Connect with us

Uae

ജീവകാരുണ്യ പ്രവർത്തനം; പിതാക്കന്മാരെ ആദരിക്കുന്നതിന് ഒരു ബില്യൺ ദിർഹം ഫണ്ട് പ്രഖ്യാപിച്ചു

മേഖലയിലെ ഏറ്റവും വലിയ മാനുഷിക വികസന സംഘടനയായ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്റെ ഭാഗമാണ് ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പയിൻ.

Published

|

Last Updated

ദുബൈ | യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പയിൻ ആരംഭിച്ചു. റമസാനിൽ നടപ്പാക്കാറുള്ള ജീവകാരുണ്യ, മാനുഷിക സംരംഭങ്ങൾക്ക് തുടർച്ചയാണ് ഫാദേഴ്സ് എൻഡോവ്മെന്റ്ക്യാമ്പയിൻ.ഒരു ബില്യൺ ദിർഹം സുസ്ഥിര എൻഡോവ്മെന്റ്ഫണ്ട് യു എ ഇയിലെ പിതാക്കന്മാരെ ആദരിക്കുന്നതിനും യു എ ഇ പ്രസിഡന്റ്പ്രഖ്യാപിച്ച സമൂഹിക വർഷത്തിന്റെ ഭാഗമായും വരും.

സുസ്ഥിരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മാനുഷിക പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടാണ് ഫാദേഴ്സ് എൻഡോവ്മെന്റ്ക്യാമ്പയിൻ  ഉൾക്കൊള്ളുന്നത്. ലോകമെമ്പാടുമുള്ള ദരിദ്ര സമൂഹങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പിന്തുണ നൽകാനും അവരെ അന്തസ്സോടെ ജീവിക്കാനും പ്രാപ്തരാക്കുന്ന പരിപാടികളാണ് ക്യാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

“പിതാക്കന്മാരാണ് നമ്മുടെ ആദ്യത്തെ മാതൃക. അവർ നമ്മെ ശക്തിയും ജ്ഞാനവും കൊണ്ട് നയിക്കുന്നു. റമസാനിന്റെയും സമൂഹത്തിന്റെയും വർഷത്തിന്റെയും ചൈതന്യം ഉൾക്കൊള്ളുന്ന ഈ ഫണ്ട് ദരിദ്രർക്ക് ആരോഗ്യ സംരക്ഷണത്തിന് ധനസഹായം നൽകുന്നു. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദാനം നൽകുന്നതിനും സംഭാവന ചെയ്യാൻ എല്ലാവരെയും ഞങ്ങൾ ക്ഷണിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ദരിദ്രർക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നൽകുക എന്നതാണ് ഫാദേഴ്സ് എൻഡോവ്മെന്റ്  ക്യാമ്പയിനിന്റെ ലക്ഷ്യം. ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്തവർക്ക് ചികിത്സ ലഭ്യമാക്കും. ആശുപത്രി വികസനത്തിലൂടെയും മരുന്നും ചികിത്സയും നൽകുന്നതിലൂടെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ ഇത് പിന്തുണക്കും.

മേഖലയിലെ ഏറ്റവും വലിയ മാനുഷിക വികസന സംഘടനയായ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്റെ ഭാഗമാണ് ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പയിൻ.
2020 മുതൽ വിശുദ്ധ റമസാനിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ശൈഖ് മുഹമ്മദ് ആരംഭിക്കാറുള്ളത്. 2020-ൽ 15.3 ദശലക്ഷത്തിലധികം ഭക്ഷണങ്ങൾ സമാഹരിച്ച “10 മില്യൺ മീൽസ്’ ക്യാമ്പയിൻ, 2021-ൽ 220 ദശലക്ഷം ഭക്ഷണങ്ങൾ സമാഹരിച്ച “100 മില്യൺ മീൽസ്’ ക്യമ്പയിൻ, 2022-ൽ “1 ബില്യൺ മീൽസ്; 2023-ൽ 1.075 ബില്യൺ ദിർഹം സമാഹരിച്ച “1 ബില്യൺ മീൽസ് എൻഡോവ്മെന്റ‌്’ തുടങ്ങിയ സംരംഭങ്ങളുടെ തുടർച്ചയാണിത്.

യു എ ഇയിലെ മാതാക്കളെ ആദരിക്കുന്നതിനായി 2024ലെ റമസാനിൽ ആരംഭിച്ച മദേഴ്സ് എൻഡോവ്മെന്റ്ക്യാമ്പയിൻ ആഗോള വിദ്യാഭ്യാസത്തിനായി 1 ബില്യൺ ദിർഹം എൻഡോവ്മെന്റ് ഫണ്ട് രൂപപ്പെടുത്തി.

Latest