Oman
കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്; ഒമാനില്‍ നിന്നും ഒക്ടോബര്‍ ഒന്ന് മുതല്‍ അല്‍ ഐനിലേക്കും അബൂദബിയിലേക്കും ബസ് സര്‍വീസുകള്‍
നിലവിലെ നിരക്കിനെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ബസ് സര്‍വീസുകള്‍ കുറഞ്ഞത് ടിക്കറ്റ് നിരക്കുയരാന്‍ ഇടയാക്കിയിരുന്നു.

അബൂദബി/മസ്‌കത്ത് | യു എ ഇയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒമാന്‍ മുവാസലാത്ത്. ഒക്ടോബര്‍ ഒന്ന് മുതല്‍ അല്‍ ഐനിലേക്കും അബൂദബിയിലേക്കും ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഒമാന്‍ ദേശീയ ഗതാഗത കമ്പനി അറിയിച്ചു. നിലവിലെ നിരക്കിനെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ബുറൈമി വഴിയാകും യു എ ഇയിലേക്കുള്ള സര്‍വീസുകളെന്നും മുവാസലാത്ത് വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.
ഉയര്‍ന്ന നിരക്കിനെ തുടര്‍ന്ന് ഒമാന്‍-യു എ ഇ ബസ് യാത്രികര്‍ ഏറെ പ്രയാസം നേരിടുന്ന ഘട്ടത്തിലാണ് മുവാസലാത്ത് സര്‍വീസുമായി വീണ്ടുമെത്തുന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ബസ് സര്‍വീസുകള്‍ കുറഞ്ഞത് ടിക്കറ്റ് നിരക്കുയരാന്‍ ഇടയാക്കിയിരുന്നു. നേരത്തെ മുവാസലാത്ത് സര്‍വീസ് അവസാനിപ്പിച്ചതിനാല്‍ സ്വകാര്യ ബസ് സര്‍വീസ് മാത്രമാണ് നിലവില്‍ ഒമാനും യു എ ഇക്കും ഇടയിലുള്ളത്. അടുത്ത മാസം ഒന്ന് മുതല്‍ മുവാസലാത്ത് എത്തുന്നതോടെ കൂടുതല്‍ യാത്രാ സൗകര്യങ്ങളൊരുങ്ങുകയും ചെലവ് കുറയുകയും ചെയ്യും.
കൊവിഡിന് ശേഷമാണ് ബസ് സര്‍വീസുകളുടെ എണ്ണം കുത്തനെ കുറഞ്ഞത്. നേരത്തെ മുവസാലത്തിന് പുറമെ മറ്റു സ്വകാര്യ കമ്പനികള്‍ കൂടി മസ്‌കത്തില്‍ നിന്നും ദുബൈയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍, നിലവില്‍ ഒരു സ്വകാര്യ കമ്പനിയുടെ സര്‍വീസ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. രാവിലെയും ഉച്ചക്കും രാത്രിയിലും ഓരോ സര്‍വീസുകള്‍ മാത്രമാണിപ്പോഴുള്ളത്. മുവാസലാത്ത് സര്‍വീസുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ലെങ്കിലും കുടുതല്‍ ബസുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
അതേസമയം, നേരത്തെ മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട് ഹത്ത അതിര്‍ത്തി വഴി ദുബൈയില്‍ എത്തുകയായിരുന്നു മുവാസലാത്ത് ബസ് എങ്കില്‍ പുതിയ സര്‍വീസുകള്‍ ബുറൈമി അതിര്‍ത്തി വഴിയാകും യു എ ഇയിലേക്ക് കടക്കുക. അല്‍ ഐന്‍ കടന്ന് അബൂദബിയാണ് അവസാന ലക്ഷ്യസ്ഥാനം. ബോര്‍ഡറിലെ നടപടികള്‍ക്കുള്‍പ്പെടെ അല്‍ ഐനിലേക്ക് ആറ് മണിക്കൂറും 30 മിനുട്ടുമാണ് യാത്രാ സമയം. അബൂദബിയിലേക്ക് ഒമ്പത് മണിക്കൂറും 10 മിനുട്ടും സമയമെടുക്കും. അസൈബ സ്റ്റേഷനില്‍ നിന്നാണ് ബസ് പുറപ്പെടുക.
അല്‍ ഐനിലേക്ക് 8.500 ഒമാന്‍ റിയാലും അബൂദബിയിലേക്ക് 11.500 ഒമാന്‍ റിയാലുമാണ് ടിക്കറ്റ് നിരക്ക്. രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് യാത്ര സൗജന്യമാണ്. സ്വകാര്യ ബസ് കമ്പനി മസ്‌കത്തില്‍ നിന്ന് ദുബൈയിലേക്ക് 10 റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്.
അയല്‍ രാജ്യത്തെ ഇഷ്ട നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒമാനില്‍ നിന്നും യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലേക്കൊഴുകുന്ന ഒമാന്‍ സഞ്ചാരികള്‍ ഏറെയാണ്. അവധി ദിനങ്ങളിലും ആഘോഷ വേളകളിലും അതിര്‍ത്തി കടക്കുന്നവര്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്നത് യു എ ഇയെയാണ്. പ്രവാസികളും വിശിഷ്യാ മലയാളികളും ഇതില്‍ ഏറെ മുന്നിലാണ്. യു എ ഇയില്‍ നിന്നും ഒമാന്‍ സന്ദര്‍ശിക്കാനെത്തുന്നവരിലും ബസ് സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. വിസ മാറുന്നതിനും ഒമാന്‍ വഴി യാത്ര ചെയ്യുന്നതിനുമെത്തുന്ന വിദേശികളാണ് യാത്രക്കാരില്‍ ഭൂരിഭാഗവും. ഇവര്‍ക്കും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തിരിച്ചടിയാണ്.
മുവാസലാത്ത് സര്‍വീസുകള്‍ കൂടി ആരംഭിക്കുകയും ടിക്കറ്റ് നിരക്ക് കുറയ്ക്കുകയും ചെയ്യുന്നത് ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ നോക്കിക്കാണുന്നത്. അബൂദബിയില്‍ നിന്നും നിലവില്‍ ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര ബസ് ഗതാഗത ശൃംഖല വിപുലീകരിക്കാനും മെച്ചപ്പെടുത്താനും ഒമാനിലെ അല്‍ ബുറൈമിയിലെ ബസ് സ്റ്റേഷനെ അല്‍ ഐനിലെ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കാനും ഈ സേവനം ലക്ഷ്യമിടുന്നു.
പുതിയ സര്‍വീസ് മറ്റ് റൂട്ടുകളോടൊപ്പം ഒരു സംയോജിത പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനം നല്‍കും. അബൂദബിയില്‍ നിന്ന് അല്‍ഐന്‍ വഴി മസ്‌കത്ത്, സലാല, തിരിച്ചും യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നു. ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരുടെയും അബൂദബി സംയോജിത ഗതാഗത കേന്ദ്രം പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ മുവസലാത്ത് സി ഇ ഒ. ബദര്‍ മുഹമ്മദ് അല്‍ നദ്ദാബിയും ക്യാപിറ്റല്‍ എക്സ്പ്രസ് ബോര്‍ഡ് അംഗം സയീദ് ബിന്‍ ഖല്‍ഫ് അല്‍ ഖുബൈസിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.