From the print
ചെമ്പരിക്ക ഖാസിയുടെ മരണത്തിന് നാളെ 14 വർഷം; നീങ്ങാതെ ദുരൂഹത; ചോദ്യങ്ങൾ ബാക്കി
മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇ കെ വിഭാഗം ഒരു ഘട്ടത്തിൽ രംഗത്ത് വന്നിരുന്നെങ്കിലും തുടർച്ചയുണ്ടായില്ല.
കോഴിക്കോട്| ചെമ്പരിക്ക ഖാസിയും സമസ്ത ഇ കെ വിഭാഗം സീനിയർ വൈസ് പ്രസിഡന്റുമായിരുന്ന സി എം അബ്ദുല്ല മുസ്്ലിയാരുടെ ദുരൂഹ മരണത്തിന് നാളേക്ക് 14 വർഷം. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും സി ബി ഐയും അന്വേഷിച്ചെങ്കിലും ഒന്നര പതിറ്റാണ്ടാകുമ്പോഴും യൊതൊരു തുമ്പും ഉണ്ടാക്കാനായിട്ടില്ല.
ആദ്യഘട്ടത്തിൽ കാര്യക്ഷമമായി അന്വേഷണം നടത്തിയ സി ബി ഐ പിന്നീട് പല സമ്മർദങ്ങൾക്കും അടിപ്പെട്ടുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പല ഭാഗങ്ങളിൽ നിന്നും ശ്രമങ്ങളുണ്ടായെങ്കിലും മരണം കൊലപാതകമാണെന്ന് കുടുംബം പറയുന്നു.
മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇ കെ വിഭാഗം ഒരു ഘട്ടത്തിൽ രംഗത്ത് വന്നിരുന്നെങ്കിലും തുടർച്ചയുണ്ടായില്ല. ഒമ്പത് വർഷത്തിന് ശേഷമാണ് അന്വേഷണമാവശ്യപ്പെട്ട് ഇ കെ സമസ്തയുടെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളത്ത് ആദ്യമായി പരിപാടി സംഘടിപ്പിക്കുന്നത്. ആ യോഗത്തിൽ തന്നെ സംബന്ധിക്കാനെത്തിയ നേതാവിനെതിരെ പ്രതിഷേധവുമുണ്ടായി. മരണത്തിലെ ദുരൂഹത നീക്കാനാവശ്യമായ അന്വേഷണം ആവശ്യപ്പെട്ടുള്ള സമ്മർദം ഇ കെ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഖാസിയുടെ ചെറുമകൻ സലീം ദേളി പറയുന്നു. മരണത്തിന്റെ മൂന്നാഴ്ചക്ക് ശേഷമാണ് സംഘടനാ നേതാക്കൾ കുടുംബവുമായി ബന്ധപ്പെടുന്നത്. ഇത്രയും ദിവസം നിങ്ങളാരും ഇക്കാര്യം അറിഞ്ഞിരുന്നില്ലേയെന്ന് മുശാവറയിലേക്ക് വിളിപ്പിച്ചതിനെ തുടർന്ന് മകൻ ചോദിച്ചിരുന്നു. അബ്ദുല്ല മുസ്‌ലിയാർ കെട്ടിപ്പടുത്ത മലബാർ ഇസ്‌ലാമിക് സെന്ററുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്‌നങ്ങളിൽ ഉൾപ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.
എന്നാൽ ഇക്കാര്യം വെളിച്ചത്ത് കൊണ്ടുവരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആരോപണ വിധേയർ ഇപ്പോഴും സ്വൈരവിഹാരം നടത്തുന്നതായും ആക്ഷേപമുണ്ട്. ആത്മഹത്യ ചെയ്യുമെന്ന് കുടുംബമോ സംഘടനാ ബന്ധുക്കളോ വിശ്വസിക്കാത്ത ഈ പണ്ഡിതന്റെ മരണത്തിന് പിന്നിൽ ആരാണ് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുകയാണ്. തങ്ങളുടെ പണ്ഡിത സഭയുടെ വൈസ് പ്രസിഡന്റിന്റെ വിഷയത്തിൽ വലിയ ഉത്തരവാദിത്വമുള്ള ഇ കെ വിഭാഗം കാര്യമായ പ്രക്ഷോഭത്തിന് പോകാത്തതിന് പിന്നിലെന്തായിരിക്കും എന്ന ചോദ്യവും ബന്ധുക്കൾ മുന്നോട്ട് വെക്കുന്നു.
മരണത്തിൽ ജില്ലാ മുശാവറ അനുശോചനം പോലും നടത്തിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ സി ബി ഐ സമർപ്പിച്ച മൂന്നാമത്തെ അന്വേഷണ റിപോർട്ട് കോടതി വിധി പറയാനിരിക്കുകയാണ്.
ശാസ്ത്രീയ അന്വേഷണം വേണമെന്നും സൈക്കോളജിക്കൽ ഓട്ടോസ്പി പ്രകാരം അന്വേഷിക്കണമെന്നും നിർദേശിച്ചുകൊണ്ട് ആദ്യത്തെയും രണ്ടാമത്തെയും റിപോർട്ടുകൾ എറണാകുളം സി ജെ എം കോടതി തള്ളിയിരുന്നു. തുടർന്ന് ജിപ്മറിലെ മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ റിപോർട്ടാണ് ഇപ്പോൾ വിധി പറയാനിരിക്കുന്നത്. 2010 ഫെബ്രുവരി 15നാണ് ചെമ്പരിക്ക ഖാസിയെ മരിച്ച നിലയിൽ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയത്.