International
ചാറ്റ് ജിപിടി: ചൈനയില്‍ ട്രെയിന്‍ അപകടത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
ചാറ്റ് ജിപിടി ദുരുപയോഗം ചെയ്തതിന് ചൈനയില്‍ നടക്കുന്ന ആദ്യ അറസ്റ്റാണ് ഇത്.
ബീജിങ്| ചാറ്റ് ജിപിടി സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രെയിന്‍ അപകടത്തെക്കുറിച്ച് വ്യാജ വാര്‍ത്ത ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിന് ചൈനയില്‍ ഒരാള്‍ അറസ്റ്റില്‍. ചാറ്റ് ജിപിടി ദുരുപയോഗം ചെയ്തതിന് ചൈനയില്‍ നടക്കുന്ന ആദ്യ അറസ്റ്റാണ് ഇത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ സൃഷ്ടിച്ചതിന് ഹോങ് എന്ന ആളെയാണ് അറസ്റ്റ് ചെയതതെന്ന് ഗാന്‍സു പ്രവിശ്യയിലെ പൊലീസ് പറഞ്ഞു.
ട്രെയിന്‍ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചുവെന്ന വ്യാജവാര്‍ത്തയാണ് നല്‍കിയത്. കോങ്ടോങ് കൗണ്ടിയിലെ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ സംഭവം ആദ്യം കണ്ടത്. ബൈജിയാഹാവോ എന്ന ചൈനീസ് പ്ലാറ്റ്ഫോമില്‍ 20ല്‍ അധികം അക്കൗണ്ടുകളാണ് വാര്‍ത്ത പോസ്റ്റ് ചെയ്തത്. അധികൃതര്‍ കണ്ടെത്തുമ്പോഴേക്കും ഇത് 15,000ത്തിലധികം തവണ ക്ലിക്ക് ചെയ്യപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു.
ചൈനീസ് ഐപി വിലാസങ്ങളില്‍ ചാറ്റ് ജിപിടി നേരിട്ട് ലഭ്യമല്ല. എന്നാല്‍ ചൈനീസ് ഉപയോക്താക്കള്‍ക്ക് വിപിഎന്‍ കണക്ഷന്‍ ഉപയോഗിച്ച് തുടര്‍ന്നും അതിന്റെ സേവനം ആക്സസ് ചെയ്യാന്‍ സാധിക്കും. പ്രതി ഹോങിനെതിരെ പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കുറ്റം ഗുരുതരമാണെന്ന് കണ്ടെത്തിയാല്‍ പത്ത് വര്‍ഷം വരെ തടവും അധിക ശിക്ഷയും ലഭിച്ചേക്കാം.