International
ചൈനയിലും ഉത്തരകൊറിയയിലും ചാറ്റ് ജിപിടി ഉപയോഗത്തിന് വിലക്ക്
നിരീക്ഷണം, സ്വാധീന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഇവർ എഐ സാങ്കേതികവിദ്യ ചൂഷണം ചെയ്യുന്നുണ്ടെന്ന് കമ്പനി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

ബീജിങ്|ചൈനയിൽ നിന്നും ഉത്തരകൊറിയയിൽ നിന്നുമുള്ള നിരവധി ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് വിലക്കി ഓപ്പൺ എഐ. നിരീക്ഷണം, സ്വാധീന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഇവർ എഐ സാങ്കേതികവിദ്യ ചൂഷണം ചെയ്യുന്നുണ്ടെന്ന് കമ്പനി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. യുണൈറ്റഡ് സ്റ്റേറ്റ്സിനെ നെഗറ്റീവ് ആയി ചിത്രീകരിക്കുന്ന സ്പാനിഷ് ഭാഷയിൽ വാർത്താ ലേഖനങ്ങൾ സൃഷ്ടിക്കാൻ ചിലർ ചാറ്റ് ജിപിടി ഉപയോഗിച്ചതായി ഓപ്പൺ എഐ ആരോപിക്കുന്നു. ഈ ലേഖനങ്ങൾ പിന്നീട് ഒരു ചൈനീസ് കമ്പനിയുടെ ബൈ ലൈനിൽ ലാറ്റിൻ അമേരിക്കൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതായും ഇവർ ആരോപിച്ചു.
പാശ്ചാത്യ കമ്പനികളിൽ തൊഴിൽ നേടാൻ AI-ജനറേറ്റഡ് റെസ്യൂമെകളും വ്യാജ ഓൺലൈൻ പ്രൊഫൈലുകളും നിർമിച്ചതാണ് ഉത്തരകൊറിയൻ ബന്ധമുള്ളവർക്ക് വിലക്കേർപ്പെടുത്താൻ കാരണം. കൂടാതെ കംബോഡിയയിലെ ഒരു സാമ്പത്തിക തട്ടിപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും ഒപ്പൺ എഐ കണ്ടെത്തി.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സുരക്ഷയെ ഭീഷണിപ്പെടുത്താനും ചൈന കൃത്രിമബുദ്ധി ഉപയോഗിക്കുന്നതിനെക്കുറിച്ച് യുഎസ് സർക്കാർ തുടർച്ചയായ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന എഐ ചാറ്റ്ബോട്ടാണ്. പ്രതിവാരം 400 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. കമ്പനി നിലവിൽ 40 ബില്യൺ ഡോളർ വരെ പുതിയ ഫണ്ടിംഗ് സമാഹരിക്കുന്നതിനുള്ള ചർച്ചകളിലാണ്. നിലവിൽ 300 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം.