National
കുറ്റപത്രങ്ങള്‍ പൊതുരേഖ അല്ല, വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കാനാകില്ല: സുപ്രീംകോടതി
കുറ്റപത്രത്തിലെ മുഴുവന്‍ വിശദാംശങ്ങളും വെബ്‌സൈറ്റില്‍ വരുന്നത് പ്രതിയുടെയും ഇരയുടെയും അവകാശത്തെ ഹനിക്കുന്ന നടപടിയാണ്
ന്യൂഡല്‍ഹി| കുറ്റപത്രങ്ങള്‍ പൊതുരേഖ അല്ലെന്നും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും സുപ്രീംകോടതി. കുറ്റപത്രങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. തെളിവ് നിയമം സെക്ഷന്‍ 72 പ്രകാരം കുറ്റപത്രം പൊതുരേഖയുടെ പരിധിയില്‍ വരുന്നതല്ല. ബലാത്സംഗ കേസുകള്‍ ഒഴികെയുള്ള മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം എഫ്.ഐ.ആര്‍ അടക്കമുള്ള രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ടെന്നും കോടതി വ്യക്തമാക്കി.
കുറ്റപത്രത്തിലെ മുഴുവന്‍ വിശദാംശങ്ങളും വെബ്‌സൈറ്റില്‍ വരുന്നത് പ്രതിയുടെയും ഇരയുടെയും അവകാശത്തെ ഹനിക്കുന്ന നടപടിയാണെന്നും ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിവരാവകാശ പ്രവര്‍ത്തകനും ജേര്‍ണലിസ്റ്റുമായ സൗരവ് ദാസാണ് ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.