Travelogue
വഞ്ചനയുടെ അധ്യായം
രാവിലെ നാലായിരത്തിലധികം വരുന്ന പട്ടാളം ആ ചെറുസംഘത്തെ ആക്രമിച്ചു. ഓരോരുത്തരെയായി കൊലപ്പെടുത്താൻ തുടങ്ങി. ഉച്ച വരെ സംഘാംഗങ്ങൾ സാധ്യമാകുന്ന രൂപത്തിൽ പ്രതിരോധിച്ചു. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. യാത്രക്കാരായതിനാൽ ളുഹ്ർ നിസ്കരിക്കാൻ അവസരം നൽകണമെന്ന് അപേക്ഷിച്ചെങ്കിലും സൈന്യം സമ്മതിച്ചില്ല. ആംഗ്യ രൂപേണ അവർ തങ്ങളുടെ അവസാന നിസ്കാരം നിർവഹിച്ചു. ദാഹശമനത്തിന് നദിയിൽ നിന്ന് വെള്ളമെടുക്കാനുള്ള ശ്രമവും തടയപ്പെട്ടു. അതിനിടയിലാണ് ക്രൂരനായ ഒരാൾ ഇമാം ഹുസൈൻ(റ)നെ ഉന്നം വെച്ച് അമ്പെയ്തത്.
ഹിജ്റ അറുപതിലാണ് മുആവിയ(റ) മരണമടഞ്ഞത്. മകൻ യസീദായിരുന്നു പിൻഗാമി. അധികാരമേൽക്കുമ്പോൾ മുപ്പത് വയസ്സായിരുന്നു പ്രായം. പരുഷ പ്രകൃതത്തിന് ഉടമയായിരുന്നു യസീദ്. വിയോജിപ്പുകൾ അദ്ദേഹത്തിന് അലർജിയായിരുന്നു.
എതിർശബ്ദമുയർത്തിയവരെ നിർദാക്ഷിണ്യം അടിച്ചമർത്തി. യസീദിന്റെ സമീപനത്തിൽ അതൃപ്തരായ കൂഫാ നിവാസികൾ ഹുസൈൻ(റ)ന് നിരന്തരം കത്തുകളെഴുതി.
ജമൽ, സ്വിഫീൻ യുദ്ധങ്ങളിൽ പിതാവിനൊപ്പം ഇമാം ഹുസൈൻ(റ) പോർമുഖത്തുണ്ടായിരുന്നു.
യസീദിനെ ഭരണാധികാരിയായി അംഗീകരിക്കാൻ അവിടുന്ന് തയ്യാറായിരുന്നില്ല. മക്കയിലായിരുന്നു അപ്പോൾ ഇമാമിന്റെ താമസം. ഐക്യദാർഢ്യം പ്രഖ്യാപിച്ച്, കൂഫക്കാരുടെ നിരന്തര കത്തുകൾ ലഭിച്ചപ്പോൾ അങ്ങോട്ടേക്ക് പുറപ്പെടാൻ അവിടുന്ന് തീരുമാനിച്ചു. പ്രതിസന്ധികൾ പറഞ്ഞ് പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. “കൂഫക്കാർ വഞ്ചകരാണ്. അവരെ വിശ്വസിച്ച് അങ്ങോട്ട് പോകരുത്’ അബ്ദുല്ലാഹി ബ്ൻ അബ്ബാസ്(റ) ഗുണദോഷിച്ചു.
യാത്രക്ക് മുമ്പേ, ദൂതനായി മുസ്‌ലിമു ബ്നു അഖീൽ(റ)നെ അയച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ഹൃദ്യമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ഡമസ്കസിലായിരുന്ന യസീദ് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി കൂഫാ ഗവർണർ നുഅമാനുബ്നു ബശീർ(റ) മാറ്റി ഉബൈദുല്ലാഹിബ്നു സിയാദിനെ വാഴിച്ചു. ക്രൂരനായിരുന്നു അയാൾ. യജമാനന്റെ ഇംഗിതങ്ങൾക്കൊത്ത് കരുക്കൾ നീക്കുന്നയാൾ. പക്ഷേ, യാത്രയുടെ തുടക്കത്തിൽ ഇക്കാര്യം ഇമാം അറിഞ്ഞിരുന്നില്ല. പുതിയ ഗവർണർ അധികാരമേറ്റതോടെ കൂഫക്കാൻ പ്രലോഭനങ്ങൾക്ക് പിന്നാലെ പോയി. ഇമാം ഹുസൈന് നൽകിയ വാഗ്ദാനങ്ങൾ മറന്നു.
കൂഫയിലേക്കുള്ള വഴിയിൽ കർബലയിൽ വെച്ച് യസീദിന്റെ സൈന്യം ഇമാമവർകളെയും സംഘത്തെയും തടഞ്ഞു. നിരായുധരായിരുന്നു അവർ. പക്ഷേ, യാതൊരു വിധ ദയയും സൈന്യം കാണിച്ചില്ല. ഇമാം സഹയാത്രികരോട് ആരാധനയിൽ കഴിയാൻ നിർദേശിച്ചു. രക്തസാക്ഷിത്വം അവിടുന്ന് പ്രതീക്ഷിച്ചിരുന്നു. തിരുനബി(സ) അത് പ്രവചിച്ചതുമാണല്ലോ. രാത്രി നിദ്രയിൽ ഉപ്പാപ്പ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു, തന്റെ ചാരത്തേക്കുള്ള യാത്രയുടെ സുവിശേഷമറിയിച്ചു.