Connect with us

ഇന്ന് ലോക ക്യാൻസർ ദിനം

ജീവിതശൈലിയിലെ മാറ്റം; അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

2022ലെ ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തില്‍ 59,143 പേര്‍ക്ക് അര്‍ബുദം ബാധിക്കുകയും 32,271 മരിക്കുകയും ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന. ജീവിതശൈലിയിലും ഭക്ഷണ രീതിയിലും വന്ന മാറ്റങ്ങളാണ് വര്‍ധനക്ക് കാരണം. സ്തനാര്‍ബുദം, ശ്വാസകോശം, വന്‍കുടല്‍, മലാശയം, പ്രോസ്റ്റേറ്റ്, ശബ്ദനാളം, കരള്‍, അണ്ഡാശയം, തൈറോയിഡ് ക്യാന്‍സറുകളാണ് സംസ്ഥാനത്ത് കൂടുതല്‍ പേരിലും കാണുന്നത്. മൂന്നില്‍ ഒന്ന് അര്‍ബുദ രോഗത്തിനും മരണത്തിനും പുകവലി, മദ്യപാനം എന്നിവ കാരണമാകുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

പരോക്ഷ ധൂമപാനം കാരണം പുകവലിക്കാത്തവരിലും വായ, അന്നനാളം, പാന്‍ക്രിയാസ് അര്‍ബുദത്തിന് കാരണമാകുന്നുണ്ട്. മദ്യപിക്കുന്നവരില്‍ വായ, തൊണ്ട, അന്നനാളം, ശബ്ദനാളം, കരള്‍ എന്നിവക്കാണ് അര്‍ബുദ സാധ്യത കൂടുതല്‍. അമിത വണ്ണമുള്ളവരില്‍ സ്തനാര്‍ബുദം, വന്‍കുടല്‍, മലാശയം, ഗര്‍ഭപാത്ര പാളി, അന്നനാളം, വൃക്ക, പാന്‍ക്രിയാസ്, പിത്തസഞ്ചി എന്നിവിടങ്ങളില്‍ അര്‍ബുദരോഗ സാധ്യത കൂടുതലാണ്. കേരളത്തില്‍ 38 ശതമാനം സ്ത്രീകളിലും 36 ശതമാനം പുരുഷന്മാരിലും പൊണ്ണത്തടിയും അമിതഭാരവുമുള്ളതായാണ് റിപോര്‍ട്ട്.

2022ലെ ഔദ്യോഗിക കണക്ക് പ്രകാരം ഇന്ത്യയില്‍ 14,61,427 പേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുകയും 8,08,558 പേര്‍ മരിക്കുകയും ചെയ്തു. കേരളത്തില്‍ ഇക്കാലയളവില്‍ 59,143 പേര്‍ക്ക് അര്‍ബുദം ബാധിക്കുകയും 32,271 മരണം റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. 2022-23 കാലയളവില്‍ 15,324 പേര്‍ക്കാണ് ആര്‍ സി സിയില്‍ പുതുതായി രോഗം കണ്ടെത്തിയത്. 2,42,129 പേര്‍ ക്യാന്‍സര്‍ ചികിത്സ തേടിയെത്തുകയും ചെയ്തു. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ 6,073 പേരിലും കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 1,606 പേരിലും ഇക്കാലയളവില്‍ പുതുതായി രോഗം കണ്ടെത്തി. മൂന്ന് വര്‍ഷത്തിനിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ധനവാണ് ആര്‍ സി സി രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ക്യാന്‍സര്‍ രജിസ്ട്രികള്‍ പ്രകാരം പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവുമാണ് കൂടുതലായി കണ്ടുവരുന്നത്.
അടുത്തിടെ ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തിയ സര്‍വേയില്‍ ഒന്പത് ലക്ഷത്തോളം പേരിലാണ് അര്‍ബുദ സാധ്യത കണ്ടെത്തിയത്. പിന്നീട് ഇവര്‍ക്കായി നടത്തിയ സ്‌ക്രീനിംഗില്‍ ഒന്നര ലക്ഷം പേര്‍ മാത്രമാണ് തുടര്‍ ചികിത്സ തേടിയത്. പലരും ചികിത്സക്ക് വിമുഖത കാണിക്കുന്നതായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

ആദ്യ ഘട്ടത്തില്‍ തന്നെ അര്‍ബുദം കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ട് ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ എന്ന പേരില്‍ ജനകീയ ക്യാമ്പയിനിലൂടെ ക്യാന്‍സര്‍ പ്രതിരോധം വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തും. വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന അര്‍ബുദ ചികിത്സക്കുള്ള റോബോട്ടിക് സര്‍ജറി ആര്‍ സി സി, എം സി സി എന്നിവിടങ്ങളില്‍ അറുപത് കോടി രൂപ ചെലവഴിച്ച് ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ അര്‍ബുദ മരുന്നുകള്‍ക്കുള്ള കസ്റ്റംസ് തീരുവ റദ്ദാക്കുകയും എല്ലാ ജില്ലകളിലും മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ ഡേ കെയര്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

 

Latest