Web Special
ചാറ്റ് ജിപിടി; ലോകം ഗൂഗിളിനോട് സലാം പറയുമോ?
ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാൻ കഴിയുന്ന എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ചാറ്റ്‌ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിറ്റി. മനുഷ്യഭാഷ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ചാറ്റ്‌ബോട്ടാണ് ഇത്. എഐ, മെഷീന്‍ ലേണിംഗ് എന്നിവയുടെ സഹായത്തോടെ നിർമിച്ച ഈ സംവിധാനം സംഭാഷണരൂപേണ വിവരങ്ങള്‍ നല്‍കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുമായാണ് തയ്യാറാക്കിയിരിക്കുന്നത്.
അലാവുദ്ധീന്റെ അത്ഭുത വിളക്കാണ് നമുക്ക് ഗൂഗിള്‍. എന്ത് സംശയം മനസ്സിൽ തോന്നിയാലും ആദ്യം അന്വേഷിച്ചു ചൊല്ലുന്നത് ഗൂഗിളിനോടാണ്. ഗൂഗിളിന് അറിയാത്ത ഒന്നുമില്ല എന്നാണ് നമ്മുടെ ഉറച്ച വിശ്വാസം. ഒരു പരിധിവരെ അത് ശരിയാണു താനും. അതുകൊണ്ട് തന്നെ ടെക് ലോകത്ത് മുടിചൂടാമന്നനായി വിലസുകളാണ് ‘കക്ഷി’. എന്നാൽ ഗൂഗിളിന്റെ ഈ അപ്രമാദിത്യം അവസാനിക്കാൻ പോകുകയാണെന്നാണ് ടെക്ക് ലോകം ഇപ്പോൾ ഒന്നടങ്കം പറയുന്നത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേദിക വിദ്യാ ലോകത്ത് ഗൂഗിളിനെ പോലും അമ്പരപ്പിക്കുന്ന മുന്നേറ്റവുമായി ഒരു പുതിയ ടൂൾ അടുത്തിടെ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. അതാണ് ചാറ്റ് ജി പി ടി.
യുവാക്കൾക്കും ടെക് പ്രേമികൾക്കുമിടയിൽ ചാറ്റ് ജിപിടിയാണ് ഇപ്പോൾ താരം. അങ്ങ് സിലിക്കൺ വാലിയിൽ വരെ ചാറ്റ് ജിപിടിയാണ് ചർച്ചാവിഷയം. ഗൂഗിളിനു മാത്രല്ല സകലമാന സെർച്ച് എൻജിനുകൾക്കും നേരെ പാഞ്ഞടുക്കുന്ന ധൂമകേതുവാണ് ചാറ്റ് ജിപിടിയെന്നാണ് ടെക് ലോകം കരുതുന്നത്.
എന്താണ് ചാറ്റ് ജി പി ടി?
ഒറ്റ ശ്വാസത്തിൽ പറഞ്ഞാൽ, ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാൻ കഴിയുന്ന എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ചാറ്റ്‌ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിറ്റി. മനുഷ്യഭാഷ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ചാറ്റ്‌ബോട്ടാണ് ഇത്. ഓൺലൈനിൽ ഉപഭോക്താക്കളുമായി ചാറ്റ് ചെയ്യാനും അന്വേഷണങ്ങളിൽ സഹായിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിനെയാണ് ചാറ്റ് ബോട്ട് എന്ന് വിളിക്കുന്നത്. ചാറ്റ് ബോട്ടുകളുടെ വികസിത രൂപമാണ് ചാറ്റ് ജിപിടിയെന്ന് പറയാം. എഐ, മെഷീന്‍ ലേണിംഗ് എന്നിവയുടെ സഹായത്തോടെ നിർമിച്ച ഈ സംവിധാനം സംഭാഷണരൂപേണ വിവരങ്ങള്‍ നല്‍കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുമായാണ് തയ്യാറാക്കിയിരിക്കുന്നത്.
2015 ല്‍ അമേരിക്കയിലെ ഓപ്പണ്‍ എ ഐ എന്ന കമ്പനിയാണ് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്. 2022 നവംബറിൽ സോഫ്റ്റ് വെയറിന്റെ ബീറ്റ വെർഷൻ അവർ പുറത്തിറക്കി. സാം ഹോട്ട് മാന്‍ ആണ് അമേരിക്കന്‍ കമ്പനിയുടെ സി ഇ ഒ. ഈലോണ്‍ മസ്‌ക്കും കമ്പനിയുടെ ഭാഗമായിരുന്നെങ്കിലും പിന്നീട് പിന്മാറി. ജനറേറ്റീവ് എ ഐ എന്ന വിഭാഗത്തിലാണ് കമ്പനി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വരുന്നത്. ഇതില്‍ ജിപിടിയില്‍ ജി എന്നാല്‍ ജനേററ്റീവ് എ ഐ എന്നാണ് അർഥം. മനുഷ്യനെ പോലെ തന്നെ ഉത്തരങ്ങള്‍ നല്‍കാന്‍ മെഷീനു ട്രെയിനിങ് കൊടുക്കുന്ന രീതിയാണിത്.
ചാറ്റ് ജി പി ടി പ്രവർത്തിക്കുന്നത് എങ്ങനെ?
ഒരു കാര്യം എങ്ങനെയെങ്കിലും എളുപ്പത്തില്‍ സാധിക്കുമെങ്കില്‍ അതുവഴി പോകുന്നവരാണ് നമ്മളെല്ലാവരും അതിനു ഏറ്റവും വലിയ ഒരു ഉദാഹരണമായി ചാറ്റ് ജി പി ടി യെ കാണാം. നമ്മള്‍ എതെകിലും ഒരു സുഹൃത്തിനോട് ഒരു ചോദ്യം ചോദിക്കുകയാണെന്നു കരുതുക. അയാള്‍ നമുക്ക് അതിനുള്ള ഉത്തരം തരുന്ന പോലെ ചാറ്റ് ജി പി ടിയും നമുക്ക് ഉത്തരം തരും. ചാറ്റ് ജി പി ടി യോട് നമ്മള്‍ എന്തെങ്കിലും ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അതിനുള്ള ഉത്തരം കൃത്യമായി അത് പറഞ്ഞുതരുമെന്ന് സാരം. ഒരുവിഷയത്തിൽ തുടര്‍ന്ന് നമ്മള്‍ അനുബന്ധ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നാലും ഒരു സുഹൃത്തില്‍ നിന്നും മറുപടി ലഭിക്കുന്ന പോലെ ചാറ്റ് ജി പി ടി യില്‍ നിന്നും നമുക്ക് ഉത്തരം ലഭിക്കുന്നു. ഇതു ഏതൊരു വിഷയത്തെ കുറിച്ചുള്ളതുമാവാം. ഉത്തരങ്ങള്‍ എപ്പോഴും ചാറ്റ് ജി പി ടിയുടെ കയ്യില്‍ ഭദ്രമായിരിക്കും. വിഷയം നൽകിയാൽ കവിത എഴുതാനും കഥ എഴുതാനും എഴുതിയ കവിതകൾ എഡിറ്റ് ചെയ്യാനുമെല്ലാം ചാറ്റ് ജിപിടിക്ക് സാധിക്കുമെന്നാണ് ഓപ്പൺ എ ഐ അവകാശപ്പെടുന്നത്. ഇതുകൊണ്ടൊക്കെ തന്നെയാവാം ആദ്യത്തെ അഞ്ചു ദിവസം കൊണ്ട് തന്നെ ചാറ്റ് ജി പി ടി ഒരു മില്യണ്‍ യൂസര്‍മാരെയും ഫോളോവര്‍മാരെയും വാരിക്കൂട്ടിയത്.
മില്യണ്‍ കണക്കിന് ഡാറ്റകള്‍ മെഷീനിനുള്ളിലേക്ക് സേവ് ചെയ്യുക വഴി ഒരു മനുഷ്യന് എങ്ങനെയാണോ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് അതുപോലെ തന്നെ മെഷീനും കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി കൊടുക്കുകയാണ് ഗവേഷകർ. വേണ്ടാത്ത കാര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ചാറ്റ് ജി പി ടി ക്ക് മോഡറേഷന്‍ എ പി എന്ന് പറയുന്ന ഒരു സിസ്റ്റം കൂടെയുണ്ട്. ഇതു വഴി വേണ്ടാത്ത കണ്ടന്റുകള്‍ ആളുകളിലേക്ക് എത്താതെ തടയാനും അതിന് കഴിയും.
ഗൂഗിളും ചാറ്റ് ജിപിടിയും തമ്മിൽ എന്താണ് വ്യത്യാസം?
ഗൂഗിളും ചാറ്റ് ജിപിടിയും ഒരുപോലെയല്ല. രണ്ടും രണ്ട് തന്നെയാണ്. ഒരു സെർച്ച് എൻജിനാണ് ഗൂഗിള്‍. ഗൂഗിളിൽ നമ്മൾ ഒരു കാര്യം പരതിയാൽ അത് നേരിട്ട് ഒരു വിവരവും നമുക്ക് നൽകുന്നില്ല. പകരം ലക്ഷക്കണക്കിന് വരുന്ന വെബ്സൈറ്റുകൾ പരതി നമ്മൾ അന്വേഷിച്ച വിവരങ്ങൾ കണ്ടെത്തി നൽകുകയാണ് ഗൂഗിളിന്റെ ജോലി.
എന്നാൽ ചാറ്റ് ജിപിടി ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. നമ്മടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നേരിട്ട് നൽകുകയാണ് ചാറ്റ് ജിപിടി ചെയ്യുന്നത്. ഉദാഹരണത്തിന് മക്കൾക്ക് ഒരു ലീവ് ആപ്ലിക്കേഷൻ നൽകണമെന്നിരിക്കട്ടെ. ചാറ്റ് ജിപിടിയോട് പറഞ്ഞാൽ കൃത്യമായി ലീവ് ആപ്ലിക്കേഷൻ തയ്യാറാക്കി നൽകും. ഗൂഗിളിനോടാണ് ഇത് ചോദിക്കുന്നതെങ്കിൽ ലീവ് ആപ്ലിക്കേഷന്റെ നിരവധി മാതൃതകകൾ നമുക്ക് മുന്നിൽ നിരത്തുകയാണ് ഗൂഗിൾ ചെയ്യുക.
ഗുണങ്ങൾ / പോരായ്മകൾ
ചാറ്റ് ജി പി ടിക്ക് നിരവധി ഗുണങ്ങളും പോരായ്മകളും ഉണ്ട്. ഒരു വാക്യം നമ്മള്‍ എഴുതിയാല്‍ അതില്‍ ഗ്രാമര്‍ മിസ്റ്റേക്ക് ഉൾപ്പെടെ അത് കണ്ടുപിടിച്ച് ശരിയാക്കും. ട്രാന്‍സ്‍ലേഷന്‍, വലിയ പ്രബന്ധങ്ങള്‍ സംഗ്രഹിക്കൽ, കോര്‍ഡിങ് തുടങ്ങി നിരവധി കാര്യങ്ങൾ ചാറ്റ് ജി പി ടി വഴി സാധ്യമാണ്.
എന്നാല്‍ അപ്ഡേറ്റഡ് ആകില്ല എന്നതാണ് ചാറ്റ് ജി പി ടിയുടെ പോരായ്മ. ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങൾ അല്ല ചാറ്റ് ജിപിടി നൽകുക. മറിച്ച് ചാറ്റ് ജി പി ടിയില്‍ നേരത്തെ സേവ് ചെയ്തു വെച്ചിട്ടുള്ള വിവരങ്ങളിൽ നിന്ന് എഐ, മെഷിൻ ലേണിംഗ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവരങ്ങൾ ആറ്റിക്കുറുക്കി നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ചാറ്റ് ജിപിടിയുടെ സ്റ്റൈൽ. 2021 വരെയുള്ള കാര്യങ്ങള്‍ മാത്രമേ അതില്‍ നിലവിൽ സേവ് ചെയ്തിട്ടുള്ളൂ. പരീക്ഷണഘട്ടത്തില്‍ ആയതിനാൽ നമുക്കിത് കണ്ടില്ലെന്നു വെക്കാം. പരീക്ഷണങ്ങൾ പൂർത്തിയായാലും അപ്ഡേഷന് ഇതിൽ പരിമിതികളുണ്ടെന്ന് തന്നെയാണ് ടെക് വിദഗ്ധർ പറയുന്നത്.
മനുഷ്യരെപ്പോലെ തന്നെ പ്രവര്‍ത്തിക്കുന്നതിനാൽ അസെയിൻമെന്റുകള്‍ക്കും മറ്റും നിരവധി വിദ്യാര്‍ഥികൾ ചാറ്റ് ജി പി ടി യെ ആശ്രയിക്കുന്നുണ്ട്. ഇത് വിദ്യാർഥികൾ സ്വയം വിവരശേഖരണം നടത്തി പ്രബന്ധങ്ങളും മറ്റും തയ്യാറാക്കുന്നതിനെ തടയുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് മുന്നിൽ കണ്ട് ചില സർവകലാശാലകളും സർക്കാറുകളും ചാറ്റ് ജിപിടിക്ക് നിരോധനം വരെ ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പാണ് ചാറ്റ് ജിപിടിക്ക് വിലക്കേർപ്പെടുത്തിയ പ്രമുഖ സ്ഥാപനം. സുരക്ഷയും കൃത്യതയും സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്നാണ് വകുപ്പ് ചാറ്റ്ബോട്ടിന് നിരോധനം ഏർപ്പെടുത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട പഠനത്തിനായി ചാറ്റ്ജിപിറ്റി സംവിധാനം ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ മാത്രം ഇവയുടെ ആക്‌സസിനായി സ്‌കൂളുകള്‍ക്ക് അഭ്യര്‍ത്ഥിക്കാമെന്നാണ് ന്യൂയോർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
നിരവധി പേരുടെ ജോലി നഷ്ടപ്പെടാൻ ചാറ്റ് ജിപിടി വഴിയൊരുക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. കോൾസെന്ററുകളെ പോലുള്ള സ്ഥാപനങ്ങളെല്ലാം ഭാവിയിൽ ചാറ്റ് ജിപിടിയെ ആശ്രയിക്കാൻ തീരുമാനിച്ചാൽ നിരവധി പേർ വഴിയാധാരമാകും. ഇപ്പോൾ തന്നെ പല സ്ഥാപനങ്ങളും ഉപഭോക്താക്കളുമായി സംവദിക്കാനും സംശയങ്ങൾക്ക് മറുപടി നൽകാനും ചാറ്റ്ബോട്ടുകൾ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
എന്തൊക്കയായാലും ഗൂഗിളിനെ വെല്ലുമോ പുതിയ ചാറ്റ് ജി ടി പി എന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. ചാറ്റ് ജിപിടിയുടെ ബീറ്റ ടെസ്റ്റിംഗ് ആണ് ഇപ്പാൾ പുരോഗമിക്കുന്നത്. ലക്ഷക്കണക്കിന് പേർ ബീറ്റ ടെസ്റ്റിംഗിൽ നിലവിൽ പങ്കാളികളാണ്. അതിനാൽ തന്നെ പുതിയ ഒരാൾക്ക് ചാറ്റ് ജിപിടി ഉപയോഗിക്കണമെങ്കിൽ കുറച്ചധികം കാത്തിരികേണ്ടിവരും.