Kerala
ചേലക്കരയെ വീണ്ടും ചുവപ്പിച്ചു; ചേലോടെ പ്രദീപ്
2016 മുതല്‍ 2021 വരെ നിയമസഭയില്‍ ചേലക്കരയെ പ്രതിനിധീകരിച്ച പ്രദീപ് അക്കാലയളവില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനമനസ്സുകളിലെ സ്ഥാനവുമാണ് വിജയത്തിന് അടിസ്ഥാനമായത്.
തൃശൂര്‍ | ഇടത് മുന്നണിയുടെ ജനകീയനായ തേരാളി യു ആര്‍ പ്രദീപിനെ വീണ്ടും ഹൃദയത്തിലേറ്റി ചേലക്കര. 2016 മുതല്‍ 2021 വരെ നിയമസഭയില്‍ ചേലക്കരയെ പ്രതിനിധീകരിച്ച പ്രദീപ് അക്കാലയളവില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനമനസ്സുകളിലെ സ്ഥാനവുമാണ് വിജയത്തിന് അടിസ്ഥാനമായത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളാണ് അദ്ദേഹത്തിന് മണ്ഡലത്തിലുള്ളതെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നതായി തിരഞ്ഞെടുപ്പ് ഫലം.
സജീവമായ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള സി പി എം നേതാവാണ് പ്രദീപ്. 1997 മുതലാണ് അദ്ദേഹം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി രംഗത്തെത്തുന്നത്. 2000-2005 കാലയളവില്‍ ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ ശ്രദ്ധേയമായ സേവനം നടത്തി. പ്രദീപിന്റെ മികവുറ്റ നേതൃത്വത്തിന്‍ കീഴില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന പുരസ്‌കാരം ദേശമംഗലത്തെ തേടിയെത്തി. 2009 മുതല്‍ 2011 വരെ ദേശമംഗലം സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റായും പ്രദീപ് സേവനമനുഷ്ഠിച്ചു. 2014 ല്‍ ദേശമംഗലം പഞ്ചായത്ത് ഭരണസമിതി അംഗമായി.
ഇതിനിടെയാണ് 2016 ല്‍ ചേലക്കരയുടെ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2022ല്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണ്. പാര്‍ട്ടി നിര്‍ദേശ പ്രകാരം ആ സ്ഥാനം ഒഴിഞ്ഞാണ് ചേലക്കരയിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയത്.
ചേലക്കര മണ്ഡലത്തിലെ ദേശമംഗലം ഗ്രാമത്തില്‍ പാളൂര്‍ തെക്കേപുരക്കല്‍ പരേതരായ രാമന്റെയും ശാന്തയുടെയും മകനായി ജനിച്ച പ്രദീപ് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി ബി എ ബിരുദവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയിട്ടുണ്ട്.