articles
ചാറ്റ് ജിപിടി: സാധ്യതകളും ആശങ്കകളും
ഓപണ്‍ എ ഐയുടെ ചാറ്റ് ജിപിടി രംഗത്ത് വന്നതോടെയാണ് എ ഐ അനന്ത സാധ്യതയാണെന്ന് പറയുന്നതിനപ്പുറം യഥാര്‍ഥ ഉപയോഗത്തിന്റെ പ്രതലത്തിലേക്ക് മാറുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) നിയന്ത്രിത യന്ത്രങ്ങള്‍ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ജിജ്ഞാസയും ഭയവും സാങ്കേതിക മേഖല ഏറെക്കാലമായി ചര്‍ച്ചചെയ്യുന്ന വിഷയമാണ്. മനുഷ്യനേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തിയുള്ള യന്ത്രങ്ങള്‍ മനുഷ്യരാശിക്ക് ഭീഷണിയുയര്‍ത്തുന്നത് ഗൗരവമായി കാണേണ്ടതാണെന്ന് പലരും മുന്നറിയിപ്പ് നല്‍കുമ്പോള്‍ അത്തരമൊരു സാഹചര്യത്തിന്റെ സാധ്യത കുറവാണെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്.
ഇങ്ങനെ ഏതാനും വര്‍ഷങ്ങളായി സൈദ്ധാന്തികമായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ് നിര്‍മിതബുദ്ധി ശക്തി. എന്നാലത് സൈദ്ധാന്തിക മണ്ഡലത്തില്‍ നിന്ന് യഥാര്‍ഥ ഉപഭോക്തൃ മാതൃകയിലേക്ക് മാറിയതിന്റെ അതിശയത്തിലും ആശങ്കയിലുമാണ് കുറച്ച് മാസങ്ങളായി ടെക് മേഖല. ഓപണ്‍ എ ഐയുടെ ചാറ്റ് ജിപിടി രംഗത്ത് വന്നതോടെയാണ് എ ഐ അനന്ത സാധ്യതയാണെന്ന് പറയുന്നതിനപ്പുറം യഥാര്‍ഥ ഉപയോഗത്തിന്റെ പ്രതലത്തിലേക്ക് മാറുന്നത്. എ ഐയുടെ വികസനം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. നിലവിലെ സാങ്കേതിക വിദ്യക്ക് മനുഷ്യ ബുദ്ധിയുമായി പൊരുത്തപ്പെടാനോ അതിനെ മറികടക്കാനോ കഴിയില്ല എന്നത് യാഥാര്‍ഥ്യമാണെങ്കിലും അവയുടെ വികസനം മനുഷ്യരുടെ വ്യവഹാരങ്ങളില്‍ വളരെയധികം സ്വാധീനിക്കപ്പെടുന്നു.
ചാറ്റ് ജിപിടി സംസാര വിഷയമായതോടെ ഭീഷണിയിലായ ഗൂഗിള്‍ “ബാര്‍ഡ് എ ഐ’ യുമായി രംഗത്തുവരാന്‍ പണിയെടുക്കുകയാണ്. അവതരണത്തിനിടെ തന്നെ ബാര്‍ഡിന് പിശക് പറ്റി. ഇത് ഗൂഗിളിന് വലിയ നാണക്കേടുണ്ടാക്കിയെങ്കിലും ബാര്‍ഡിനെ ഏത് വിധേനയും പൂര്‍ണതയിലെത്തിക്കാനുള്ള ശ്രമത്തിലാണവര്‍. മൈക്രോസോഫ്റ്റ് ആകട്ടെ അതിന്റെ ബിംഗ് സെര്‍ച്ച് എന്‍ജിന്റെയും എഡ്ജ് ബ്രൗസറിന്റെയും ഒരു ബീറ്റാ പതിപ്പ് പുറത്തിറക്കുകയും ചെയ്തു. ഡീപ് ലേണിംഗ് എന്ന മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്.
നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഗവേഷണങ്ങള്‍ തുടങ്ങിയ കാലം മുതല്‍, കമ്പ്യൂട്ടറുകള്‍ക്ക് മനുഷ്യര്‍ക്ക് സാധ്യമാകുന്നത് പോലെയുള്ള ഭാഷാ സ്വാധീനം നല്‍കാന്‍ സാധിക്കുമോ എന്ന് ഗവേഷകര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി നാച്വറല്‍ ലാംഗ്വേജ് പ്രോസസിംഗ് (എന്‍ എല്‍ പി) എന്ന ഒരു ഉപശാഖ വളര്‍ന്നു വന്നു. അതിന്റെ ഏറ്റവും പുതിയ പരിവര്‍ത്തനമാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.
എന്താണ് ചാറ്റ് ജിപിടി?
ഓപണ്‍ എ ഐ എന്ന റിസര്‍ച്ച് കമ്പനി വികസിപ്പിച്ച ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പ്, ജനറേറ്റീവ് പ്രീട്രെയിന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍ 3 ടെക്‌നോളജിയിലാണിത് പ്രവര്‍ത്തിക്കുക. ഉപയോക്താക്കളോട് വാക്കുകളുടെ രൂപത്തില്‍ ആശയവിനിമയം നടത്താനും പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നതിനും വലിയ അളവിലുള്ള ശക്തിയിതിനുണ്ട്. ടെക്സ്റ്റ് മനസ്സിലാക്കാനും ജനറേറ്റ് ചെയ്യാനും ശക്തമായ അല്‍ഗോരിതങ്ങളും സ്വാഭാവിക ഭാഷാ പ്രോസസ്സിംഗ് ടെക്നിക്കുകളും ഉപയോഗിക്കുന്നു.
ക്രിയേറ്റീവ് എഴുത്തുകള്‍, ലേഖനങ്ങള്‍, ഗണിത പ്രശ്‌നങ്ങള്‍, കമ്പ്യൂട്ടര്‍ കോഡുകള്‍, വാര്‍ത്തകള്‍, ഡാറ്റാ വിശകലനവും പഠനവും, ട്രാൻസ്്ലേഷന്‍, സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ തുടങ്ങി എന്തിനും ഏതിനും ചാറ്റ് ജിപിടി ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, ഒരു കത്തിന്റെ സാമ്പിള്‍ വേണമെങ്കില്‍ സാധാരണയായി നാം ഗൂഗിളില്‍ പരതുകയാണല്ലോ ചെയ്യാറുള്ളത്. ഗൂഗിള്‍ അത് സംബന്ധമായ ധാരാളം ലിങ്കുകള്‍ തുറന്നു തരും. അവയില്‍ കയറി വിഷയത്തെക്കുറിച്ച് ഒരു ധാരണയുണ്ടാക്കി നാം സ്വയം കാര്യം സാധിപ്പിച്ചെടുക്കണം. ഇവിടെ ചാറ്റ് ജിപിടി നമുക്ക് ആവശ്യമായ രീതിയില്‍ അത് തയ്യാര്‍ ചെയ്ത് തരും. ഒരു ലീവ് ലെറ്റര്‍ വേണമെങ്കില്‍ അതിന്റെ മുഴുവന്‍ ഉള്ളടക്കവും തയ്യാറാക്കും. ഒരു പ്രസംഗമാണ് വേണ്ടതെങ്കില്‍ അതും ചെയ്തുതരും. തുടര്‍ ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാനും സംഭാഷണത്തിന് തുടര്‍ച്ചയായ ഉത്തരങ്ങള്‍ നല്‍കാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഒരു ആശയം നല്‍കിയാല്‍ അതിനു യോജിച്ച വെബ്സൈറ്റ് ഉണ്ടാക്കാനുള്ള കോഡ് സൃഷ്ടിക്കുക, സ്‌പ്രെഡ്ഷീറ്റുകളില്‍ പ്രവര്‍ത്തിച്ച് പ്രവചനങ്ങള്‍ നടത്തുക തുടങ്ങിയവയും ഈ ട്രാന്‍സ്ഫോമര്‍ മാതൃകയിലുള്ള ചാറ്റ്‌ബോട്ട് ചെയ്യുന്നു.
ജിപിടി-3 മോഡല്‍ പുറത്തിറങ്ങിയതോടെയാണ് അതിന്റെ ഉപയോഗത്തിലേക്ക് ലോകം തിരിയുന്നത്. 175 ബില്യണിലധികം പാരാമീറ്ററുകളുള്ള, ഇതുവരെ സൃഷ്ടിച്ച ഏറ്റവും വലിയ ഭാഷാ മോഡലുകളിലൊന്നായ ജിപിടി-3 ലഭ്യമായ ഏറ്റവും നൂതനമായ എ ഐ ഭാഷാ മോഡലായി കണക്കാക്കപ്പെടുന്നു. മീഡിയ, കണ്‍സള്‍ട്ടിംഗ്, ഗവേഷണം, നിയമം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഈ സാങ്കേതികവിദ്യ വ്യാപകമായി ഇതിനകം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
കമ്പ്യൂട്ടറുകളുമായി നാം എങ്ങനെ ഇടപഴകുന്നു എന്നതില്‍ വിപ്ലവകരമായ മാറ്റത്തിനുള്ള വേദിയാണിത് തുറന്നിരിക്കുന്നത്. ഈയിടെ ദുബൈയില്‍ നടന്ന ലോക ഉച്ചകോടി, ചാറ്റ് ജിപിടി സര്‍ക്കാര്‍ മേഖലയില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ഏറെ വിശദമായി ചര്‍ച്ച ചെയ്തത്. ഇന്ത്യയടക്കം മിക്ക സര്‍ക്കാറുകളും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചാറ്റ് ജിപിടിയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നതിന് തീവ്രശ്രമം ആരംഭിച്ചു കഴിഞ്ഞു. ഒരേസമയം ധാരാളം സംഭാഷണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതാണ് സര്‍ക്കാറുകള്‍ ഇതിലേക്ക് തിരിയാന്‍ കാരണം. ഉയര്‍ന്ന അളവില്‍ ഉപഭോക്തൃ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യേണ്ട ബിസിനസ്സുകള്‍ക്കും സംവിധാനങ്ങള്‍ക്കും കാര്യക്ഷമമായ ഒരു പരിഹാരമായി ഇത് മാറും.
സ്വാഭാവിക സംഭാഷണം, ഔപചാരിക എഴുത്ത്, സാങ്കേതിക ഭാഷ എന്നിങ്ങനെ വിവിധ ശൈലികളില്‍ പ്രതികരണങ്ങള്‍ നല്‍കുന്നതിനാല്‍ വിവിധ മേഖലകള്‍ക്കുള്ള ഒരു ബഹുമുഖ ഉപകരണമാണ് ചാറ്റ് ജിപിടി. ഉദാഹരണത്തിന് കോഡിംഗ് ആവശ്യമുള്ള ഒരാളാണെങ്കില്‍ അത് തത്സമയം നിര്‍മിച്ചു നല്‍കാന്‍ കഴിയും. ചുരുക്കത്തില്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും ഉപകാരപ്പെടുന്ന ശക്തമായ സംവിധാനമാണ് ചാറ്റ് ജിപിടി. വിപുലമായ ഭാഷാ പ്രോസസ്സിംഗ് വൈദഗ്ധ്യം തന്നെയാണതിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്.
ഒരു ലക്ഷം കോടി ഘടകങ്ങള്‍ ഉപയോഗിച്ച് പ്രയോഗവത്കരിക്കുന്ന ജിപിടി-4 വരുന്നതോടെ യന്ത്രങ്ങള്‍ക്ക് ഒരു മനുഷ്യ മസ്തിഷ്‌കത്തിന് സമാനമായ ചിന്താശേഷി ഉണ്ടാകുമെന്നാണ് കരുതുന്നത്. മനുഷ്യ മസ്തിഷ്‌കത്തില്‍ ശരാശരി 8,600 കോടി ന്യൂറോണുകള്‍ ഉള്ളപ്പോള്‍ ജിപിടി-4ല്‍ ഒരു ലക്ഷം കോടി ന്യൂറല്‍ നെറ്റ്്വര്‍ക്കുകള്‍ ലഭ്യമാണ്. നിലവിലെ ടൈപ്പ് ചെയ്യുന്ന അവസ്ഥക്ക് പകരം ഓഡിയോ, വീഡിയോ ഇന്‍പുട്ടുകള്‍ സ്വീകരിക്കാന്‍ ഇതോടെ കഴിയും.
പരിമിതികള്‍
ഏതൊരു സാങ്കേതിക വിദ്യയിലേതും പോലെ, ചാറ്റ് ജിപിടിക്കും പരിമിതികളുണ്ട്. നിര്‍മിത ബുദ്ധിയിലാണ് ഈ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്റെ സാമാന്യബുദ്ധിയും പൊതുവിജ്ഞാനവും അവക്കുണ്ടാകില്ല. സന്ദര്‍ഭം മനസ്സിലാക്കുന്നതിനോ കൂടുതല്‍ അമൂര്‍ത്തമായ ഉത്തരം ആവശ്യമുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ പ്രതികരണം നല്‍കുന്നതിനോ അതിന് സാധിക്കില്ല. ഡാറ്റയില്‍ നിന്ന് ലഭ്യമാകുന്ന പാറ്റേണുകളെ അടിസ്ഥാനമാക്കി ടെക്സ്റ്റ് സൃഷ്ടിക്കുകയാണ് ചാറ്റ് ജിപിടി ചെയ്യുന്നത്. ഇതിനര്‍ഥം, ലഭ്യമല്ലാത്ത ഡാറ്റക്ക് പുറത്തുള്ള ഒരു ടാസ്‌ക് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത് അസംബന്ധമോ അനുചിതമോ ആയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചേക്കാം എന്നാണ്.
സങ്കീര്‍ണമായ അല്‍ഗോരിതങ്ങളും മെഷീന്‍ ലേണിംഗ് മോഡലുകളും ഉപയോഗിച്ചാണ് പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതിനാല്‍ എല്ലായ്‌പ്പോഴും കൃത്യമോ പ്രസക്തമോ ആയ അവതരണമാണോ ലഭിച്ചതെന്ന് ഉറപ്പാക്കേണ്ടി വരും. മുമ്പ് ലഭ്യമായ പാറ്റേണുകളെ അടിസ്ഥാനമാക്കി മാത്രമേ പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. 2021 വരെയുള്ള ഡാറ്റകളാണ് ശേഖരിച്ചു വെച്ചിരിക്കുന്നതെന്ന് കമ്പനിയും പറയുന്നുണ്ട്.
അപകട സാധ്യതകള്‍
സംഭാഷണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കഴിവുള്ള വളരെ വികസിത ഭാഷാ മോഡലായ ചാറ്റ് ജിപിടിയുടെ പ്രയോജനങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെങ്കില്‍ ഉത്തരവാദിത്വത്തോടെ അത് ഉപയോഗിക്കേണ്ടത് പ്രധാനമാണ്. അതിന്റെ പരിമിതികള്‍ മനസ്സിലാക്കുകയും അപകട സാധ്യതകള്‍ കുറക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് മറ്റു സാങ്കേതിക വിദ്യകളെപ്പോലെ ഇതും മനുഷ്യഗുണത്തിന് പാകപ്പെടുകയുള്ളൂ.
എ ഐയിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുകയും ഈ സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെയും അപകട സാധ്യതകളെയും കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ഈ മുന്നേറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ത്തന്നെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രാഥമിക സ്‌കൂള്‍ കുട്ടികള്‍ മുതല്‍ കോളജ് ബിരുദധാരികള്‍ വരെയുള്ള വിദ്യാര്‍ഥികള്‍, ഉപന്യാസ അസൈന്‍മെന്റുകള്‍ എഴുതാന്‍ ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നത് വര്‍ധിക്കുകയാണ്. അനായാസമായി ഇവ തയ്യാറാക്കാനും ഉപയോഗിക്കാനും സാധിക്കുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ പ്രതിഫലനം സൃഷ്ടിക്കും.
ഓട്ടോമേഷന്‍ സാങ്കേതികവിദ്യകളുടെ വരവ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളെ ഇല്ലാതാക്കുമെന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ബ്ലൂ കോളര്‍ ജോലികളെയാണ് ഇത് താരതമ്യേന ബാധിക്കുക. എഴുത്തും എഡിറ്റിംഗും മുതല്‍ അക്കൗണ്ടിംഗ്, വക്കീലിംഗ്, ടീച്ചിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വരെ നിരവധി ജോലികളില്‍ ഇതിന്റെ പ്രതിഫലനം എങ്ങനെയാകുമെന്ന ഭയം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ന്യൂക്ലിയര്‍ ഫ്യൂഷനും ഹ്യൂമന്‍ ക്ലോണിംഗും പോലുള്ള സാങ്കേതിക വിദ്യകള്‍ ഉണ്ടാക്കുന്ന ഭീഷണിയേക്കാള്‍ വലുതാണ് എ ഐ ഭീഷണി. വിര്‍ച്വല്‍ ലോകത്ത് ചാറ്റ് ജിപിടി റിലീസ് ചെയ്തതിന് ശേഷം എല്ലാ ദിവസവും യഥാര്‍ഥ ലോകത്ത് അതിന്റെ അലയൊലി വരുന്നു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ലോകം മറ്റൊരു രീതിയില്‍ പരിവര്‍ത്തനപ്പെട്ടേക്കാം എന്ന് കരുതുന്നവരാണ് ഏറെ.
അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന നിര്‍മിത ബുദ്ധി ഗവേഷണങ്ങളുടെ ഭാവി പ്രവചിക്കുക എന്നത് അത്ര എളുപ്പമല്ല. ഓരോ ദിവസവും പുതിയ പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നതിനാല്‍ വരുംകാലം ആവേശകരമാകുന്നതോടൊപ്പം ജാഗ്രതയുടേതുമാകേണ്ടതുണ്ട്.