Poem
ചാറ്റൽ
അടച്ചിട്ട മുറികളിലെ വാതിൽപഴുതിലൂടെ അവസരം കാത്ത് കിടക്കുന്നവരിലേക്ക് നിങ്ങളയക്കുന്ന ഒളിയമ്പ് ചിരിയുടെ ഇമോജിയിൽ തുടങ്ങി ചുംബന ഇമോജികളിലേക്ക് മൗനമായി നിങ്ങളെറിയുന്ന ചൂണ്ട

അടച്ചിട്ട മുറികളിലെ
വാതിൽപഴുതിലൂടെ
അവസരം കാത്ത്
കിടക്കുന്നവരിലേക്ക്
നിങ്ങളയക്കുന്ന ഒളിയമ്പ്
ചിരിയുടെ ഇമോജിയിൽ
തുടങ്ങി ചുംബന
ഇമോജികളിലേക്ക്
മൗനമായി നിങ്ങളെറിയുന്ന ചൂണ്ട
അർധരാത്രികളിൽ
വിരൽതുമ്പിലൊളിപ്പിച്ച്
വരുന്ന പ്രണയം പുരട്ടിയ
വാക്കുകളിൽ കോർത്ത്
പോയവരുടെ പിടച്ചിൽ
ചൂണ്ടയിൽ കുടുങ്ങിയാൽ
വലിച്ചെടുത്ത് ഇരയോടൊപ്പം
ചേർക്കും
ആവേശത്തോടെ ഓടിയടുത്ത്
ചൂണ്ട മുനയിൽ പിടയുന്ന
തേങ്ങലുകൾക്ക്
ഒരേ ഭാവം
പ്രണയച്ചാലുകൾ
കാമത്തിന്റെ കുത്തൊഴുക്കിലേക്ക്
വഴിതിരിച്ചു വിടുന്ന
ചൂണ്ടക്കാരന്റെ കൗശലം
തീറെഴുതിക്കിട്ടിയ കൃഷിഭൂമി പോലെ ഉടൽ പറമ്പിൽ ക്യാമറക്കണ്ണൂകൾ കൊത്തിവലിക്കുമ്പോഴുള്ള രോദനം
ചൂണ്ടക്കാരും ഇരകളും ആവർത്തിക്കുന്ന ചിത്രങ്ങളായി
മടുപ്പിക്കാത്ത യാത്രയിലാണ്
കാഴ്ചക്കാർ ക്യൂവിലാണ്.