Connect with us

National

അരുണാചലിലെ തവാങില്‍ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു; കോ പൈലറ്റിന് പരുക്ക്

ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ കോ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

തവാങ് | അരുണാചല്‍ പ്രദേശിലെ തവാങില്‍ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ കോ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് സംഭവം. പതിവ് നിരീക്ഷണങ്ങള്‍ക്കായി പറന്ന ഹെലികോപ്ടര്‍ പൊടുന്നനെ നിലംപതിക്കുകയായിരുന്നു. ഇന്ന് രാവിലെ 10ഓടെയാണ് സംഭവം.

‘തവാങ് മേഖലയില്‍ പറക്കുകയായിരുന്ന ആര്‍മി ഏവിയേഷന്‍ ചീറ്റ ഹെലികോപ്ടര്‍ ഇന്ന് രാവിലെ 10ഓടെ തകര്‍ന്നുവീണു. പരുക്കേറ്റ രണ്ട് പൈലറ്റുമാരെയും സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരിലൊരാള്‍ മരണപ്പെടുകയായിരുന്നു. രണ്ടാമത്തെയാള്‍ ചികിത്സയിലാണ്.’- അസമിലെ തെസപുര്‍ ആര്‍മി റിലേഷന്‍സ് ഓഫീസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അപകടത്തിനുള്ള കാരണം അന്വേഷിച്ചുവരികയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്ത് ഹെലികോപ്ടര്‍ അപകടങ്ങള്‍ കൂടുതലായി നടക്കുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. മോശം കാലാവസ്ഥയാണ് അപകടങ്ങളില്‍ ഭൂരിഭാഗത്തിനും ഇടയാക്കിയത്. 2010 നു ശേഷം അരുണാചലിലുണ്ടായ ആറ് ഹെലികോപ്ടര്‍ അപകടങ്ങളിലായി മുന്‍ മുഖ്യമന്ത്രി ദോര്‍ജീ ഖണ്ഡു ഉള്‍പ്പെടെ 40 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ മാര്‍ച്ചില്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖക്കു സമീപത്തായി ചീറ്റ ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റ് മരിക്കുകയും കോ പൈലറ്റിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

2021ല്‍ തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ എം ഐ-17 വി5 ചോപ്പര്‍ തകര്‍ന്നുവീണാണ് മുന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടത്.

Latest