From the print
ആദ്യം കരി പുരളുന്നത് കരി തേക്കുന്നവന്റെ കൈകളിലാണ്
മറ്റൊരാളുടെ രക്തത്തിന് മൂല്യം കല്‍പ്പിക്കുന്നത് പോെല തന്നെ അഭിമാനത്തിനും വില കല്‍പ്പിക്കണമെന്ന് നബി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
കോണ്‍ഫറന്‍സ് ഹാളിന് സമീപം വാഹനം ഇറങ്ങിയ അദ്ദേഹം സമ്മേളന വേദിയിലേക്ക് നടക്കുകയായിരുന്നു. ഈ സമയം പ്രതിഷേധക്കാരില്‍ ചിലര്‍ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തുകയും തടഞ്ഞുനിര്‍ത്തുകയും ചെയ്തു. കൂട്ടത്തിലൊരാള്‍ കൈയില്‍ കരുതിയ മഷിക്കുപ്പി തുറന്ന് അദ്ദേഹത്തിന്റെ മുഖത്തേക്കും വസ്ത്രത്തിലേക്കും ഒഴിച്ചു.
രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മുഖത്തും ദേഹത്തുമെല്ലാം മഷി തൂത്ത സംഭവങ്ങള്‍ നിരവധിയുണ്ട്. വാര്‍ത്താസമ്മേളനം നടക്കുമ്പോഴും വേദിയില്‍ പ്രസംഗിക്കുന്നതിനിടെയും അതിന് തൊട്ടുമുമ്പായുമൊക്കെയാണീ കരി ഓയില്‍ പ്രയോഗങ്ങള്‍ സാധാരണ നടക്കാറുള്ളത്.
കരിയും കറയും പുരണ്ട വസ്ത്രം ധരിച്ചാരും ജനസമക്ഷം പ്രത്യക്ഷപ്പെടാറില്ല. ആളുകള്‍ മോശമായി വിലയിരുത്താനും അഭിമാനക്ഷതം സംഭവിക്കാനും കാരണമാകും എന്നത് കൊണ്ടാണ് ആരും ആളുകളുടെ മുന്നില്‍ അങ്ങനെ വരാത്തത്. അഴുക്കും ചെളിയും പുരണ്ടത് അവിചാരിതമാണെങ്കില്‍ പോലും വല്ലാത്ത മാനക്കേടും കുറച്ചിലുമനുഭവപ്പെടും.
എന്നാല്‍ ഒരാളെ പര്യസ്യമായി കറുപ്പ് ഒഴിച്ച് വൃത്തികേടാക്കുന്നതിന്റെ താത്പര്യമാകട്ടെ ആള്‍ക്കൂട്ടത്തിനിടയില്‍ അപമാനിക്കലും പ്രതിച്ഛായക്ക് കളങ്കം വരുത്തലും തന്നെയാണ്.
അതുകൊണ്ടാണല്ലോ അപകീര്‍ത്തിപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും അപഖ്യാതിയുണ്ടാക്കുന്നതിനുമൊക്കെ ആലങ്കാരികമായി കരിവാരിത്തേക്കുക എന്ന് പറയുന്നത്.
ഒരു വ്യക്തിയുടെ ദേഹത്ത് കരിയൊഴിച്ച് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലാത്തത് പോല തന്നെ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മീതെ കരിനിഴല്‍ വീഴ്ത്താനും പാടില്ല.
ഒരാളെക്കുറിച്ച് ദുഷ്പ്രചാരണം നടത്തുമ്പോഴും അദ്ദേഹത്തെ സംബന്ധിച്ച് അപവാദം പരത്തുമ്പോഴും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അദ്ദേഹത്തോടുള്ള മതിപ്പ് കുറഞ്ഞു പോകുന്നു. അദ്ദേഹത്തിനുള്ള ജനപ്രീതിയും പ്രശസ്തിയും തകര്‍ന്ന് പോകുകയും ചെയ്യുന്നു. ഇങ്ങനെ ഒരാളുടെ അഭിമാനത്തെ കളങ്കപ്പെടുത്താന്‍ ആര്‍ക്കും അര്‍ഹതയില്ല.
കുറ്റം ചെയ്തിട്ടുണ്ടെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെങ്കില്‍ പോലും പ്രതിയെ പൊതുജനം വിചാരണ ചെയ്യുന്നതും അവര്‍ തന്നെ ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതും ശരിയല്ലല്ലോ. ഇതുപോലെ തന്നെ ഒരാള്‍ കൃത്യവിലോപം ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ആ വാര്‍ത്ത അറിയാത്തവരിലേക്ക് എത്തിച്ചും കൂട്ടംകൂടിയിരുന്ന് ചര്‍ച്ച ചെയ്തും ആരെയും വഷളാക്കരുത്. മറ്റൊരാളുടെ രക്തത്തിന് മൂല്യം കല്‍പ്പിക്കുന്നത് പോെല തന്നെ അഭിമാനത്തിനും വില കല്‍പ്പിക്കണമെന്ന് നബി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ഒരാള്‍ പ്രവര്‍ത്തിച്ച പാപം ചെറുതായിരിക്കും. ഒരുപക്ഷേ, അദ്ദേഹം അതില്‍ പശ്ചാത്തപിച്ചിട്ടും ഉണ്ടാകും. ഈ വിവരം നാം മറ്റുള്ളവരോട് പങ്കുവെക്കുന്നതും പാപമാണ്. അതിനെ ചെറുതിന്റെ ഗണത്തിലല്ല പെടുത്തിയിരിക്കുന്നത്. അതില്‍ പശ്ചാത്താപം മാത്രം പോരാ, ആരെ കുറിച്ചാണോ പറഞ്ഞത് അവനെ നേരില്‍ കണ്ട് ക്ഷമാപണം നടത്തുക കൂടെ വേണം. അവന്‍ മനസ്സറിഞ്ഞ് പൊരുത്തപ്പെട്ടാല്‍ മാത്രമേ അത് പൊറുക്കപ്പെടുകയുള്ളൂ.