Uae
വാഹനമോടിക്കുമ്പോൾ ചാറ്റ്; ഗുരുതര അപകടങ്ങൾക്ക് കാരണമാകുന്നു
കഴിഞ്ഞ വർഷം വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 6,48,571 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അബൂദബി|വാഹനമോടിക്കുമ്പോൾ സോഷ്യൽ മീഡിയയിലും ചാറ്റ് പ്രോഗ്രാമുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡ്രൈവർമാർ ഗുരുതരമായ വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായി അബൂദബി പോലീസ് മുന്നറിയിപ്പ് നൽകി. അടുത്തിടെ റിപ്പോർട്ട് ചെയ്ത നിരവധി അപകടങ്ങളുടെ അന്വേഷണത്തിൽ റോഡിലെ ശ്രദ്ധക്കുറവ് പ്രധാന കാരണമാണെന്ന് കണ്ടെത്തി.
ഡ്രൈവർമാർ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ എഴുതുന്നതിലും സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യുന്നതിലും മുഴുകുന്നു. കഴിഞ്ഞ വർഷം വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 6,48,571 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അബൂദബിയിൽ 4,66,029, ദുബൈയിൽ 87,321, ഷാർജയിൽ 84,512 എന്നിങ്ങനെയാണ് പ്രധാന എമിറേറ്റുകളിലെ ലംഘനങ്ങൾ.
അബൂദബി പോലീസ് പുറത്തിറക്കിയ അപകട ചിത്രീകരണമുള്ള വീഡിയോകൾ, ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിക്കുന്ന ഡ്രൈവർമാരെ വ്യക്തമാക്കുന്നു. ഇത് പരിക്കുകൾക്കും വലിയ ഭൗതിക നഷ്ടങ്ങൾക്കും കാരണമായി എന്ന് അബൂദബി പോലീസിന്റെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റിലെ കേണൽ ഡോ. മുസ്്ലിം മുഹമ്മദ് അൽ ജുനൈബി ചൂണ്ടിക്കാട്ടി.
ഫെഡറൽ ട്രാഫിക് നിയമപ്രകാരം, ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നതിന് 800 ദിർഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും ശിക്ഷയാണ്. ഇത്തരം ലംഘനങ്ങൾ കൂടി കണ്ടെത്താൻ കഴിയുന്ന നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റഡാറുകൾ ഉപയോഗിക്കുന്നു, ഇവ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ലംഘനങ്ങളും കൃത്യമായി കണ്ടെത്തുന്നു.