Connect with us

Kerala

ചാവക്കാട് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; വന്‍ അപകടം ഒഴിവായി

രണ്ട് സഞ്ചാരികളും 6 ജീവനക്കാരുമാണ് ആ സമയത്ത് ബ്രിഡ്ജിലുണ്ടായിരുന്നത്.

Published

|

Last Updated

തൃശൂര്‍| ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ ഫ്‌ലോട്ടിങ് ബ്രിജ് തകര്‍ന്നു. ബ്രിഡ്ജിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്‌ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപടമുണ്ടായത്.

നൂറു മീറ്റര്‍ നീളത്തിലുള്ള ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേര്‍പെട്ടത്. രണ്ട് സഞ്ചാരികളും 6 ജീവനക്കാരുമാണ് ആ സമയത്ത് ബ്രിഡ്ജിലുണ്ടായിരുന്നത്. ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേര്‍പെടുന്ന സമയത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

അവധി ദിവസമല്ലാത്തതിനാല്‍ തിരക്ക് കുറവായതിനാലാണ് വന്‍ അപകടം ഒഴിവായത്. ശക്തമായി തിരയടിച്ചതിനാല്‍ ഫ്‌ലാട്ടിങ് ബ്രിഡ്ജിന്റെ ഒരു ഭാഗം വേര്‍പ്പെട്ട് കടലിലേക്ക് ഒഴുകുകയായിരുന്നു. പിന്നീട് നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയെത്തി പൊട്ടിയ ഭാഗം കഷ്ണങ്ങളാക്കി തീരത്തേക്ക് കയറ്റിവച്ചു. ട്രാക്ടര്‍ ഉപയോഗിച്ചാണ് ഓരോ കഷ്ണങ്ങളും കയറ്റിയത്.

തീരദേശത്തെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഒരുക്കിയത്. 110 മീറ്റര്‍ നീളത്തിലാണ് കടലിലേക്ക് ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍മിച്ചത്. സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഏകദേശം ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. ഒരേസമയം 100 പേര്‍ക്ക് ബ്രിഡ്ജില്‍ പ്രവേശിക്കാവുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്.

ഫ്ളോട്ടിങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാനായി ഒട്ടേറെ സഞ്ചാരികളും ഇവിടെ എത്താറുണ്ട്. 80 ലക്ഷം രൂപ ചെലവിലാണ് സ്വകാര്യ കമ്പനി ഇത് നിര്‍മിച്ചത്. വരുമാനം മുഴുവനും ഇവര്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് പറയുന്നു. ബ്രിഡ്ജിലേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 120 രൂപയാണ് ഈടാക്കിയിരുന്നത്.

ചാവക്കാടിന് പുറമെ നിലവില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നുണ്ട്.