Connect with us

chelakkulam k m muhammed abul bushra maulavi

ചേലക്കുളം അബുല്‍ ബുശ്‌റ മൗലവി; തെക്കന്‍ കേരളത്തില്‍ സുന്നി ഐക്യത്തിനായി നിലകൊണ്ട പണ്ഡിതന്‍

സുന്നീ സംഘടനകള്‍ക്ക് തെക്കന്‍ കേരളത്തില്‍ വേണ്ടത്ര സ്വാധീനം ലഭിക്കാത്ത കാലത്ത് രൂപവത്കരിച്ച ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാല് പതിറ്റാണ്ട് കാലത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു

Published

|

Last Updated

കൊച്ചി | തെക്കന്‍ കേരളത്തില്‍ സുന്നത്ത് ജമാഅത്തിന്റെ പ്രചാരണത്തിന് ജീവിതം മാറ്റിവെച്ച പണ്ഡിതനായിരുന്നു നിര്യാതനായ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ചേലക്കുളം കെ എം മുഹമ്മദ് അബുല്‍ ബുശ്‌റ മൌലവി. സുന്നി സംഘടനകള്‍ക്കിടയിലെ ഐക്യത്തിന് കഴിയാവുന്ന എല്ലാ ശ്രമങ്ങളും നടത്തിയ അദ്ദേഹം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന പരിപാടികളിലെല്ലാം ഇരുവിഭാഗം സമസ്തയുടെയും നേതാക്കളെ പങ്കെടുപ്പിക്കാനും ശ്രമിച്ചിരുന്നു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ തുടങ്ങിയ സുന്നി സംഘടനകളുടെ നേതാക്കളുമായെല്ലാം അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന അബുല്‍ ബുശ്‌റ പകരം വെക്കാനില്ലാത്ത പണ്ഡിത ശ്രേഷ്ഠരായിരുന്നു. ആദ്യമായി തിരുവനന്തപുരം വലിയ ഖാസിയായതും ചേലക്കുളം അബുല്‍ ബുഷ്റ മൗലവിയാണ്.

സുന്നീ സംഘടനകള്‍ക്ക് തെക്കന്‍ കേരളത്തില്‍ വേണ്ടത്ര സ്വാധീനം ലഭിക്കാത്ത കാലത്ത് രൂപവത്കരിച്ച ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാല് പതിറ്റാണ്ട് കാലത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു. വടുതല മൂസ മൗലവിയുടെ ശേഷം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഫ്തിയും പ്രസിഡന്റുമായി സേവനം തുടര്‍ന്നു. വിജ്ഞാനത്തിന്റെ സര്‍വ മേഖലകളിലും തികഞ്ഞ അവഗാഹം സ്വായത്തമാക്കിയ അദ്ദേഹം കേരളത്തിലെ എണ്ണപ്പെട്ട മതപണ്ഡിതന്മാരില്‍ ഒരാളാണ്.

മരക്കാര്‍ കുഞ്ഞി ഹാജി- ഫാത്വിമ ദമ്പതികളുടെ മകനായി 1936 ജനുവരി അഞ്ചിന് എറണാകുളം പെരുമ്പാവൂരിനടത്ത ചേലക്കുളത്താണ് ജനനം. ചേലക്കുളത്തെ പ്രാഥമിക പഠന കാലത്ത് തന്നെ പ്രമുഖ പണ്ഡിതനും സയ്യിദും തിരുവിതാംകൂറിലെ പല മഹല്ലുകളിലും ഖാസിയുമായിരുന്ന പാടൂര്‍ തങ്ങളുടെ ആശീര്‍വാദം ലഭിച്ചു.
പുതിയാപ്പിള അബ്ദുര്‍റഹിമാന്‍ മുസ്ലിയാരുടെ ദര്‍സില്‍ നിന്ന് അറിവ് നുകരാന്‍ അവസരം ലഭിച്ച അബുല്‍ ബുശ്‌റ വിളയൂര്‍ അലവിക്കുട്ടി മുസ്ലിയാര്‍, വാളക്കുളം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, ഇമ്പിച്ചി മുസ്ലിയാര്‍ തുടങ്ങിയ നിരവധി പ്രഗത്ഭരായ ഉലമാക്കളുടെ ദര്‍സിലും പഠിച്ചു.

ശേഷം ഉപരി പഠനത്തിനായി വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്തിലെത്തി ബാഖവി ബിരുദവും നേടി.
കാരിക്കോട്, തേവലക്കര, മുതിരപ്പറമ്പ്, താഴത്തങ്ങാടി, ഈരാറ്റുപേട്ട, കുറ്റിക്കാട്ടൂര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഫലാഹിയ, മഞ്ചേരി നജ്മുല്‍ ഹുദ, ജാമിഅ മന്നാനിയ്യ തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ചേലക്കുളം അസാസുദ്ദഅവ വാഫി കോളജ് സ്ഥാപിച്ചത് അബുല്‍ ബുശ്‌റ മൗലവിയാണ്. തെക്കന്‍ കേരളത്തിലെ വലിയ പണ്ഡിത മഹത്തുക്കള്‍ ചേലക്കുളത്തിന്റെ ശിഷ്യന്മാരിലുണ്ട്.

മടവൂര്‍ സി എം വലിയുല്ലാഹി, കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, വടുതല മൂസ മൗലവി, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എന്‍ കെ മുഹമ്മദ് മുസ്ലിയാര്‍, യു കെ ആറ്റക്കോയ തങ്ങള്‍, ചാലിയം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ചേലക്കുളത്തിന്റെ സഹപാഠികളാണ്.

Latest