ്‍വേ കാര്‍പറ്റിംഗ് വര്‍ക്കിന്റെ പേരില്‍ ഹജ്ജ് യാത്ര നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയതോടെയാണ് കരിപ്പൂരിന് ഇത് നഷ്ടമായത്. കാര്‍പറ്റിംഗ് വര്‍ക്ക് പൂര്‍ത്തിയായിട്ടും കരിപ്പൂരിന് എംബാര്‍ക്കേഷന്‍ പദവി പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായില്ല. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2019ല്‍ പദവി പുനഃസ്ഥാപിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം പിന്നെയും തഴഞ്ഞു. റണ്‍വേ വികസിപ്പിക്കാതെ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയില്ലെന്നാണ് ഇതിനു കാരണമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയില്‍ പറഞ്ഞത്. എന്നാല്‍ നിലവിലുള്ള റണ്‍വേ സൗകര്യം ഉപയോഗപ്പെടുത്തി നേരത്തേ വര്‍ഷങ്ങളോളം കരിപ്പൂരില്‍ നിന്ന് സ്തുത്യര്‍ഹമായ രീതിയില്‍ ഹജ്ജ് വിമാന സര്‍വീസ് നടന്നതാണ്.

പുതിയ നയത്തിന്റെ ഭാഗമായി ഹജ്ജ് അപേക്ഷക്ക് ഈടാക്കിയിരുന്ന 300 രൂപ ഒഴിവാക്കിയതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തതയുണ്ട്. തിങ്കളാഴ്ച കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അപേക്ഷ സൗജന്യമാക്കിയതായി പറയുന്നുണ്ടെങ്കിലും ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ പോളിസിയില്‍ ഇതേക്കുറിച്ചൊന്നും പറയുന്നില്ല. തങ്ങള്‍ക്ക് അങ്ങനെയൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്രങ്ങളും പറയുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് മുഖ്യമായും ഹജ്ജ് അപേക്ഷാ ഫീസാണ്. അത് നിര്‍ത്തലാക്കിയാല്‍ പ്രവര്‍ത്തന ചെലവ് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും അനുവദിക്കേണ്ടി വരും. സാമ്പത്തിക ഞെരുക്കത്തില്‍ പ്രയാസപ്പെടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് അത് പ്രതീക്ഷിക്കാവതല്ല. ഇത്തരമൊരു സാഹചര്യത്തില്‍ അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ സാധ്യതയില്ലെന്നാണ് ഹജ്ജ് കമ്മിറ്റി അധികൃതരുടെ പക്ഷം.

അപേക്ഷാ ഫീസ് ഒഴിവാക്കുന്നില്ലെങ്കില്‍ ഒരാള്‍ തന്നെ പല തവണ അപേക്ഷിക്കുമ്പോള്‍ ഓരോ തവണയും ഫീസ് നല്‍കണമെന്ന ചട്ടം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അപേക്ഷകരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ മൂന്നോ നാലോ അഞ്ചോ വര്‍ഷമൊക്കെ അപേക്ഷിക്കേണ്ടി വരാറുണ്ട് ഹജ്ജിന് അനുമതി ലഭിക്കാന്‍. ഇത്തരക്കാരുടെ ആദ്യ വര്‍ഷത്തെ അപേക്ഷ അടുത്ത വര്‍ഷത്തേക്ക് പരിഗണിക്കുന്നില്ല. ഓരോ വര്‍ഷവും പുതിയ അപേക്ഷ നല്‍കുകയും അപ്പോഴെല്ലാം 300 രൂപ അപേക്ഷാ ഫീസ് നല്‍കുകയും വേണം. തീര്‍ത്തും അന്യായമായ ഒരു ചട്ടമാണിത്. അപേക്ഷകരുടെ ആദ്യ വര്‍ഷ അപേക്ഷയില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ പിന്നീടുള്ള അപേക്ഷകള്‍ക്ക് ഫീസ് ഒഴിവാക്കുകയോ അനുമതി ലഭിക്കാത്തവര്‍ക്ക് ഫീസ് തിരികെ ലഭിക്കാന്‍ വ്യവസ്ഥ ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടതാണ്.

വി ഐ പി ക്വാട്ട നിര്‍ത്തലാക്കിയത് അഭിനന്ദനാര്‍ഹമാണ്. വി ഐ പി സംസ്‌കാരം അവസാനിപ്പിക്കാനുള്ള കേന്ദ്ര നയത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഇതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ പിന്തുണയുണ്ടെന്നുമാണ് ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനി അറിയിച്ചത്. ഉന്നത ഭരണഘടനാ പദവിയുള്ളവര്‍ക്കും ന്യൂനപക്ഷ മന്ത്രാലയത്തിലുള്ളവര്‍ക്കും ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ക്കും മാറ്റിവെക്കുന്നതാണ് വി ഐ പി ക്വാട്ട. 500 സീറ്റാണ് ഈയിനത്തില്‍ അനുവദിച്ചിരുന്നത്. രാഷ്ട്രപതിയുടെ ക്വാട്ടയില്‍ 100 പേര്‍ക്കും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ക്വാട്ടയില്‍ 75 പേര്‍ക്ക് വീതവും ഹജ്ജ് കമ്മിറ്റി മുഖേന 200 പേര്‍ക്കുമാണ് പരിഗണനയുണ്ടായിരുന്നത്. യു പി എ ഭരണ കാലത്താണ് ഇത് നിലവില്‍ വന്നത്. പ്രത്യേക ക്വാട്ട നിര്‍ത്തലാക്കിയതോടെ വി ഐ പികളും ഇനി സാധാരണ യാത്രക്കാരെ പോലെ അപേക്ഷയിലൂടെ യാത്രാനുമതി നേടി സ്വന്തം ചെലവില്‍ ഹജ്ജ് നിര്‍വഹിക്കേണ്ടി വരും.