National
കുനോ നാഷണൽ പാർക്കിൽ വീണ്ടും ചീറ്റ ചത്തു; ഇതുവരെ ചത്തത് ഒൻപത് ചീറ്റകൾ
ആഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും കൊണ്ടുവന്ന ചീറ്റകളിൽ 40 ശതമാനവും ചത്തതിൽ സുപ്രീം കോടതി അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഭോപ്പാൽ | മധ്യപ്രദേശിലെ കുനോം നാഷണൽ പാർക്കിൽ വീണ്ടും ചീറ്റ ചത്രു. പെൺ ചീറ്റ ധാത്രി (ടിബിലിസി)യെയാണ് ചൊവ്വാഴ്ച രാവിലെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അസീം ശ്രീവാസ്തവ പറഞ്ഞു. മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തി വരികയാണ്. ഇതോടെ മാർച്ച് 26 ന് ശേഷം കുനോം നാഷണൽ പാർക്കിൽ ചത്ത ചീറ്റകളുടെ എണ്ണം ഒൻപതായി. കുനോയിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കുനോ നാഷണൽ പാർക്കിലെ ചുറ്റളവിൽ സൂക്ഷിച്ചിരിക്കുന്ന ഏഴ് പെണ്ണും ആറ് ആണും ഒരു കുട്ടിയും ഉൾപ്പെടെ 14 ചീറ്റകൾ ആരോഗ്യവാന്മാരാണെന്ന് കുനോ മാനേജ്‌മെന്റ് അറിയിച്ചു. കുനോ, നമീബിയ എന്നിവിടങ്ങളിൽ നിന്നുള്ള വന്യജീവി വിദഗ്ധർ അവരുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ തുറസ്സായ വനത്തിൽ വിഹരിക്കുന്ന രണ്ട് പെൺചീറ്റകളെയും നിരീക്ഷിക്ഷിക്കുന്നുണ്ടായിരുന്നു. ഇതിൽ ഒരു ചീറ്റയെയാണ് ഇന്ന് ചത്ത നിലയിൽ കണ്ടെത്തിയത്.
ആരോഗ്യ പരിശോധന നടത്തുന്നതിനായി കഴിഞ്ഞ 10 ദിവസമായി ധാത്രിക്ക് വേണ്ടി വനംവകുപ്പ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും കൊണ്ടുവന്ന ചീറ്റകളിൽ 40 ശതമാനവും ചത്തതിൽ സുപ്രീം കോടതി അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചീറ്റകളെ രാജസ്ഥാനിലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ഈ വർഷം മാർച്ച് 26നാണ് കുനോ നാഷണൽ പാർക്കിൽ ആദ്യമായി ചീറ്റ ചത്തത്. വൃക്ക അണുബാധയെ തുടർന്നായിരുന്നു സാഷ എന്ന ചീറ്റയുടെ അന്ത്യം. മാർച്ച് 27 ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന ജ്വാല എന്ന പെൺ ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതോടെ കുനോയിൽ കുഞ്ഞുങ്ങളടക്കം ചീറ്റകളുടെ എണ്ണം 23 ആയി.
ഏപ്രിൽ 23ന് ഉദയ് എന്ന ആൺ ചീറ്റ ഹൃദയാഘാതം മൂലം ചത്തു. മെയ് ഒൻപതിന് പെൺ ചീറ്റയായ ദക്ഷയും 23ന് ജ്വാലയുടെ ഒരു കുഞ്ഞും ചത്തു. മെയ് 25ന് ജ്വാലയുടെ രണ്ട് കുഞ്ഞുങ്ങൾ കൂടി ചത്തു. ജൂലായ് 11ന് ആൺ ചീറ്റ തേജസും 14ന് മറ്റൊരു ചീറ്റയായ സൂരജും ചത്തു. ഇതോഷടെ പാർക്കിൽ 16 ചീറ്റകളാണ് അവശേഷിച്ചത്. ഇതിൽ ഒന്ന് കൂടി ഇന്ന് ചത്തതോടെ ചീറ്റയകളുടെ എണ്ണം 15 ആയി ചുരുങ്ങി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ചീറ്റപ്പുലി പുനരവലോകന പരിപാടിയെ തുടര്‍ന്നാണ് ചീറ്റകളെ ഇന്ത്യയിലെക്കെത്തിച്ചത്.